Sorry, you need to enable JavaScript to visit this website.

എന്താണ് വാട്‌സാപ്പ് ചാനല്‍, ഗ്രൂപ്പ്, കമ്യൂണിറ്റി എന്നിവയില്‍നിന്ന് എന്താണ് വ്യത്യാസം?

യു.എ.ഇയിലും ഇന്ത്യയിലും ഉള്‍പ്പെടെ ആഗോളതലത്തില്‍ വാട്‌സാപ്പ് ചാനലുകള്‍ മെറ്റാ കമ്പനി ബുധനാഴ്ച ആരംഭിച്ചു. ഉപയോക്താക്കളെ അവരുടെ പ്രിയപ്പെട്ട ആളുകളില്‍നിന്നും ഓര്‍ഗനൈസേഷനുകളില്‍ നിന്നും അപ്‌ഡേറ്റുകള്‍ സ്വീകരിക്കാന്‍ അനുവദിക്കുന്ന ഒരു വണ്‍വേ ബ്രോഡ്കാസ്റ്റ് ഉപകരണമാണിത്. വാട്‌സാപ്പ് ചാനലുകള്‍ ഒരു അധിക ഫീച്ചറായി അവതരിപ്പിക്കുകയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും വാട്‌സാപ്പ് കമ്മ്യൂണിറ്റിയില്‍നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

എന്താണ് വാട്‌സാപ്പ് ചാനലുകള്‍?

'ആളുകള്‍ക്ക് പ്രാധാന്യമുള്ള അപ്‌ഡേറ്റുകള്‍ വാട്‌സാപ്പിനുള്ളില്‍ തന്നെ സ്വീകരിക്കാനുള്ള സ്വകാര്യ മാര്‍ഗം' എന്നാണ് വാട്‌സാപ്പ് ചാനലുകളെ മെറ്റാ വിശേഷിപ്പിക്കുന്നത്. വാചകം, ചിത്രങ്ങള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍, വോട്ടെടുപ്പുകള്‍ എന്നിവ അയക്കാന്‍ വണ്‍വേ ബ്രോഡ്കാസ്റ്റ് സേവനം അഡ്മിന്‍മാരെ അനുവദിക്കുന്നു.

ആപ്പിലെ 'അപ്‌ഡേറ്റുകള്‍' എന്ന പുതിയ ടാബിന് കീഴില്‍ ചാനലുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് അവര്‍ പിന്തുടരുന്ന സ്റ്റാറ്റസും ചാനലുകളും പുതിയ ടാബില്‍ കാണാന്‍ കഴിയും. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, കമ്മ്യൂണിറ്റികള്‍ എന്നിവരുമായുള്ള ഉപയോക്താക്കളുടെ ചാറ്റുകളില്‍നിന്ന് പുതിയ ഫീച്ചര്‍ വേറിട്ട് തുടരും.

ഗ്രൂപ്പുകളില്‍ നിന്നും കമ്മ്യൂണിറ്റികളില്‍ നിന്നും ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍, നിങ്ങളുടെ ഫോണ്‍ബുക്കില്‍നിന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സഹപ്രവര്‍ത്തകരെയോ മറ്റാരെങ്കിലുമോ ഉള്‍പ്പെടുന്ന കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കാനാകും. ഒരു ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും ചിത്രങ്ങളോ വീഡിയോകളോ വാചകങ്ങളോ വോട്ടെടുപ്പുകളോ അയയ്ക്കാന്‍ കഴിയും. എന്നാലും, ചാനലുകള്‍ ഒരു വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണ്, അതിനര്‍ഥം അഡ്മിന് മാത്രമേ അപ്‌ഡേറ്റുകള്‍ അയയ്ക്കാന്‍ കഴിയൂ, പിന്തുടരുന്നവര്‍ക്ക് മാത്രമേ അവയോട് പ്രതികരിക്കാനും കൈമാറാനും കഴിയൂ.

അതേസമയം, വാട്‌സാപ്പ് കമ്മ്യൂണിറ്റികള്‍ അംഗങ്ങളെ 'വിഷയാധിഷ്ഠിത ഗ്രൂപ്പുകളില്‍' ഒരുമിച്ച് കൊണ്ടുവരുന്നു. ഒരാള്‍ക്ക് ഒരു കമ്മ്യൂണിറ്റി ഉണ്ടാക്കാനും പുതിയ വിഷയാധിഷ്ഠിത ഗ്രൂപ്പുകള്‍ ചേര്‍ക്കാനും അല്ലെങ്കില്‍ നിലവിലുള്ള ഗ്രൂപ്പുകള്‍ കമ്മ്യൂണിറ്റിയിലേക്ക് ചേര്‍ക്കാനും കഴിയും. കമ്മ്യൂണിറ്റികളുടെ അഡ്മിന്‍മാര്‍ക്ക് അംഗങ്ങള്‍ക്ക് അറിയിപ്പുകള്‍ അയയ്ക്കാനും 'അവര്‍ക്ക് പ്രാധാന്യമുള്ള ഗ്രൂപ്പുകളില്‍ പര്യവേക്ഷണം ചെയ്തും ചാറ്റുചെയ്തും ബന്ധം നിലനിര്‍ത്താനും' കഴിയും. ഒരു അറിയിപ്പ് അയക്കാന്‍ കമ്മ്യൂണിറ്റി അഡ്മിന് മാത്രമേ അനുമതിയുള്ളൂ.
നിലവില്‍, പുതിയതോ നിലവിലുള്ളതോ ആയ ഒരു കമ്മ്യൂണിറ്റിയില്‍ ഒരാള്‍ക്ക് 2,000 അംഗങ്ങളെ വരെ ചേര്‍ക്കാം.

വാട്‌സാപ്പ് ചാനലുകള്‍ സെലിബ്രിറ്റികള്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍, മറ്റ് വ്യക്തികള്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ പോലെയാണ്, അത് അവരെ പിന്തുടരാനും അവര്‍ പങ്കിടുന്നതോ പ്രഖ്യാപിക്കുന്നതോ ആയ എല്ലാം കാണാനും നിങ്ങളെ അനുവദിക്കുന്നു.

വാട്‌സാപ്പ്  ചാനല്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് വാട്‌സാപ്പ് ചാനലുകള്‍ക്ക് ചില പ്രധാന സവിശേഷതകള്‍ ഉണ്ട്. ഏറ്റവും പുതിയ ഫീച്ചറിന്റെ 'ഡയറക്ടറി'യില്‍ നിങ്ങള്‍ക്ക് പിന്തുടരാനാകുന്ന ലഭ്യമായ എല്ലാ ചാനലുകളും അടങ്ങിയിരിക്കും. നിങ്ങളുടെ രാജ്യത്തെ അടിസ്ഥാനമാക്കി ഈ ചാനലുകള്‍ സ്വയമേവ ഫില്‍ട്ടര്‍ ചെയ്യപ്പെടുന്നു. അഭിനേതാക്കള്‍, ഇന്റര്‍നെറ്റ് വ്യക്തിത്വങ്ങള്‍, സ്വാധീനം ചെലുത്തുന്നവര്‍, സംഘടനകള്‍ എന്നിവരുള്‍പ്പെടെ വാട്‌സാപ്പ് അക്കൗണ്ടുള്ള ആര്‍ക്കും പ്ലാറ്റ്‌ഫോമില്‍ ഒരു ചാനല്‍ ഉണ്ടാക്കാം.

ഇമോജി ഉപയോഗിച്ച് അപ്‌ഡേറ്റുകളോട് പ്രതികരിക്കാനും ഒരു ചിത്രമോ വീഡിയോയോ ടെക്‌സ്റ്റ് സന്ദേശമോ ലഭിച്ച പ്രതികരണങ്ങളുടെ എണ്ണം കാണാനും ഉപയോക്താക്കളെ അനുവദിച്ചിരിക്കുന്നു. എന്നിരുന്നാലും, നിങ്ങള്‍ എങ്ങനെ പ്രതികരിച്ചു എന്നത് സ്വകാര്യമായിരിക്കും.

ഒരാള്‍ക്ക് ചാനലിലെ ഒരു അപ്‌ഡേറ്റ് വാട്‌സാപ്പ് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ കൈമാറാനും കഴിയും. അത്തരം ഫോര്‍വേഡുകളില്‍ ഉപയോക്താക്കളെ ചാനലിലേക്ക് റീഡയറക്ടുചെയ്യുന്ന ഒരു ലിങ്ക് ഉള്‍പ്പെടും. അപ്‌ഡേറ്റുകള്‍ 30 ദിവസം വരെ വാട്‌സാപ്പ് സെര്‍വറുകളില്‍ സംഭരിക്കും.

ഏത് സമയത്തും ഒരു ചാനല്‍ പിന്തുടരാനോ അണ്‍ഫോളോ ചെയ്യാനോ നിശബ്ദമാക്കാനോ വാട്‌സാപ്പ് നിങ്ങളെ അനുവദിക്കുന്നു.

 

Latest News