Sorry, you need to enable JavaScript to visit this website.

കോഴിക്കോട് ജില്ലയിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് ​/ തിരുവനന്തപുരം - കോഴിക്കോട് ജില്ലയിൽ പൊതുജനങ്ങൾ സർജിക്കൽ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനി, തലവേദന തൊണ്ടവേദന തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ ഉടനെ ആരോഗ്യപ്രവർത്തകരെ സമീപിക്കണം. 
 എല്ലാവരും മാസ്‌ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം. സ്‌കൂളിന് അവധി നൽകിയിട്ടുണ്ടെങ്കിലും തുറക്കുമ്പോൾ പനി, തലവേദന. ജലദോഷം, തൊണ്ടവേദന എന്നിവ ഉള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
 അതിനിടെ, നിപ ജാഗ്രത മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16.09.23) കോഴിക്കോട് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
 പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും (വ്യാഴം, വെള്ളി) നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ച എല്ലാ പൊതുപരിപാടികളും താല്ക്കാലികമായി മാറ്റിവയ്ക്കാനും ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.
 അതിനിടെ, നിപ പ്രതിരോധ പ്രവർത്തനങ്ങൾ വളരെ ഊർജിതമായി മുന്നോട്ടു പോകുകയാണ്. പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര സംഘം കോഴിക്കോട്ടെത്തിയിട്ടുണ്ട്. കേന്ദ്ര സംഘം ജില്ലാ കലക്ടറുമായി ചർച്ച നടത്തി. തുടർന്ന് ഗസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി നിർദേശങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 
 പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ മൊബൈൽ ലാബ് ഇന്ന് വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകുമെന്നാണ് വിവരം. നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരിൽ മരുതോങ്കര സ്വദേശിയായ ഒൻപത് വയസ്സുകാരന്റെ നില ഗുരുതമായി തുടരുകയാണ്. 11 പേരുടെ പരിശോധനാ ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കുമെന്നാണ് കരുതുന്നത്.

Latest News