Sorry, you need to enable JavaScript to visit this website.

നിപ: ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് മന്ത്രി വീണ ജോര്‍ജ്

കോഴിക്കോട്- നിപ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റേതടക്കം നിപ പോസിറ്റീവ് ആയവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കലക്ടറേറ്റ് കോണ്‍ഗ്രസ് ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട് കോര്‍പ്പറേഷനില്‍ ഉള്‍പ്പെട്ട ചെറുവണ്ണൂര്‍ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റൊരു രോഗിക്കൊപ്പം കൂട്ടിരിപ്പുകാരനായി എത്തിയ ആളാണ് ഇദ്ദേഹം. ആഗസ്റ്റ് 30 ന് മരിച്ച വ്യക്തിയുമായി ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മരിച്ചവരുടേയും നിപ പോസിറ്റീവ് ആയവരുടെയും സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായുള്ള
ശ്രമങ്ങള്‍ ഊര്‍ജിതമായി നടത്തുന്നുണ്ട്. ഇവരുടെ ഫോണ്‍ ലോക്കേഷന്‍ കൂടി പരിശോധിച്ച് വിട്ടുപോയ സ്ഥലങ്ങളുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അതേസമയം ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെട്ടവരെ ലക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും നിപ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു. 24 മണിക്കൂറും സാമ്പിളുകള്‍ പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി മൊബൈല്‍ ലാബില്‍ ഒരേ സമയം 192 സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനമുണ്ട്. എന്‍.ഐ.വി പൂനയില്‍നിന്നുള്ള ബി.എസ്.എല്‍ 3 സൗകര്യമുള്ള മൊബൈല്‍ ലാബ് ഉള്ളതിനാല്‍ നിപ സ്ഥിരീകരണം ജില്ലയില്‍ സാധ്യമാണ്. നിപ പരിശോധനയില്‍ നെഗറ്റീവ് ആയാലും 21 ദിവസം നിരീക്ഷണത്തില്‍ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ജില്ലയില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നു വരികയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എ. കെ ശശീന്ദ്രന്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം.എല്‍.എമാരായ ഇ.കെ വിജയന്‍, കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി ഗവാസ്, ജില്ലാ കലക്ടര്‍ എ.ഗീത, എ. ഡി. എം സി മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest News