Sorry, you need to enable JavaScript to visit this website.

വലിയ സാങ്കേതിക മുന്നേറ്റമില്ല; വില കൂട്ടിയത് പ്രോ മാക്‌സിനു മാത്രം

മികച്ച ക്യാമറകളും വേഗമേറിയ പ്രോസസറുകളും പുതിയ ചാർജിംഗ് സംവിധാനവുമായി ആപ്പിൾ  അടുത്ത തലമുറ ഐഫോണുകൾ പുറത്തിറക്കി. കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ ആസ്ഥാനത്തായിരുന്നു ചടങ്ങ്.  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തുടർച്ചയായ മൂന്ന് പാദങ്ങളിൽ വിൽപന ഇടിഞ്ഞതിനെ തുടർന്ന് ആപ്പിൾ കമ്പനി നേരിയ മാന്ദ്യത്തിലാണ്. പുതിയ ഫോണുകളിലൂടെ മാന്ദ്യം  മാറ്റാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ജൂലൈ പകുതി മുതൽ ആപ്പിളിന്റെ ഓഹരി വില ഏകദേശം 10 ശതമാനം ഇടിഞ്ഞിരുന്നു. വേനൽക്കാലത്തിന്റെ തുടക്കത്തിൽ കമ്പനിയുടെ വിപണി മൂല്യം മൂന്ന് ട്രില്യൺ ഡോളറിന് താഴെയാകുകയും ചെയ്തു.
ആപ്പിൾ ചൊവ്വാഴ്ച പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കിയെങ്കിലും നിക്ഷേപകരിൽ അത്ര മതിപ്പുളവാക്കിയില്ല. കമ്പനിയുടെ ഓഹരികൾ ചൊവ്വാഴ്ച ഏകദേശം രണ്ട് ശതമാനം ഇടിഞ്ഞു.
പുതുതായി പുറത്തിറക്കിയ നാല് തരം ഐഫോൺ 15 മോഡലുകൾ സാങ്കേതിക വിദ്യയിൽ വലിയ കുതിച്ചുചാട്ടമൊന്നും നടത്തുന്നില്ല. എന്നാൽ ഏറ്റവും മികച്ച മോഡലിന് വില വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പതിപ്പിൽ നിന്ന് നൂറ് ഡോളർ വർധിപ്പിച്ച് ഐഫോൺ 15 പ്രോ മാക്‌സിന് 1200 ഡോളറാണ്  പ്രാരംഭ വില നിശ്ചയിച്ചിരിക്കുന്നത്. ഒമ്പത് ശതമാനമാണ് വിലവർധന. ഏറ്റവും വിലകുറഞ്ഞ  ഐഫോൺ 15 പ്രോ മാക്‌സിന് 256 മെഗാബൈറ്റാണ് സ്റ്റോറേജ്. ഐഫോൺ 14 പ്രോ മാക്‌സിന്റെ ഏറ്റവും കുറഞ്ഞ സ്റ്റോറേജ് 128 മെഗാബൈറ്റായിരുന്നു. ബാക്കി മോഡലുകളെട വില വർധിപ്പിച്ചിട്ടില്ല. ഐഫോൺ 15 ന്റെ വില 800 ഡോളറും 15 പ്ലസിന്റെ വില 900 ഡോളറും 15 പ്രോ വില ആയിരം ഡോളറുമാണ്. 
വിവിധ മോഡലുകളുടെ വില വർധിപ്പിക്കാതെ പിടിച്ചുനിർത്തിയത്  ആപ്പിളിന്റെ ലാഭവിഹിതം കുറക്കുമെന്നും കമ്പനിയുടെ ഓഹരി വിലയിൽ കൂടുതൽ സമ്മർദം ചെലുത്തുമെന്നും നിരീക്ഷകർ പറയുന്നു. എന്നാൽ ഉയർന്ന പണപ്പെരുപ്പവും കുതിച്ചുയരുന്ന പലിശനിരക്കും ഗാർഹിക ബജറ്റുകളെ താളംതെറ്റിക്കുന്ന പശ്ചാത്തലത്തിൽ ഇത് വിവേകപൂർവമായ നീക്കമാണെന്ന് അനലിസ്റ്റ് തോമസ് മോണ്ടെറോ പറയുന്നു.  വെല്ലുവിളികളെ ആപ്പിൾ തിരിച്ചറിഞ്ഞുവെന്നാണ് മനസ്സിലാക്കേണ്ടതെന്ന്  മോണ്ടെറോ പറഞ്ഞു.
ഉപഭോക്താക്കളെ കമ്പനിയുടെ പ്രീമിയം മോഡലുകളിലേക്ക് ആകർഷിക്കുന്നത് തുടരുകയാണെങ്കിൽ ഐഫോൺ 15 പ്രോ മാക്‌സിന്റെ വില വർധന ആപ്പിളിനെ സഹായിക്കും. പുതിയ എല്ലാ പുതിയ മോഡലുകളും സെപ്റ്റംബർ 22 ന് സ്റ്റോറുകളിൽ ലഭ്യമാകും. പ്രീ ഓർഡറുകൾ വെള്ളിയാഴ്ച സ്വീകരിച്ചു തുടങ്ങും. 
ഐഫോൺ 15 മോഡലുകളും ഭാവി ഫോണുകളും ചാർജ് ചെയ്യുന്നതിനുള്ള ഒരു പുതിയ സംവിധാനമാണ് ആപ്പിൾ പ്രഖ്യാപിച്ച ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. മാക് കംപ്യൂട്ടറുകളും ഐപാഡുകളും ഉൾപ്പെടെ നിരവധി ഉപകരണങ്ങളിൽ ഇതിനകം വ്യാപകമായി ഉപയോഗിക്കുന്ന യുഎസ്ബി-സി നിലവാരത്തിലേക്ക് കമ്പനി മാറുകയാണ്.
യൂറോപ്യൻ റെഗുലേറ്റർമാർ 2024 ൽ അടിച്ചേൽപിക്കാൻ ഉദ്ദേശിക്കുന്നതിനാൽ 2012 ൽ പുറത്തിറക്കിയ ലൈറ്റ്‌നിംഗ് പോർട്ട് കാബിളുകൾ ഘട്ടംഘട്ടമായി നിർത്താൻ ആപ്പിൾ നിർബന്ധിതരാവുകയാണ്.
ഉപഭോക്താക്കൾ പലപ്പോഴും മാറ്റം ഇഷ്ടപ്പെടുന്നില്ലെങ്കിലും യു.എസ്.ബി-സി  പോർട്ടുകളിലേക്കുള്ള മാറ്റം അത്ര അസൗകര്യമായിരിക്കില്ല. കാരണം, ആളുകൾ ഇപ്പോൾ തന്നെ കംപ്യൂട്ടറുകളിലും സ്മാർട്ട് ഫോണുകളിലും മറ്റു ഉപകരണങ്ങളിലും  ഇത് വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. യു.എസ്.ബി-സിയിലേക്കുള്ള മാറ്റം  ജനപ്രിയ നീക്കമായിരിക്കാം. ഉപകരണങ്ങൾ കൂടുതൽ വേഗത്തിൽ ചാർജ് ചെയ്യാമെന്നതിനു പുറമെ ഡാറ്റ കൈമാറ്റ വേഗവും വാഗ്ദാനം  ചെയ്യുന്നുണ്ട്.
ആപ് അറിയിപ്പുകൾക്കായി ആപ്പിൾ അതിന്റെ 'ഡൈനാമിക് ഐലൻഡ്' എന്നു വിളിക്കുന്ന ഡിസ്‌പ്ലേ സ്‌ക്രീനിൽ ഷേപ്പ്ഷിഫ്റ്റിംഗ് കട്ട്ഔട്ട് ഉൾപ്പെടുത്തുന്നതിനായി അടിസ്ഥാന  മോഡലുകൾ പുനർരൂപകൽപന ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം  പ്രോ, പ്രോ മാക്‌സ് മോഡലുകളിൽ ഉൾപ്പെടുത്തിയതിനു സമാനമാണിത്. 
അടിസ്ഥാന മോഡലുകളിൽ കഴിഞ്ഞ വർഷത്തെ പ്രോ, പ്രോ മാക്‌സ് മോഡലുകളിൽ ഉപയോഗിച്ച വേഗമേറിയ ചിപ്പാണ് ഉൾപ്പെടുത്തിയത്.  അതേസമയം പ്രീമിയം ഐഫോൺ 15  കൂടുതൽ നൂതനമായ പ്രോസസറിൽ പ്രവർത്തിക്കും.  സാധാരണയായി കൺസോൾ ആവശ്യമുള്ള വീഡിയോ ഗെയിമുകൾ ഉൾക്കൊള്ളാൻ ഇത് ഉപകരണങ്ങളെ പ്രാപ്തമാക്കും.
ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് എന്നിവ  ഏഴ് ക്യാമറ ലെൻസുകൾക്ക് തുല്യമായിരിക്കും. ദൂരെ നിന്ന് എടുക്കുന്ന ഫോട്ടോകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന പെരിസ്‌കോപ് രീതിയിലുള്ള ടെലിഫോട്ടോ ലെൻസ് ഇവയിൽ ഉൾപ്പെടും. ടെലിഫോട്ടോ ലെൻസിന് 5x  ഒപ്റ്റിക്കൽ സൂമുണ്ട്, സാംസംഗിന്റെ പ്രീമിയം ഗാലക്‌സി എസ് 22 അൾട്രായിലെ 10x  ഒപ്റ്റിക്കൽ സൂമിനേക്കാൾ മികച്ചതാണിത്. 14 പ്രോ, പ്രോ മാകസ്  എന്നിവയിലെ 3ഃ ഒപ്റ്റിക്കൽ സൂമിൽ നിന്നുള്ള മാറ്റമാണിത്. ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് അടുത്ത വർഷം പുറത്തിറങ്ങുമെന്ന പ്രതീക്ഷയിൽ ഐഫോൺ 15 പ്രോക്കും പ്രോ മാക്‌സിനും ആ ഹെഡ്‌സെറ്റിൽ കാണുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന പ്രത്യേക വീഡിയോ ഓപ്ഷനും ഉണ്ടായിരിക്കും.
ബഹിരാകാശ പേടകങ്ങളിൽ ഉപയോഗിക്കുന്ന അലോയ്  ആയ ടൈറ്റാനിയത്തിലാണ് ആപ്പിൾ പ്രീമിയം മോഡലുകൾ നിർമിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. പുതിയ ഐഫോണുകൾക്ക് പുറമെ, ആപ്പിൾ അതിന്റെ അടുത്ത തലമുറ സ്മാർട്ട് വാച്ചുകളും പുറത്തിറക്കി.  
സെപ്റ്റംബർ 22 ന് സ്റ്റോറുകളിൽ ലഭ്യമാകുന്ന സീരീസ് 9 ആപ്പിൾ വാച്ചിൽ ഒരു പുതിയ ജെസ്ചർ കൺട്രോൾ ഉൾപ്പെടുത്തിയിട്ടുണ്ട്.  അലാറങ്ങൾ നിയന്ത്രിക്കാനും ഫോൺ കോളുകൾക്ക് മറുപടി നൽകാനും വിരലുകൊണ്ട് രണ്ട് തവണ സ്‌നാപ് ചെയ്താൽ മതിയാകും.

Latest News