കൂടുതൽ വിഭവശേഷി കണ്ടെത്തുന്നതിനും വികസിത രാജ്യങ്ങളുമായി കൈകോർത്തുള്ള കുതിപ്പിനും വെമ്പുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രസ്റ്റീജ് പദ്ധതി കൂടിയാണ്. ഇന്ത്യയുമായി കൂടുതൽ അടുക്കുന്നതിനുള്ള അമേരിക്കയുടെ അഭിനിവേശമാണ് ഈ വാണിജ്യ ലക്ഷ്യത്തിൽ പ്രതിഫലിക്കുന്ന മറ്റൊരു സൂചന. ഉക്രൈൻ നിർദേശം നിരാകരിച്ച് റഷ്യയുമായി കൂടുതൽ അടുക്കാനുള്ള ഇന്ത്യൻ വ്യഗ്രതയുടെ പിറകിലും ഈ രാഷ്ട്രീയ അജണ്ടയുടെ നിഴലാട്ടമുണ്ടെന്നു കാണുന്നതിൽ തെറ്റില്ല.
ഇന്ത്യൻ ഭാവനയിൽ പിറവിയെടുത്തതും ഒരു വേള, സമീപ ഭാവിയിൽ ഉദയം ചെയ്യാനിരിക്കുന്നതുമായ ചില സൂചകങ്ങൾക്കാണ് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത്. മിഡിൽ ഈസ്റ്റിനെയും യൂറോപ്പിനെയും ലക്ഷ്യമാക്കി ദൽഹിയിൽ പ്രഖ്യാപിക്കപ്പെട്ട വ്യവസായ ഇടനാഴി വൻശക്തികൾക്കിടയിലെ മാൽസര്യങ്ങൾക്ക് കൂടി നിദാനമായിത്തീർന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. കര-കടൽ ഗതാഗത മാർഗങ്ങളിലൂടെ വാണിജ്യ വിനിമയങ്ങളുടെ അവസരങ്ങൾ പുതുതായി തുറക്കപ്പെടുമെന്ന ജി20 ദൽഹി ഉച്ചകോടി പ്രഖ്യാപനം നമ്മുടെ അറബ് മേഖലക്കെതിരെയുള്ള ഇന്ത്യയുടെ സാമ്പത്തികാധിനിവേശത്തിന്റെ കൂടി ആദ്യ ലക്ഷണമായി തോന്നുന്നു. അറബ് മേഖലയിലെ രാജ്യങ്ങളുമായി റോഡ് - റെയിൽ സംവിധാനങ്ങളെ കൂടി ആശ്രയിക്കാനുള്ള തീരുമാനം, പുരാതന ഇന്തോ - അറബ് ചരിത്രത്തിൽ നിന്ന് ചീന്തിയെടുത്ത ഒരധ്യായത്തിന്റെ പുനർവായന കൂടിയാണെന്നു തോന്നുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രഥമ പാദത്തിൽ ബെർലിനെയും ഇസ്താംബൂളിനെയും പിന്നീട് ബഗ്ദാദിനെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ജർമനി ആരംഭിച്ച റെയിൽപാത ബസ്റയിലും ഗൾഫിലുമാണ് അവസാനിച്ചത്. ചരക്കു സാമഗ്രികളോടൊപ്പം പട്ടാളക്കാരെയും ഈ പാതയിലൂടെ ചൂളം വിളിച്ചെത്തിയ തീവണ്ടികളിൽ കുത്തിനിറയ്ക്കപ്പെട്ടിരുന്നു. തുർക്കിയുടെ സഖ്യരാഷ്ട്രങ്ങൾ ഡദമാസ്കസ് മുതൽ അമ്മാൻ, തബൂക്ക്, മദീന വരെയും പിന്നീട് തീവണ്ടിപ്പാത സ്ഥാപിച്ചു. എട്ടു വർഷം മാത്രം നീണ്ടുനിന്ന ഈ റെയിൽവേ റൂട്ട് ഇംഗ്ലീഷുകാരാൽ ഇല്ലാതാവുകയും ചെയ്തു.
2013 അന്ത്യത്തിൽ, അന്താരാഷ്ട്ര റോഡ് പദ്ധതി പ്രഖ്യാപിച്ചത് ചൈനീസ് പ്രസിഡന്റായിരുന്നു. അറബ് രാജ്യങ്ങളുൾപ്പെടെ 139 രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന കൂറ്റൻ റോഡ് - കടൽപാത പ്രോജക്ടായിരുന്നു അത്. ആദ്യത്തേത് കരമാർഗം ഏഷ്യയിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കും അതിനു ശേഷം യൂറോപ്പിലേക്കും. രണ്ടാമത്തേതാകട്ടെ, കടൽ മാർഗം ഇന്ത്യ മഹാസമുദ്രം വഴി ആഫ്രിക്കയിലേക്കും തെക്കെ അമേരിക്കയിലേക്കും. ഇന്ത്യ തീർത്തും ഉൽക്കണ്ഠയോടെയും അതൃപ്തിയോടെയുമാണ് ഈ പദ്ധതിയോട് പ്രതികരിച്ചത്. ഒറ്റയടിക്ക് വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് പകരം പ്രശ്നബാധിതമായ കശ്മീർ, പാക് അതിർത്തികളിലൂടെയുള്ള നിർദിഷ്ട റോഡ് പദ്ധതിയെ നയപരമായ എതിർപ്പിലൂടെ ഇല്ലാതാക്കുകയായിരുന്നു ഇന്ത്യ. സംഘർഷത്തിന്റെ വിത്ത് വിളയുന്ന രാജ്യാതിർത്തികളിലൂടെയുള്ള ചരക്കുനീക്കം നയതന്ത്ര വീഴ്ചകൾക്ക് നിദാനമായിത്തീരുമെന്നും പരസ്പര വിശ്വാസത്തിൽ വിള്ളൽ വീഴ്ത്തുമെന്നുമായിരുന്നു ഇന്ത്യൻ വികാരം. ചൈനയുടെ ഏറ്റവുമടുത്ത സഖ്യരാജ്യങ്ങൾ ചിലപ്പോൾ ഈ സാധ്യത ചൂഷണം ചെയ്യുമെന്നും ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള പ്രതികൂല പ്രതികരണമായി പ്രകടിപ്പിക്കപ്പെട്ടു.
പൊതുവിൽ അറബ് രാജ്യങ്ങൾ പരസ്പരമുള്ള, ആരോഗ്യകരമായ മൽസരത്തിലൂടെ അന്തർദേശീയ വാണിജ്യ ഭൂപടത്തിൽ കൂടുതൽ നേട്ടം കൈവരിച്ചേക്കുമെന്ന് പ്രവചിക്കപ്പെട്ട ഈ ചൈനീസ് പദ്ധതി തുടക്കത്തിലേ പാളി. മിക്ക രാജ്യങ്ങളും പക്ഷേ നിശ്ശബ്ദമായി ഇതിനെ സ്വാഗതം ചെയ്തു.
ചൈനീസ് റോഡ് ബെൽറ്റും ഇന്ത്യൻ ഇടനാഴിയും ഒരുപോലെ രാഷ്ട്രീയ അജണ്ട ഒളിപ്പിച്ച നിർമാണ പദ്ധതികളാണെന്നിരിക്കേ, അറബ് മേഖല രാജ്യങ്ങൾക്ക് അവയോട് എങ്ങനെ സഹകരിക്കാനാകുമെന്ന പ്രസക്തമായ സംശയം ബാക്കിനിൽക്കുന്നു.
തുടക്കത്തിൽ ഞാൻ സൂചിപ്പിച്ചത് പോലെ ദൽഹി ജി20 കരാറുകളും പ്രഖ്യാപനങ്ങളും ഈ വിഷയത്തിലുള്ള ഭാവി പദ്ധതിക്ക് പൂർണരൂപം നൽകിയേക്കും. ഭാവിയിലൊരു പക്ഷേ ലോകരാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങളിലും പരസ്പര രാഷ്ട്രീയ സഖ്യങ്ങളിലുമെല്ലാം ഈ പദ്ധതികളും പ്രഖ്യാപനങ്ങളും പരിവർത്തനങ്ങൾ വരുത്തിയേക്കാം. സാമ്പത്തിക താൽപര്യങ്ങളും ചരിത്രപരമായ പ്രാധാന്യവും ഊട്ടിയുറപ്പിക്കാൻ പര്യാപ്തവുമായേക്കാം അവയെല്ലാം. ജർമനി, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും വികസനങ്ങളിലും സുഗമമായ ഓപറേഷനുകളിലും അവ അനുകൂലമായ സ്വാധീനവും ചെലുത്തിയേക്കാം. ഇക്കാര്യത്തിലുള്ള ചൈനയുടെ താൽപര്യങ്ങളിലും ഇടപെടലുകളിലും നിശ്ചയമായും വാഷിംഗ്ടണും ദൽഹിയും കണിശമായ അവബോധം വെച്ചുപുലർത്തുന്നുമുണ്ട് എന്നതാണ് സത്യം.
കൂടുതൽ വിഭവശേഷി കണ്ടെത്തുന്നതിനും വികസിത രാജ്യങ്ങളുമായി കൈകോർത്തുള്ള കുതിപ്പിനും വെമ്പുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രസ്റ്റീജ് പദ്ധതി കൂടിയാണ്. ഇന്ത്യയുമായി കൂടുതൽ അടുക്കുന്നതിനുള്ള അമേരിക്കയുടെ അഭിനിവേശമാണ് ഈ വാണിജ്യ ലക്ഷ്യത്തിൽ പ്രതിഫലിക്കുന്ന മറ്റൊരു സൂചന. ഉക്രൈൻ നിർദേശം നിരാകരിച്ച് റഷ്യയുമായി കൂടുതൽ അടുക്കാനുള്ള ഇന്ത്യൻ വ്യഗ്രതയുടെ പിറകിലും ഈ രാഷ്ട്രീയ അജണ്ടയുടെ നിഴലാട്ടമുണ്ടെന്നു കാണുന്നതിൽ തെറ്റില്ല.
അറബ് മേഖലയിലെ രാജ്യങ്ങളുടെ മുമ്പിലൊരു ചോദ്യം: ഇന്ത്യയോ ചൈനയോ?
സാധ്യമെങ്കിൽ ഇരുരാജ്യങ്ങളുമായി ഒരുമിച്ചൊരു വാണിജ്യ - വ്യാവസായിക പങ്കാളിത്തം. രണ്ട് ദശലക്ഷം ബാരൽ എണ്ണ ചൈനക്കും ഒരു ദശലക്ഷം ബാരൽ എണ്ണ ഇന്ത്യക്കും സൗദി അറേബ്യ വിൽപന നടത്തുന്നു. സൗദിയുടെ ഏറ്റവും വലിയ രണ്ട് എണ്ണ ഉപഭോക്തൃ രാജ്യങ്ങൾ. 2030 ആകുമ്പോഴേക്കും അഞ്ചു മുതൽ ഏഴു ദശലക്ഷം ബാരൽ വരെ എണ്ണ ഇന്ത്യക്ക് ഇറക്കുമതി ചെയ്യേണ്ടിവരും. ഇറക്കുമതി കുറയ്ക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും യാഥാർഥ്യമിതാണ്. തീർച്ചയായും ഇന്ത്യയുടെയും ചൈനയുടെയും സഹായത്തോടെ ബൃഹത്തായ പല പദ്ധതികളുടെയും പൂർത്തീകരണത്തിന് വരുംനാളുകളിൽ സൗദി അറേബ്യ സന്നദ്ധമാകുമെന്നാണ് ദൽഹിയിൽ സമാപിച്ച ജി20 ഉച്ചകോടി അറബ് മേഖലക്ക് പൊതുവിൽ നൽകുന്ന സന്ദേശം.
(പ്രമുഖ സൗദി കോളമിസ്റ്റും നിരീക്ഷകനും എഴുത്തുകാരനുമായ ലേഖകൻ അൽ അറബിയ്യ ന്യൂസ് ചാനലിന്റെയും ശർഖുൽ ഔസത്ത് ദിനപത്രത്തിന്റെയും മുൻ മേധാവി കൂടിയാണ്)






