യുവാവിനെ രക്ഷിക്കാൻ വീട് പൊളിച്ചു;  എല്ലാം കഴിഞ്ഞപ്പോൾ യുവാവിന്റെ മടങ്ങി വരവ്

ശ്രീനിയെ കണ്ടത്തൊൻ ഞായറാഴ്ച പുലർച്ചെ എക്‌സ്‌കവേറ്ററുപയോഗിച്ച് വീട് പൊളിച്ച് നീക്കിയപ്പോൾ.
തകർന്ന വീടിന് മുന്നിൽ ശ്രീനിയെന്ന ശ്രീനിവാസൻ.

നെടുമ്പാശേരി: തകർന്ന് വീടിനുള്ളിൽ യുവാവുണ്ടെന്ന് കരുതി കെട്ടിടം പൊളിച്ചു നീക്കിയിട്ടും യുവാവിനെ കാണാതെ രക്ഷാപ്രവർത്തകർ നിരാശരായിരിക്കെ ബന്ധു വീട്ടിൽ നിന്നും യുവാവിന്റെ വരവ്. എറണാകുളം ജില്ലയിൽ നെടുമ്പശേരിക്കടുത്ത് വട്ടപ്പറമ്പ് ചെട്ടിക്കുളം കോളനിക്ക് സമീപം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ചെട്ടിക്കുളം ചൂരക്കാട്ടിൽ 'ശ്രീനി (31)  താമസിക്കുന്ന കാലപ്പഴക്കം ചെന്ന വീടാണ് കനത്തമഴയത്തെുടർന്ന് ഭാഗികമായി നിലം പൊത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും വീടിൻറെ ചില ഭാഗങ്ങൾ അടർന്ന് വീണിരുന്നു. ഇന്നലെ പുലർച്ചെ വീടിൻറെ കിടപ്പുമുറി ഉൾപ്പെടുന്ന ഭാഗം തകർന്നതോടെ ശ്രീനി അകത്തു പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ കരുതി. എന്നാൽ  വീടിൻറെ അപകടാവസ്ഥ മനസിലായതോടെ ശ്രീനി നേരത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. ശ്രീനി പോയതിന് ശേഷമാണ് വീട് തകർന്നത്.  വീട് തകർന്നതിൻറെ ശബ്ദം കേട്ട് നാട്ടുകാർ  തടിച്ച് കൂടിയെങ്കിലും കിടപ്പ് മുറിയിൽ രക്ഷാപ്രവർത്തനം അസാധ്യമാകും വിധം അപകടാവസ്ഥയിലായിരുന്നു. നാട്ടുകാർ ഒച്ചവെച്ച് വിളിച്ചിട്ടും ശ്രീനി വിളി കേട്ടില്ല. ശ്രീനിയുടെ മുണ്ട് കട്ടിലിൽ കണ്ടെത്തിയതോടെ ശ്രീനി അപകടത്തിൽപ്പെട്ടുവെന്ന് നാട്ടുകാർ ഉറപ്പിച്ചു.

നാട്ടുകാരുടെ പ്രാഥമിക രക്ഷാപ്രവർത്തനം ഫലം കണ്ടില്ല. തുടർന്ന് അങ്കമാലി അഗ്‌നിരക്ഷാ സേനയും, ചെങ്ങമനാട് പൊലീസും സ്ഥലത്തത്തെി. എന്നാൽ കിടപ്പ് മുറിയിലേക്ക് കടക്കാനാകാതെ ഉദ്യോഗസ്ഥരും വിഷമിച്ചു. അതോടെയാണ്  മുൻഭാഗം പൊളിച്ച് മാറ്റാൻ എക്‌സ്‌കവേറ്റർ എത്തിച്ചത്.  മൂന്ന് മണിക്കൂറോളം സമയമെടുത്ത് കെട്ടിടം പൂർണമായി പൊളിച്ച് നീക്കിയിട്ടും ശ്രീനിയെ കണ്ടത്തൊനായില്ല. ഫോൺ സ്വിച്ച് ഓഫായിരുന്നു. അതോടെ  സൈബർ സെൽ വഴി മൊബൈൽ ഫോൺ ലൊക്കേറ്റ് ചെയ്തു. അപ്പോഴാണ് കറുകുറ്റിയിലുള്ളതായി അറിയാനായത്,  സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തിയതും. തികഞ്ഞ ആകാംക്ഷയോടെയും, ആശ്ചര്യത്തോടെയായിരുന്നു  ശ്രീനിയെ നാട്ടുകാർ വരവേറ്റത്. എന്നാൽ നാട്ടുകാർക്കുണ്ടായ ബുദ്ധിമുട്ടിലും കിടപ്പാടം ഇല്ലാതായതിന്റെ  നിരാശയും, നൊമ്പരവുമായിരുന്നു ശ്രീനിയുടെ മുഖത്ത്.

 

Latest News