ജിദ്ദ- വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കുപറ്റി ചികിത്സയില്‍ കഴിഞ്ഞ തിരുവനന്തപുരം സ്വദേശിയെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ തുടര്‍ചികിത്സക്കായി നാട്ടിലെത്തിച്ചു. ഗുരുതര പരിക്കുകളോടെ ഇര്‍ഫാന്‍ ഹോസ്പിറ്റലില്‍ നാലു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം തലേക്കുന്നില്‍ സ്വദേശി പ്രശോഭന്‍ സദാനന്ദന്‍ പിള്ളയാണ് സൗദി ഇന്ത്യന്‍ എംബസിയുടെയും ജിദ്ദ കോണ്‍സുലേറ്റിന്റെയും സഹായത്തോടെ നാടണഞ്ഞത്.
സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ജിദ്ദയില്‍നിന്നു കൊച്ചി വിമാനത്താവളത്തില്‍ സ്‌ട്രെച്ചറില്‍ എത്തിച്ച രോഗിയെ പ്രത്യേക സംവിധാനമുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച് തുടര്‍ചികിത്സക്ക് പ്രവേശിപ്പിച്ചു.
ജിദ്ദയില്‍ മക്രോണ റോഡു മുറിച്ചുകടക്കവേ സൗദി പൗരന്‍ ഓടിച്ച വാഹനമിടിച്ചാണ് അപകടം.
ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍ അപകട വിവരം കൊണ്ടുവന്നതിനെ തുടര്‍ന്ന് രോഗിയുടെ ചികിത്സക്കും തുടര്‍ന്ന് നാട്ടിലെത്തിക്കുന്നതിനുമുള്ള ത്വരിത നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുകയായിരുന്നു. ജിദ്ദ കോണ്‍സുലേറ്റിന്റെ നിര്‍ദ്ദേശപ്രകാരം സാമൂഹിക പ്രവര്‍ത്തകന്‍ ഷമീര്‍ നദ്‌വി കുറ്റിച്ചലിന്റെ നേതൃത്വത്തില്‍ തുടക്കം മുതല്‍ അദ്ദേഹം നാട്ടില്‍ എത്തുന്നതു വരെയുള്ള എല്ലാ ക്രമീകരണങ്ങളും സമയോചിതമായി നിര്‍വ്വഹിച്ചു.
ഷിഫ ബവാദി ക്ലിനിക്ക് മലയാളി സ്റ്റാഫ് അംഗങ്ങളായ പ്രസീബും സുഹൃത്തുക്കളും ഇര്‍ഫാന്‍ ആശൂപത്രി സ്റ്റാഫ് റോബിന്‍, മറ്റു മലയാളി നഴ്‌സ്മാര്‍ എന്നിവരുടെ സേവനങ്ങള്‍ക്കും സഹായമായി നിലകൊണ്ട എംബസിയുടേയും കോണ്‍സുലേറ്റിന്റേയും അധികൃതര്‍ക്കും അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ക്കും പ്രശോഭന്‍ പിള്ളയുടെ കുടുംബം നന്ദി അറിയിച്ചു.






