ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്യുകയും കന്നിപ്രസംഗം നടത്തുകയും ചെയ്തതോടെ അവഹേളിച്ചവർക്കുള്ള ഒരു മറുപടി കൂടിയായി അത്. ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി നിന്നാൽ അധികാര ധാർഷ്ട്യമുള്ള ഏത് പ്രതിലോമകാരികളെയും പരാജയത്തിന്റെ പടുകുഴിയിലേക്ക് എറിയാമെന്നാണ് പുതുപ്പള്ളിയിലെ വൻഭൂരിപക്ഷത്തോടെയുള്ള വിജയം കാണിക്കുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള റിഹേഴ്‌സലാണിത്. യു.ഡി.എഫ് ജാഗ്രത പുലർത്തിയാൽ എല്ലാ മണ്ഡലങ്ങളിലും പുതുപ്പള്ളി ആവർത്തിക്കാൻ കഴിയും.
അമ്പത്തിമൂന്ന് വർഷം ഒരേ മണ്ഡലത്തിൽ നിന്നും എം. എൽ.എയായി മുഖ്യമന്ത്രിയായും മന്ത്രിയായും പ്രതിപക്ഷ നേതാവായും മന്ത്രിയായും മികവുറ്റ പ്രവർത്തന പാരമ്പര്യം കാത്തു സൂക്ഷിച്ച ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗം അദ്ദേഹത്തെ സ്‌നേഹിച്ചവർക്ക് വലിയൊരു തീരാനഷ്ടം തന്നെയായിരുന്നു എല്ലാ അർഥത്തിലും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥി എന്ന നിലക്ക് ഉമ്മൻ ചാണ്ടിയുടെ മകനും ചെറുപ്പം മുതൽ യൂത്ത് കോൺഗ്രസിനും കോൺഗ്രസിനും വേണ്ടി അഹോരാത്രം പ്രവർത്തിച്ച, ജനങ്ങൾക്ക് വേണ്ടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്ന ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടർന്ന മകൻ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി കോൺഗ്രസ് അഖിലേന്ത്യ നേതൃത്വം തീരുമാനിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർക്കും ഉമ്മൻ ചാണ്ടിയെ സ്‌നേഹിച്ച എല്ലാവർക്കും അത് വളരെയധികം സന്തോഷകരമായ തീരുമാനമായി. കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ഇങ്ങനെ ഒരു സ്ഥാനാർഥിയെ ഇത്രയും പെട്ടെന്ന് തീരുമാനിക്കുന്നത് എന്നതും എടുത്തു പറയേണ്ടതാണ്.
സ്ഥാനാർഥി നിർണയം കഴിഞ്ഞ ഉടൻ ഇടതുപക്ഷത്ത് നിന്നും ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വാക്കുകൾ പുറപ്പെടാൻ തുടങ്ങി. ജീവിച്ചിരുന്ന കാലത്ത് ഉമ്മൻ ചാണ്ടിയെ അവഹേളിക്കാനും ദ്രോഹിക്കാനും ശ്രമിച്ചവരൊക്കെ അദ്ദേഹത്തിന്റെ വിയോഗ വേളയിൽ അദ്ദേഹം ചെയ്ത നന്മകൾ വിളിച്ചു പറഞ്ഞെങ്കിലും ആ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകനെ മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ വീണ്ടും അവഹേളിക്കാൻ തുടങ്ങി.
ആ അവഹേളനത്തിൽ നിഴലിട്ടു നിന്നത് മണ്ഡലത്തിന്റെ വികസന കാര്യമാണ്.
അതിന്റെ ഭാഗമായി മറ്റൊരു മണ്ഡലത്തിലെ ഒറ്റത്തടി മരപ്പാലം കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വരെ നോക്കി. ചില കോൺഗ്രസ് നേതാക്കളും ചില ചാനലുകാരും അതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്നപ്പോൾ ആ വിഷയം വിലപ്പോവില്ല എന്ന് മനസ്സിലായി.
ഈ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ പേരിൽ നടക്കുന്ന മാസപ്പടി വിവാദം ചർച്ചയായപ്പോൾ അതിന് തടയിടാൻ അവർ ലക്ഷ്യം വെച്ചത് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെയായിരുന്നു. തെളിവുകൾ ഓരോന്നും പുറത്തു വിട്ടപ്പോഴും മൗനം പാലിച്ച മുഖ്യമന്ത്രിയെയും മകളെയും നമ്മൾ കണ്ടു, ന്യായീകരിക്കാൻ പലരും ശ്രമിച്ചെങ്കിലും അവരുടെ ഘടക കക്ഷികൾ പോലും സംശയിക്കുന്ന രൂപത്തിലായി. ഇതിനെ മറികടക്കാൻ കണ്ട വഴിയാണ് അച്ചു ഉമ്മൻ. അവർ കുടുംബവുമായി വിദേശത്ത് ജോലി ചെയ്യുന്നു. അവരുടെ പ്രൊഫഷണൽ ജീവിതത്തിന്റെ ഭാഗമായി പല പരസ്യങ്ങളിലും അവർ ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയയിലും അവർ തന്നെ പരസ്യപ്പെടുത്തിയത് എടുത്ത് പോസ്റ്റ് ചെയ്ത് ഉമ്മൻ ചാണ്ടിയുടെ സമ്പാദ്യം കൊണ്ട് മകൾ വിദേശത്ത് ആർഭാട ജീവിതം നയിക്കുകയാണെന്ന് എൽ.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെ പരസ്യപ്പെടുത്തിയപ്പോൾ പിറ്റേ ദിവസം തന്നെ ചാനലിന്റെ മുന്നിൽ വന്ന് അച്ചു ഉമ്മൻ അതേക്കുറിച്ച് ജനങ്ങൾക്ക് മനസ്സിലാകുന്ന വിധം വിശദീകരിച്ചു. വിശദീകരിച്ചതിനൊപ്പം തനിക്ക് എവിടെയും ഉമ്മൻ ചാണ്ടിയുടെ പേര് വെക്കേണ്ടിവന്നിട്ടില്ല എന്നും ഉമ്മൻ ചാണ്ടിയുടെ മകൾ എന്നതിനപ്പുറം അപ്പയിൽ നിന്നും എന്തെങ്കിലും സ്വാധീനത്തിലൂടെ നേടിയെടുത്തുവെന്ന് തെളിയിക്കാൻ കഴിയുന്നവർ ഉണ്ടെങ്കിൽ തെളിയിക്കാം എന്നുവരെ വ്യക്തമാക്കി.
കുടുംബനാഥനായ ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പരമാവധി അവഹേളിക്കാൻ പറ്റുന്നതൊക്കെ ചെയ്തതിന് ശേഷം വീണ്ടും ഇവർ ഇലക്ഷൻ വന്നപ്പോൾ നടത്തിയ ഇത്തരം നെറികേടുകൾക്ക് ജനങ്ങൾ ചുട്ട മറുപടി നൽകി. അഞ്ചാം തീയതി നടന്ന ഇലക്ഷൻ ദിവസമാണ് ശരിക്കും ഉമ്മൻ ചാണ്ടിയുടെ യാത്രയയപ്പ് എന്നും എട്ടാം തീയതി അതിന്റെ ഇടിമുഴക്കം കേൾക്കാമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് സത്യമായി. അച്ചു ഉമ്മനെതിരെ അവരുടെ പാർട്ടിയിൽ നിന്നുണ്ടായ അധിക്ഷേപത്തിനെതിരെ ഒരക്ഷരം ഉരിയാടാൻ മുഖ്യമന്ത്രി പിണറായി വിജയനോ പാർട്ടി സെക്രട്ടറി ഗോവിന്ദനോ തയാറായില്ല. അധിക്ഷേപം പാർട്ടി അറിവോടെ എന്നല്ലേ വിലയിരുത്തേണ്ടത് എന്ന സ്വാഭാവിക സംശയവുമുയർന്നു.
ഇവിടെ ചർച്ച ചെയ്യേണ്ടത് വികസനം തന്നെയല്ലേ. പുതുപ്പള്ളി മണ്ഡലത്തിൽ വികസനമില്ല എന്ന് പറയുമ്പോഴും എട്ട് പഞ്ചായത്തുകളിൽ ആറു പഞ്ചായത്തും എൽ.ഡി.എഫ് ആണ് ഭരിക്കുന്നത്. എന്നിട്ടും സ്ഥാനാർഥിയെ തീരുമാനിച്ച ഉടനെ പുതുപ്പള്ളിയിൽ നല്ല റോഡുകളും പാലങ്ങളും ആശുപത്രിയും സ്‌കൂളുകളും കോളേജുകളും തിയേറ്ററുകളും ഇല്ലെന്നു മാത്രമല്ല, എവിടെയും കുടിവെള്ളവുമില്ലെന്നു വരെയുള്ള പരിദേവനങ്ങളായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ പുതുപ്പള്ളിയിൽ ഒന്നുമില്ല എന്നാണ് എൽ.ഡി.എഫ് സമർഥിക്കാൻ നോക്കിയത്.
ഇനി പുതുപ്പള്ളി ഉൾപ്പെടുന്ന കേരളത്തിൽ വികസനമില്ല എന്ന് പറയാൻ വയ്യ. ഒത്തിരി വികസനങ്ങൾ ഉണ്ട്. ഉപ്പ് മുതൽ കർപ്പൂരം വരെ വിലവർധനയിലൂടെ ഒരു മാസത്തേക്ക് വാങ്ങുന്ന പലചരക്ക് സാധങ്ങൾക്ക് അയ്യായിരം ഉണ്ടായിരുന്നെങ്കിൽ അത് പതിനായിരമായി വികസിപ്പിച്ചെടുത്തു. കറണ്ട് ബില്ല് സാധാരണക്കാർക്ക് അഞ്ഞൂറിൽ ഒതുങ്ങിയിരുന്നത് അയ്യായിരമായി വികസിപ്പിച്ചിട്ടുണ്ട്. വെള്ളം കിട്ടിയിരുന്ന പബ്ലിക് ടാപ് അടച്ചിട്ട് വീട്ടിലേക്കെത്തിക്കുന്ന മീറ്റർ നോക്കി നൂറും ഇരുന്നൂറും അടച്ചിരുന്നത് ആയിരവും രണ്ടായിരവും ആക്കി വികസിപ്പിച്ചിട്ടുണ്ട്.
പോഷകാഹാരമാക്കി ജനങ്ങളിൽ എത്തിക്കാൻ മലബാർ ബ്രാണ്ടി എന്ന പേരിലടക്കമുള്ള മദ്യം ഷാപ്പുകളിൽ വിൽപനക്കുള്ള അനുവാദം കൊടുത്തു വികസിപ്പിച്ചു. കഞ്ചാവും കള്ളും നൽകി പുത്തൻ തലമുറക്ക് വഴി തെറ്റിപ്പോകാനുള്ള അവസരമൊരുക്കിക്കൊടുത്തു. ഇങ്ങനെ എണ്ണിയാൽ തീരാത്തത്ര വികസനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ഈ ഭരണ കാലത്ത് സാധിച്ചു. ഇത്തരം വികസനങ്ങൾ പുതുപ്പള്ളിക്കാർക്കും കേരള ജനതക്കും ആവശ്യമില്ലെന്ന് ജനങ്ങൾ ് വിധിയെഴുതി. ജനങ്ങളാണ് തീരുമാനിക്കുന്നത്, ആ ജനങ്ങൾക്കൊപ്പമായിരുന്നു ഉമ്മൻ ചാണ്ടി സാർ. ആ ജനങ്ങൾക്കൊപ്പം ഉമ്മൻ ചാണ്ടി സാറിന്റെ മകൻ ചാണ്ടി ഉമ്മനും ഒരു പിൻഗാമിയായി വേണമെന്ന് പുതുപ്പള്ളിയിലെ ജനങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചു. ഉമ്മൻ ചാണ്ടിയുടെ നിയമസഭയിലെ കാലിയായ സീറ്റിൽ ഇരിക്കാൻ ചാണ്ടി ഉമ്മൻ വന്ന് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്യുകയും കന്നിപ്രസംഗം നടത്തുകയും ചെയ്തതോടെ അവഹേളിച്ചവർക്കുള്ള ഒരു മറുപടി കൂടിയായി അത്. ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി നിന്നാൽ അധികാര ധാർഷ്ട്യമുള്ള ഏത് പ്രതിലോമകാരികളെയും പരാജയത്തിന്റെ പടുകുഴിയിലേക്ക് എറിയാമെന്നാണ് പുതുപ്പള്ളിയിലെ വൻഭൂരിപക്ഷത്തോടെയുള്ള വിജയം തെളിയിക്കുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള റിഹേഴ്‌സലാണിത്. യു.ഡി.എഫ് ജാഗ്രത പുലർത്തിയാൽ എല്ലാ മണ്ഡലങ്ങളിലും പുതുപ്പള്ളി ആവർത്തിക്കാൻ കഴിയും.






