Sorry, you need to enable JavaScript to visit this website.

നിപ്പ; കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട് -  നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) വ്യാഴം, വെള്ളി (14, &15 തീയ്യതികളിൽ) അവധിയായിരിക്കും.  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.

 അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവെക്കുവാനും ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടു. ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള മറ്റ് പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കണം. വിവാഹം, റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജനപങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോകോൾ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ച് മുൻകൂർ അനുമതി വാങ്ങുകയും വേണം. 
പൊതുജനങ്ങൾ ഒത്ത് ചേരുന്ന നാടകം, പോലുളള കലാ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ മാറ്റി വെക്കേണ്ടതാണ്. നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ  കർശന നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകി. പൊതുയോഗങ്ങൾ, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതു പരിപാടികൾ എന്നിവ മാറ്റിവെക്കണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.

Latest News