Sorry, you need to enable JavaScript to visit this website.

ചൈനീസ് പ്രതിരോധമന്ത്രി വീട്ടുതടങ്കലില്‍

ബീജിങ്- മൂന്നാഴ്ചയിലേറെയായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ചൈനീസ് പ്രതിരോധ മന്ത്രി ലി ഷങ്ഫു വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്. അന്വേഷണം നേരിടുകയാണ് ഷങ്ഫുവെന്നും മന്ത്രിയുടെ ചുമതലയില്‍ നിന്നും നീക്കം ചെയ്തതായും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലി ഷങ്ഫുവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ചൈനീസ് ഭരണകൂടം പ്രതികരിച്ചിട്ടില്ല. ഓഗസ്റ്റ് 29നാണു ഷങ്ഫുവിനെ അവസാനമായി ബീജിങ്ങിലെ പൊതുപരിപാടിയില്‍ കണ്ടത്.  ആഫ്രിക്കന്‍ രാജ്യങ്ങളുമായി സുരക്ഷ സംബന്ധിച്ച യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയതായിരുന്നു അദ്ദേഹം. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. 

അടുത്തിടെ വിയറ്റ്‌നാം, സിംഗപ്പുര്‍ പ്രതിരോധ മന്ത്രിമാരുമായി നടന്ന ചര്‍ച്ചയിലും ഷങ്ഫു ഉണ്ടായിരുന്നില്ല. 
നേരത്തേ, വിദേശകാര്യ മന്ത്രി ചിന്‍ ഗാങ്ങിനെയും റോക്കറ്റ് സേനാ കമാന്‍ഡറെയും സമാനമായ സാഹചര്യങ്ങളില്‍ കാണാതായിരുന്നു. ഒരുകാലത്ത് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ വിശ്വസ്തനായിരുന്ന ചിന്‍ ഗാങ്ങിനെ വിദേശകാര്യ മന്ത്രിസ്ഥാനത്തു നിന്ന് നീക്കിയെന്ന വാര്‍ത്തയാണ് പിന്നീട് കേട്ടത്. കഴിഞ്ഞ മാര്‍ച്ചിലാണു ലി പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടത്. അതിനു മുന്‍പ് സൈനിക സംഭരണ യൂണിറ്റിന്റെ തലവനായിരുന്നു. 

2017 മുതല്‍ നടത്തിയ ക്രയവിക്രയങ്ങളിലെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജൂലൈയില്‍ സൈനിക സംഭരണ യൂണിറ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ലേല പ്രക്രിയ ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണിതെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. ഇതിനുശേഷമാണു ലി ഷങ്ഫു അപ്രത്യക്ഷനായത്.

Latest News