കാസർകോട്- മുൻ മന്ത്രിയും മുസ്ലിം ലീഗിന്റെ തലമുതിർന്ന നേതാവുമായ ചെർക്കളം അബ്ദുല്ലയുടെ മരണം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ജില്ലാ പോലീസ് ചീഫിന് പരാതി നൽകി.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുർ റഹ്മാനാണ് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന് പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെർക്കളം അബ്ദുല്ലയുടെ അന്ത്യം വെള്ളിയാഴ്ച രാവിലെ 8.20 മണിയോടെ സ്വവസതിയിൽ വെച്ചായിരുന്നു സംഭവിച്ചത്. എന്നാൽ മൂന്നു ദിവസം മുമ്പ് തന്നെ മംഗളൂരു ആശുപത്രിയിൽ വെച്ച് ചെർക്കളം മരണപ്പെട്ടുവെന്നും മുസ്ലിം ലീഗിന്റെ നേതാക്കൾ ഡൽഹിയിൽ നിന്നും എത്തിച്ചേരാൻ വേണ്ടി മരണവിവരം രഹസ്യമാക്കിയെന്നും മറ്റുമുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ നടത്തിയത്. നേരത്തെ മുൻ കേന്ദ്രമന്ത്രി ഇ അഹ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം കൂട്ടിയിണക്കിയാണ് മരണവിവരം മറച്ചുവെച്ചുവെന്ന രീതിയിൽ വ്യാജപ്രചാരണം നടത്തിയത്.
മംഗളൂരുവിലെ ആശുപത്രിയിൽ എല്ലാവിധ ചികിത്സയും ചെർക്കളം അബ്ദുല്ലയ്ക്ക് നൽകിയിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്. പിറ്റേ ദിവസമാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിനെയും, മുസ്ലിം ലീഗ് പാർട്ടിയേയും ജനമധ്യത്തിൽ താറടിച്ച് കാണിക്കുന്നതിനും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനുമായി ബോധപൂർവ്വമാണ് ഇത്തരം പ്രചാരണം നടത്തിയതെന്നാണ് ലീഗ് നേതൃത്വം ആരോപിക്കുന്നത്.






