മസാജ് പാര്‍ലറിലെ തെറാപ്പിസ്റ്റ് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പ്രതിയും സഹായികളും പിടിയില്‍

കൊച്ചി- കലൂര്‍ കതൃക്കടവിലുള്ള ആയുര്‍ സ്പര്‍ശം സ്പായില്‍  തെറാപ്പിസ്റ്റ് ആയി ജോലി നോക്കുന്ന  യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെയും സഹായം നല്‍കിയ രണ്ട് യുവതികളേയും എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. മലപ്പുറം മഞ്ചേരി കടമ്പാട് കൊളിക്കല്‍ ഹൗസില്‍ മുഹമ്മദ് ഷക്കീര്‍ (52), വയനാട് വെള്ളമുണ്ടയിലെ നീതു ജെയിംസ് (27), തൃശൂര്‍ കുന്നുകാട് പ്ലംകലമുക്ക് ഹൗസില്‍ ഗീതു (25) എന്നിവരാണ് അറസ്റ്റിലായത്.  

ആയുര്‍ സ്പര്‍ശം സ്പായില്‍ ബോഡി മസാജ് ചെയ്യുവാന്‍ എത്തിയ പ്രതി തെറാപ്പിസ്റ്റായ യുവതിയെ നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും സ്വകാര്യ ഭാഗത്ത് പിടിക്കുകയും യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ എടുക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. 

മുഹമ്മദ് ഷക്കീറിനെ രക്ഷപ്പെടാന്‍ സഹായിക്കുകയും തെറാപ്പിസ്റ്റ് യുവതിയെ അസഭ്യം പറയുകയും ചെയ്തതിനാണ് നീതുവും ഗീതുവും അറസ്റ്റിലായത്. 

എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍മാരായ രതീഷ് ടി. എസ്, ദര്‍ശക്, ആഷിക്ക്, എ. എസ്. ഐ മേരി ഷൈനി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, വിനീത് പി, അജിലേഷ്, റിനു, വിപിന്‍, ഇന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Latest News