Sorry, you need to enable JavaScript to visit this website.

യെമനിൽ മൈൻ സ്‌ഫോടനങ്ങളിൽ ഇതേവരെ മരിച്ചത് 4,281 കുട്ടികൾ

ജിദ്ദ - യെമനിൽ മൈൻ സ്‌ഫോടനങ്ങളിൽ 4,281 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതായി കണക്ക്. മൈനുകൾ പാകാൻ ഹൂത്തി മിലീഷ്യകൾ കുട്ടികളെ നിയോഗിക്കുകയാണ്. യെമന്റെ ചരിത്രത്തിൽ മുമ്പ് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത നിലക്കുള്ള ദുരന്തത്തിനാണ് കുട്ടികൾ ഇരകളാകുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. മൈൻ സ്‌ഫോടനത്തിൽ നിരവധി കുട്ടികൾക്ക് അംഗഭംഗം നേരിട്ടിട്ടുണ്ട്. 
മൈനുകൾ പാകാൻ ഹൂത്തികൾ നിയോഗിക്കുന്ന കുട്ടികൾ അപകടങ്ങളിൽ പെടുകയാണ്. മൈൻ പാകുന്നതിൽ നാമമാത്രമായ പരിശീലനം നൽകി കുട്ടികളെ വൻ മൈൻ ശേഖരവുമായി തങ്ങൾ ലക്ഷ്യമിടുന്ന പ്രദേശങ്ങളിലേക്ക് ഹൂത്തികൾ അയക്കുകയാണ്. മൈനുകൾ കൈകാര്യം ചെയ്യുന്നതിലെ അജ്ഞതയും പരിചയക്കുറവും കാരണം സ്‌ഫോടനങ്ങളിൽ കുട്ടികൾ മരണപ്പെടുകയോ അവർക്ക് അംഗഭംഗം നേരിടുകയോ ആണ്. 
ഹൂത്തികൾ നേരത്തെ മൈനുകൾ പാകിയ സ്ഥലങ്ങളിൽ നിരവധി കുട്ടികൾ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടു. ഇത്തരം അപകടങ്ങളിൽ ധാരാളം കുട്ടികൾക്ക് അംഗവൈകല്യങ്ങൾ സംഭവിക്കുകയും ചെയ്തു. മറ്റു കുട്ടികൾ മൈനുകൾ പാകുന്നതിനിടെ പിഴവുകൾ മൂലവും മറ്റും സ്‌ഫോടനങ്ങളുണ്ടായി കൊല്ലപ്പെട്ടു. മൈനുകളുടെ ഗുണനിലവാരമില്ലായ്മയും കുട്ടികൾ കൊല്ലപ്പെടാൻ ഇടയാക്കുന്നുണ്ട്. മൈനുകൾ ശരിയാംവിധം കൈകാര്യം ചെയ്യുന്നതിൽ അധിക കുട്ടികളും അജ്ഞരാണ്.
മൈൻ സ്‌ഫോടനങ്ങളിൽ 4,281 കുട്ടികൾ കൊല്ലപ്പെട്ടതിന്റെ കണക്കുകൾ ഇതുവരെ ശേഖരിക്കാൻ സാധിച്ചിട്ടുണ്ട്. ആശുപത്രികളിൽ നിന്നും ഖബർസ്ഥാനുകളിൽ നിന്നും കുട്ടികളുടെ ബന്ധുക്കളിൽ നിന്നുമുള്ള വിവരങ്ങൾ അവലംബിച്ചാണ് ഈ കണക്കുകൾ ശേഖരിച്ചത്. മൈൻ സ്‌ഫോടനങ്ങളിൽ നിരവധി കുട്ടികൾക്ക് അംഗഭംഗം നേരിട്ടിട്ടുണ്ട്. ഇത്തരക്കാരുടെ കണക്കുകൾ കൃത്യമായി ശേഖരിക്കാൻ സാധിച്ചിട്ടില്ല. മൈൻ സ്‌ഫോടനങ്ങളിൽ കുട്ടികൾ കൊല്ലപ്പെട്ടതിലും അംഗഭംഗം നേരിട്ടതിലും ഹൂത്തികൾക്കെതിരെ നിരവധി കുടുംബങ്ങൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇവ ഇതുവരെ പരിഗണിക്കുകയോ ഗൗരവത്തിലെടുക്കുകയോ ചെയ്തിട്ടില്ല. പരാതികൾ ആവർത്തിച്ചാൽ ജയിലിലടക്കുമെന്നും മറ്റു ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞ് ബന്ധുക്കളെ ഹൂത്തികൾ ഭീഷണിപ്പെടുത്തുകയാണ്. 
മൈൻ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ കണക്കുകൾ ഹൂത്തികൾ പുറത്തുവിടുന്നില്ല. ഇതേ കുറിച്ച ചോദ്യങ്ങളും സംസാരങ്ങളും ഹൂത്തികൾ വിലക്കുകയാണ്. മൈൻ സ്‌ഫോടനങ്ങളിൽ അംഗഭംഗം നേരിട്ട കുട്ടികളെ കുറിച്ച വിവരങ്ങൾ പ്രചരിപ്പിക്കുന്നതും ഹൂത്തികൾ വിലക്കുന്നു. തങ്ങളുടെ കൺമുന്നിൽ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശ സംഘടനകളും കണ്ണടക്കുകയാണ്. ഹൂത്തികളുമായുള്ള അന്താരാഷ്ട്ര, മനുഷ്യാവകാശ സംഘടനകളുടെ സഹകരണം മാനവികതക്കെതിരായ കുറ്റകൃത്യങ്ങൾ വർധിപ്പിക്കാനും അവ മാധ്യമങ്ങളിൽ നിന്നും ജുഡീഷ്യറിയിൽ നിന്നും മൂടിവെക്കാനും ഹൂത്തികൾക്ക് പ്രചോദനമാവുകയാണ്. നിരപരാധികളായ കുട്ടികളുടെ ജീവൻ പൊലിയുന്നത് തടയാൻ അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു. 

Latest News