കാസര്‍കോട്-കളനാട് അരമങ്ങാനത്ത് പിഞ്ചുകുഞ്ഞിനേയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ യുവതി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തി. മകനെ നന്നായി നോക്കണമെന്ന് യുവതിയുടെ മാതാവിന് എഴുതിയ കുറിപ്പില്‍ പറയുന്നു. രണ്ട് ദിവസം മുമ്പ് കുടുംബാംഗങ്ങളുമൊത്ത് താജ്മഹല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വിനോദയാത്ര നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മേല്‍പറമ്പ് അരമങ്ങാനത്തെ അബ്ദുറഹ്മാന്റെ മകളും കീഴൂരിലെ താജുദ്ദീന്റെ ഭാര്യയുമായ റുബീന (30), മകള്‍ ഹനാന മറിയം (അഞ്ച്) എന്നിവരെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ഒരു മകനുണ്ട്. ഈ മകനെ നന്നായി നോക്കണമെന്നാണ് കത്ത്.
റുബീന നേരത്തെ നഴ്‌സറി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. പഠനത്തിലും മിടുക്കിയായിരുന്ന റുബീന എം.എ ഇംഗ്ലീഷ് പൂര്‍ത്തിയാക്കിയിരുന്നു. അടുത്തിടെയാണ് ജോലിയില്‍ നിന്ന് ഒഴിഞ്ഞത്.
സാമ്പത്തിക പ്രതിസന്ധിയാണ് റുബീനയെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് സൂചന നല്‍കുന്നു. അടുത്തിടെ യുവതി വീട് നിര്‍മ്മിക്കുന്നതിനായി അഞ്ച് സെന്റ് സ്ഥലം വാങ്ങിയിരുന്നു. യുവതിയുടെ പിതാവ് വീട് നിര്‍മാണത്തിനായി ഒരു ലക്ഷം രൂപ നല്‍കി. പിതാവ് ഇത് തിരിച്ച് ചോദിച്ചിട്ടില്ലെന്നും യുവതിയുടെ സാമ്പത്തിക ബാധ്യതകളെ കുറിച്ച് അറിയില്ലെന്നുമാണ് അടുത്ത ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം മേല്‍പറമ്പ് പോലീസ് ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെ യുവതിയെയും കുഞ്ഞിനേയും കാണാതായിരുന്നു. വീട്ടില്‍ നിന്ന് കത്ത് കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് മേല്‍പറമ്പ് പോലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിനിടെയാണ് നിരവധി വീട്ടുകാര്‍ വെള്ളമെടുത്തിരുന്ന ഇവരുടെ സമീപത്തുള്ള കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത് . ഏഴ് വര്‍ഷം മുമ്പാണ് റുബീനയുടെയും താജുദ്ദീന്റെയും വിവാഹം കഴിഞ്ഞത്. . ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു.