സംസ്ഥാനത്തെ ഫാസിസ്റ്റ് വിരുദ്ധരെന്നു സ്വയം വിശേഷിപ്പിക്കുന്ന പല എഴുത്തുകാരും നായകരും ഗ്രോ വാസുവിന്റെ അറസ്റ്റിൽ മൗനമായി ഇരുന്നതും നാം കണ്ടു. ഏതായാലും അവസാനം വാസുവേട്ടന് അർഹിക്കുന്ന നീതി ലഭിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ശക്തമായ പോരാട്ടം തുടരുമെന്നു തന്നെയാണ് തടവറയിൽ നിന്ന് വിടുതൽ നേടിയ വയോധികനായ ഈ വിപ്ലവകാരിയുടെ കണ്ണുകളിലെ തിളക്കം കേരളീയ പൊതുസമൂഹത്തോട് വിളിച്ചു പറയുന്നത്.
നിയമത്തേക്കാൾ പ്രധാനം നീതിയാണെന്നു പറയാറുണ്ടല്ലോ. നൂറു ശതമാനം ശരിയാണത്. നീതിക്കായുള്ള പോരാട്ടമാണ് വന്ദ്യവയോധികനായ ഗ്രോ വാസു നടത്തിയത്. അതിൽ അദ്ദേഹം വിജയം കണ്ടു. നിയമപരമായി ജാമ്യമെടുക്കാമല്ലോ എന്നു തന്നെ സ്‌നേഹിക്കുന്നവർ പോലും പറയുമ്പോൾ അദ്ദേഹം പറഞ്ഞത് അനീതിക്കെതിരായാണ് തന്റെ പോരാട്ടം. അതിനാൽ ജാമ്യം തനിക്കാവശ്യമില്ല എന്നായിരുന്നു. വേണ്ടത് നീതിയാണ്. അതിനായി നിലകൊണ്ട തനിക്കെതിരായ കേസ് നിരുപാധികം പിൻവലിക്കലാണ്. ഒപ്പം കുറ്റവാളികൾക്കെതിരെ കേസെടുക്കലുമാണ്.
നിലമ്പൂരിൽ, നടക്കാത്ത ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പോലീസും സർക്കാരും പറയുന്ന മാവോയിസ്റ്റ് പ്രവർത്തകരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്കു സമീപം പ്രതിഷേധിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചുവെന്നാണ് ഗ്രോ വാസുവിനെതിരായ കേസ്. കേസിന്റെ വിചാരണ നീണ്ടു. കേസിലെ നാലാം സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിചാരണ മാറ്റിയത്. കേസ് നീട്ടിക്കൊണ്ടുപോകുകയാണോ ലക്ഷ്യമെന്ന് ഗ്രോ വാസു ചോദിച്ചു. അതിനിടെ, കേസിലെ ഏഴാം പ്രോസിക്യൂഷൻ സാക്ഷി ലാലു കൂറുമാറി. ഗ്രോ വാസു പ്രതിഷേധിക്കുന്നത് കണ്ടില്ലെന്ന് പറഞ്ഞ ലാലു, മൊഴി പോലീസ് വായിച്ചുകേൾപ്പിച്ചില്ലെന്നും കോടതിയെ അറിയിച്ചു. പോലീസ് ബലം പ്രയോഗിച്ചാണ് വാസുവിനെ വാഹനത്തിൽ കയറ്റി ജയിലിലേക്ക് കൊണ്ടുപോയത്. ജാമ്യമെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഒരു മാസത്തിലേറെയായി അദ്ദേഹം ജയിലിലായിരുന്നു.
ഗ്രോ വാസു കേരളത്തിന് അപരിചിതനല്ല. സമൂഹത്തോട് അദ്ദേഹത്തിനുള്ള പ്രതിബദ്ധതയും എത്രയോ വട്ടം തെളിയിക്കപ്പെട്ടതാണ്. ഏറെക്കാലം നക്‌സലൈറ്റ് പ്രവർത്തകനായിരുന്നു. പിന്നീട് ഗ്രോ എന്ന തൊഴിലാളി യൂനിയൻ നേതാവായി. ബിർളയുടെ ഉടമസ്ഥതയിലുള്ള മാവൂരിലെ ഗ്വാളിയർ റയോൺസ് അന്യായമായി പൂട്ടിയപ്പോൾ നാൽപതോളം ദിവസം നിരാഹാരസമരം നടത്തിയ വാസുവിനെയും മറക്കാറായിട്ടില്ല. പിന്നീട് ഇതേ കമ്പനി അതിഭീകരമായ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് കാരണമാകുന്നു എന്നു ബോധ്യപ്പെട്ടപ്പോൾ അതു പൂട്ടാനാവശ്യപ്പെട്ടു നടന്ന ജനകീയ പോരാട്ടങ്ങളോട് എല്ലാ യൂനിയനുകളും നിഷേധാത്മക നിലപാടടെുത്തപ്പോൾ അക്കാര്യവും പരിശോധിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളോടു മാത്രമല്ല, സമൂഹത്തോടും തങങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്ന് ഗ്രോ തെളിയിച്ചു. തുടർന്നും കേരളീയ സമൂഹത്തിൽ മനുഷ്യാവകാശത്തിന്റെ കൊടിയുയർത്തി അദ്ദേഹം ജീവിക്കുന്നു, പ്രവർത്തിക്കുന്നു.
2016 ൽ നിലമ്പൂർ കരുളായി വനമേഖലയിൽ വെച്ച് മാവോയിസ്റ്റുകളായ കുപ്പു ദേവരാജ് എന്ന വൃദ്ധനെയും അജിത എന്ന സ്ത്രീയെയും തണ്ടർബോൾട്ട് എന്ന പോലീസ് സേന കൊലപ്പെടുത്തുകയായിരുന്നു. അതിനെതിരെ സി.പി. ഐ പോലും രംഗത്ത് വന്നിരുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ കേന്ദ്രത്തിൽ നിന്നു വൻതുക അടിച്ചെടുക്കാനുള്ള നീക്കമാണിതെന്നു കാനം രാജേന്ദ്രൻ ആരോപിച്ചു. എത്രയും വേഗം ശവമെടുത്ത് കൊണ്ടുപോകാൻ ആക്രോശിച്ച് കൂപ്പു ദേവരാജന്റെ സഹോദരന്റെ കുപ്പായത്തിൽ പിടിച്ചു ഭീഷണിപ്പെടുത്തിയ അന്നത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രേമദാസന്റെ നടപടിയും കേരളം കണ്ടു. പിന്നീട് അട്ടപ്പാടിയിലും വയനാട്ടിലും മറ്റും സമാന സംഭവങ്ങൾ ആവർത്തിച്ചു. ഒരിടത്തും മാവോയിസ്റ്റുകൾ പോലീസിനെ ആക്രമിച്ചിട്ടില്ല. ഏറ്റുമുട്ടൽ നടന്നിട്ടുമില്ല. അര നൂറ്റാണ്ടു മുമ്പ് വർഗീസിനെ സമാന രീതിയിൽ വെടിവെച്ചു കൊന്നതിനു ശേഷം കേരളത്തിൽ ഇത്തരത്തിലുള്ള സംഭവം ആവർത്തിച്ചത് പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഏറ്റെടുത്തതിനു ശേഷം മാത്രമാണ്. ആ സംഭവത്തിൽ പതിറ്റാണ്ടുകൾക്കു ശേഷം
ഐ.ജി ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത് മറക്കാറായിട്ടില്ലല്ലോ. പോലീസിന്റെ മനോവീര്യത്തിന്റെ പേരു പറഞ്ഞാണ് പിണറായി വിജയൻ ഈ നടപടികളെ ന്യായീകരിച്ചത്. ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊലകളെയും ഭരണകൂട ഭീകരതയെയും വിമർശിക്കുന്നവരാണ് കേരളം ഭരിക്കുന്നത് എന്നതും ഓർക്കേണ്ടതാണ്.
നിലമ്പൂരിൽ നടന്ന വെടിവെപ്പ് വ്യാജ ഏറ്റുമുട്ടലാണെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വാസുവേട്ടനടക്കമുള്ളവർ സമാധാനപരമായ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആ പ്രകടനത്തിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. അതിന്റെ പേരിലാണ് ഏഴ് വർഷത്തിനു ശേഷം അറസ്റ്റ്. ജാമ്യമെടുക്കാൻ തയാറാകാത്ത വാസുവിന്റെ ആവശ്യം സമാധാനപരമായി പ്രതിഷേധിച്ച തനിക്കെതിരെയല്ല, യാതൊരു പ്രകോപനവുമില്ലാതെ ആളുകളെ വെടിവെച്ചു കൊല്ലുന്നവർക്കെതിരെയാണ് കേസെടുക്കേണ്ടത് എന്നാണ്. അതാണ് വാസുവേട്ടൻ. ശബരിമലയുടെ പേരിൽ വ്യാപമായി അക്രമങ്ങൾ നടത്തിയവർക്കെതിരായ കേസുകൾ പോലും പിൻവലിച്ചത് നാം കണ്ടു.
വാസുവേട്ടനെ നിരുപാധികം വിട്ടയക്കാനാവശ്യപ്പെട്ട് കോഴിക്കോട്ട് നടന്ന പ്രതിഷേധ യോഗത്തിൽ പ്രശസ്ത എഴുത്തുകാരനും വാഗ്മിയും കവിയുമായ കൽപറ്റ നാരായണൻ സർക്കാരിനെയും സർക്കാരിനു നേതൃത്വം നൽകുന്ന പാർട്ടിയെയും വിമർശിച്ച് പറഞ്ഞ ചില വാചകങ്ങൾ ഉദ്ധരിക്കട്ടെ. 'കേന്ദ്ര ഭരണകൂടത്തിന്റെ ഫാസിസത്തെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നു പറഞ്ഞവരാണ് ഈ അനീതി ചെയ്യുന്നത്. പി. കൃഷ്ണപിള്ള അവസാന കാലത്ത് പറഞ്ഞതാണ് ഓർമ വരുന്നത്. വിമർശനമുണ്ട്, എന്നാൽ സ്വയം വിമർശനമില്ല. ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇതു നടക്കുമായിരുന്നില്ല. ആത്മവിമർശനത്തിന്റെ അഭാവം ഫാസിസത്തിന്റെ ലക്ഷണം തന്നെയാണ്.
സംസ്ഥാനത്തെ ഫാസിസ്റ്റ് വിരുദ്ധരെന്നു സ്വയം വിശേഷിപ്പിക്കുന്ന പല എഴുത്തുകാരും നായകരും ഗ്രോ വാസുവിന്റെ അറസ്റ്റിൽ മൗനമായി ഇരുന്നതും നാം കണ്ടു. ഏതായാലും അവസാനം വാസുവേട്ടന് അർഹിക്കുന്ന നീതി ലഭിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ശക്തമായ പോരാട്ടം തുടരുമെന്നു തന്നെയാണ് തടവറയിൽ നിന്ന് വിടുതൽ നേടിയ വയോധികനായ ഈ വിപ്ലവകാരിയുടെ കണ്ണുകളിലെ തിളക്കം കേരളീയ പൊതുസമൂഹത്തോട് വിളിച്ചു പറയുന്നത്.






