ജിദ്ദ- ഇന്ത്യയിൽനിന്ന് ജിദ്ദയിലേക്കുള്ള ആദ്യ ഹജ് വിമാനം ഇന്നലെ രാവിലെ 8.40 ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി. ചെന്നൈയിൽനിന്ന് 420 ഹാജിമാരുമായാണ് വിമാനം എത്തിയത്. ഇതുവരെ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾ മദീനയിലാണിറങ്ങിയത്. അംബാസഡർ ജാവേദ് അഹമ്മദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് എന്നിവരുടെ നേതൃത്വത്തിൽ ഹാജിമാരെ പൂച്ചെണ്ടുകൾ നൽകി വരവേറ്റു. ഹജിന്റെ ചുമതലയുള്ള കോൺസലും ഡപ്യൂട്ടി സി.ജിയുമായ മുഹമ്മദ് ഷാഹിദ് ആലം, കോൺസൽ ആനന്ദ് കുമാർ, കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ബോബി മാനാട് തുടങ്ങിയവർ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഹാജിമാരെ മക്കയിലേക്ക് കൊണ്ടുപോയി. ഹജിന് ശേഷമേ ഇവർ മദീന സന്ദർശിക്കുകയുള്ളു.
മദീനയിലെത്തിയ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.






