ഫലസ്തീന്‍ ചെറുത്തു നില്‍പ്പിന്റെ പ്രതീകമായ പെണ്‍കുട്ടിക്ക് ഇസ്രായില്‍ തടവില്‍ നിന്ന് മോചനം

വെസ്റ്റ്‌ബേങ്ക്- സായുധരായ ഇസ്രായില്‍ സൈനികരുടെ മുഖത്തടിച്ച് പ്രതിഷേധിച്ച് അധിനിവേശത്തിനെതിരായ ഫലസ്തീന്‍ ചെറുത്തു നില്‍പ്പിന്റെ പ്രതീകമായി മാറിയ 17കാരി അഹദ് തമീമിയെ എട്ടു മാസം നീണ്ട തടവിനു ശേഷം ഇസ്രായില്‍ മോചിപ്പിച്ചു.  വെസ്റ്റ്‌ബേങ്കിലെ നബി സാലെയിലെ വീടിനു സമീപം നടന്ന പ്രക്ഷോഭത്തിനിടെ സൈനികരെ അടിച്ചതിനാണ് ഇസ്രായില്‍ തമീമിയെയും ഉമ്മയേയും തടവു ശിക്ഷ നല്‍കിയത്. ശിക്ഷ പൂര്‍ത്തിയാക്കിയ ഇവരെ ഇസ്രായില്‍ സൈന്യം വെസ്റ്റ്‌ബേങ്കിലെ ചെക്ക്‌പോസ്റ്റിലെത്തിച്ചു. ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചതിനെതിരെ നടന്ന ഫലസ്തീനികളുടെ പ്രക്ഷോഭത്തിനിടെയാണ് തമീമി പ്രതിരോധത്തിന്റെ മുഖമായി ആഗോള മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. 

ഫലസ്തീനികള്‍ക്കു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ തമീമി വെറുംകയ്യോടെയാണ് തോക്കേന്തിയ സൈനികരെ ധീരമായി നേരിട്ടത്. തമീമി സൈന്യത്തെ നേരിടുന്ന വീഡിയോ പ്രചരിച്ചത് ഇവരെ ഒരു ഹിറോയാക്കി മാറ്റുകയായിരുന്നു. സംഭവം നടന്ന് നാലു ദിവസത്തിനു ശേഷം തമീമിയെയും ഉമ്മയേയും ബന്ധുവിനേയും അറസ്റ്റ് ചെയ്തു. തമീമിയെ ഇസ്രായില്‍ സൈനിക കോടതി എട്ടു മാസം തടവിനാണ് ശിക്ഷിച്ചിരുന്നത്. തമീമിയുടെ ചിത്രം ഇസ്രായിലിനേയും വെസ്‌ബേങ്കിനേയും വേര്‍ത്തിരിക്കുന്ന അതിര്‍ത്തി മതിലില്‍ പതിച്ചിരുന്നു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും തമീമിയുടെ പോരാട്ടത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.

Image may contain: 3 people, people smiling, close-up

Latest News