ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂനിയന്റെ കണക്ക്
ലോക ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം ഇപ്പോഴും ഇന്റർനെറ്റിനു പുറത്താണെന്ന് കണക്ക്. ലോക ജനസംഖ്യയുടെ 67 ശതമാനം, അതായത് 540 കോടി ആളുകളാണ് ഓൺലൈനിലുള്ളത്.
ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ടെക്‌നോളജികൾക്കായുള്ള യു.എൻ ഏജൻസിയായ ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂനിയന്റെ കഴിഞ്ഞ വർഷത്തെ സെൻസസ് പ്രകാരം ഏകദേശം 100 ദശലക്ഷം ആളുകൾക്കാണ് ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നത്. 260 കോടി ആളുകൾക്ക് ഇപ്പോഴും ഇന്റർനെറ്റിൽ പ്രവേശനം ലഭ്യമായിട്ടില്ല.
ഇത്രയും പേർ ഇപ്പോഴും പുറത്താണെങ്കിലും പൊതുവെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചത് ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്ന് ഐ.ടി.യു സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്ദാൻമാർട്ടിൻ പറഞ്ഞു.
2030 ഓടെ സാർവത്രികവും അർഥവത്തായതുമായ കണക്റ്റിവിറ്റി കൈവരിക്കാൻ സുസ്ഥിരമായ ശ്രമങ്ങൾ ആവശ്യമാണെന്ന് ഐ.ടി.യു മേധാവി പറഞ്ഞു. അർഥവത്തായ കണക്റ്റിവിറ്റി എല്ലാവർക്കും എല്ലായിടത്തും ലഭിക്കണമെന്നും അവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വികസിത രാജ്യങ്ങൾ ഓൺലൈനിൽ ആയിക്കഴിഞ്ഞതിനാൽ കണക്റ്റിവിറ്റിയുടെ ഏറ്റവും വലിയ വളർച്ച മേഖലകൾ ഇപ്പോൾ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ്.
2020 ൽ കോവിഡ്19 മഹാമാരി രൂക്ഷമായ വേളയിൽ ദൃശ്യമായ കണക്റ്റിവിറ്റിയിലെ ഇരട്ട അക്ക വളർച്ച അധികകാലം നിലനിന്നില്ലെന്ന് ഏറ്റവും പുതിയ ആഗോള കണക്കുകൾ സ്ഥിരീകരിക്കുന്നു.
സാർവത്രികവും അർഥവത്തായതുമായ കണക്റ്റിവിറ്റിയുടെ ലക്ഷ്യം 2030 ഓടെ കൈവരിക്കുമെന്ന് ഉറപ്പു നൽകാൻ നിലവിലെ പ്രവണതകൾ ശക്തമല്ലെന്ന് ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ റിപ്പോർട്ടിൽ പറഞ്ഞു.