പുതുപ്പള്ളിയിലെ വിധിയെഴുത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരാണ്. ഭരണ വിരുദ്ധ വികാരമെന്നത് ഇന്ത്യയിൽ കർണാടക ഉൾപ്പെടെ പല തെരഞ്ഞെടുപ്പുകളിലും കണ്ടിട്ടുണ്ട്. 2004 ൽ ഇന്ത്യ തിളങ്ങിയിട്ടും വാജ്‌പേയിക്ക് ഭരണത്തുടർച്ച ലഭിച്ചിട്ടില്ല. ജനദ്രോഹത്തിനെതിരെയുള്ള വിധിയെഴുത്ത് എല്ലായ്‌പോഴും പ്രതീക്ഷിക്കാം.
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഭരണ വിരുദ്ധ തരംഗം. തദ്ദേശ തെരഞ്ഞടുപ്പ് മുതൽ സംസ്ഥാന-ദേശീയ തെരഞ്ഞെടുപ്പുകളിലെല്ലാം ഭരണ കക്ഷിക്കെതിരായ ഈ ഘടകം അതിശക്തമായി പ്രവർത്തിക്കുന്നു. കേരളത്തിൽ ഏറ്റവുമൊടുവിൽ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചത് സഹതാപ തരംഗം കൊണ്ടു മാത്രമാണെന്ന് പറയുന്നത് അബദ്ധമാണ്. കേരള രാഷ്ട്രീയത്തിൽ അത്ര തന്നെ സുപരിചിതനല്ല അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. എന്നിട്ടും നാൽപതിനായിരം വോട്ടുകളുടെ ഭൂരിപക്ഷം നേടാൻ അദ്ദേഹത്തിന് സാധിച്ചു. കോട്ടയം നഗരത്തിന്റെ പ്രാന്തത്തിലുള്ള പുതുപ്പള്ളിയിൽ എൽ.ഡി.എഫ് രംഗത്തിറക്കിയ ജെയ്ക് സി. തോമസിന് അനുകൂലമായ ഒരു ഘടകമുണ്ടായിരുന്നു. മൂന്നാം തവണ മത്സരിക്കാനിറങ്ങിയ അദ്ദേഹം മണ്ഡലത്തിൽ സുപരിചിതനാണ്. മാത്രമല്ല, നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതുപക്ഷം. 53 വർഷം തുടർച്ചയായി പുതുപ്പള്ളിയുടെ എം.എൽ.എയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഏറ്റവും ഒടുവിലെ ഭൂരിപക്ഷം പതിനായിരത്തിനടുത്താണ്. പുതുപ്പള്ളിയിലെ വിധിയെഴുത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരാണ്. ബി.ജെ.പിയുടെ വോട്ട് ഗണ്യമായി കുറഞ്ഞുവെന്നും കാണാം. കോട്ടയത്തിന് ഒരു സവിശേഷതയുണ്ട്. രാഷ്ട്രീയ-സാമുദായിക സംഘർഷങ്ങൾ ജില്ലക്ക് അത്ര പരിചിതമല്ല. (കേരളത്തിലെ മറ്റു നഗരങ്ങളിലെ പോലെ വാടക ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളുമുണ്ടായിരിക്കാം) സൗഹാർദമാണ് ജനതയുടെ മുഖമുദ്ര. അടുത്ത കാലത്തായി ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയായ മണിപ്പൂരിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങൾ കോട്ടയത്തെ വോട്ടർമാരെ സ്വാധീനിച്ചിരിക്കാം. ഉമ്മൻ ചാണ്ടിയുടെ വിയോഗവും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനവും വരുന്നതിന് ആഴ്ചകൾക്ക് മുമ്പ് കോട്ടയം സന്ദർശിച്ചിരുന്നു.
മണിപ്പൂരിൽ നിന്നുള്ള വാർത്തകൾ പുറംലോകമറിയാതിരിക്കാൻ ഇന്റർനെറ്റ് വിഛേദിച്ച നാളുകളായിരുന്നു അത്. കോട്ടയം ജില്ലക്കാരായ സാധാരണക്കാരായ നാലഞ്ച് പേർ നാഗമ്പടം ബസ് സ്റ്റാന്റിനടുത്തു വെച്ച് സംസാരിക്കുന്നത് ശ്രദ്ധിച്ചു. ഒരു യുദ്ധമേഖലയിലെ കാര്യം പോലെയാണ് ഒരാളുടെ വിവരണം. മാരകായുധങ്ങളുമായി നടന്നടുക്കുന്ന അക്രമി സംഘത്തെപ്പറ്റി പറയുന്നു. മണിപ്പൂരിലെ കാര്യമായിരിക്കാം സംഘം ചർച്ച ചെയ്തത്. മണിപ്പൂർ അതിക്രമത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നുവല്ലോ പുതുപ്പള്ളിയിലേത്. സ്വാഭാവികമായും വോട്ടിംഗിൽ ഇത് പ്രതിഫലിച്ചിരിക്കാം.
ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച പ്രധാന ഘടകം സംസ്ഥാനം ഭരിക്കുന്ന സർക്കാരിനോടുള്ള എതിർപ്പ് തന്നെയാണ്. തുടർച്ചയായി ഏഴ് വർഷത്തിലേറെയായി എൽ.ഡി.എഫാണ് കേരളം ഭരിക്കുന്നത്. കണ്ണൂർ ജില്ലയിലും നാദാപുരത്തും സമാധാന വാഴ്ചയുണ്ടായതെന്നതൊഴിച്ചാൽ പറയത്തക്ക പ്രയോജനമൊന്നും ആളുകൾക്കില്ല. കോവിഡ് കാലത്തെ കരുതലൊക്കെ മനുഷ്യർ മറന്നു കഴിഞ്ഞു. മഞ്ഞ കാർഡുകാർക്ക് പോലും ഓണക്കിറ്റ് നൽകാൻ പ്രയാസപ്പെടുന്ന ഭരണ സംവിധാനത്തെയാണ് കണ്ടത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഒരു പരിധിയുമില്ലാത്ത കാലവും. പച്ചക്കറികൾക്കും മറ്റും വില കൂടുമ്പോൾ സർക്കാരിന്റെ ഇടപെടൽ തീരെ ഉണ്ടായതുമില്ല. ബസ് യാത്ര നിരക്ക്, വൈദ്യുതി, ജലം, വീട്ടുകരം. ഭൂനികുതി എന്നു വേണ്ട സകലതും വർധിപ്പിച്ചുകൊണ്ടേയിരുന്നു. എന്നിട്ടരിശം തീരാഞ്ഞിട്ടെന്ന് പറഞ്ഞത് പോലെ പുതുപ്പള്ളി ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിക്കുമെന്ന വൃത്താന്തമാണ് കേട്ടത്.
ഭരണ വിരുദ്ധ വികാരമെന്നത് ഇന്ത്യയിൽ പല തെരഞ്ഞെടുപ്പുകളിലും കണ്ടിട്ടുണ്ട്. കർണാടകയിൽ മാസങ്ങൾക്കപ്പുറം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാർ സംവിധാനം പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
2024 ൽ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുകയാണല്ലോ. പ്രധാനമന്ത്രി മോഡി മൂന്നാമതും ഭരണത്തിലേറുമോ, അതോ ഇന്ത്യ സഖ്യം അധികാരം പിടിച്ചടക്കുമോ എന്നാണറിയേണ്ടത്. മണിപ്പൂരും ഹരിയാനയും മറ്റും വോട്ടർമാരെ എങ്ങനെ സ്വാധീനിച്ചിട്ടുണ്ടെന്ന് കണ്ടറിയണം. 2014 ന് ശേഷം മോഡി ഭരണത്തിൽ രാജ്യം പലതിനും സാക്ഷ്യം വഹിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം, കർഷക സമരം, കോവിഡ് 2019 എന്നിവയാണ് മോഡി സർക്കാർ നേരിട്ട പ്രധാന വെല്ലുവിളികൾ. ഇന്ത്യയുടെ നഗര -ഗ്രാമങ്ങളെയാകെ ഇളക്കിമറിച്ച പ്രതിഷേധമാണ് പൗരത്വ ബില്ലുണ്ടാക്കിയത്. അന്താരാഷ്ട്ര മാധ്യമങ്ങളും ബോളിവുഡ് സെലിബ്രിറ്റികളും വിഷയം ഏറ്റെടുത്തതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റി. തൽക്കാലം ഇത് ഫ്രീസറിലാവുകയും ചെയ്തു. കോർപറേറ്റുകളെ സഹായിക്കാൻ കൊണ്ടുവന്ന കർഷക വിരുദ്ധ നിയമത്തിനെതിരെ ഉത്തരേന്ത്യയിൽ ശക്തമായ സമരങ്ങളാണരങ്ങേറിയത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട നാളുകളിൽ പ്ലേറ്റ് മുട്ടി ഓടിക്കുന്നത് പോലുള്ള കോമാളിത്തങ്ങളാണ് കണ്ടതെങ്കിലും കേന്ദ്ര സർക്കാരിന് ആഗോള തലത്തിൽ പേരെടുക്കാൻ ഇന്ത്യയിലെ ഔഷധ നിർമാണ സ്ഥാപനങ്ങൾ വഴിയൊരുക്കി. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ചുരുങ്ങിയ നിരക്കിൽ പ്രതിരോധ വാക്‌സിനുകൾ കയറ്റി അയച്ചത് ഭാരതമായി മാറുന്ന ഇന്ത്യയാണ്. മണിപ്പൂരിലെ വാർത്തകൾ പുറത്തറിഞ്ഞതും ക്ഷീണമായി.
മോഡിക്കാലത്തെ നോട്ട് റദ്ദാക്കൽ പാളിയെങ്കിലും ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ലോക ശ്രദ്ധ പിടിച്ചുപറ്റി. ജി20 ഉച്ചകോടിയുടെ വേദിയായി ദൽഹി മാറിയത് ഇന്ത്യക്ക് ആഗോള തലത്തിലെ അംഗീകാരത്തിന്റെ സൂചനയാണ്. മോഡി സർക്കാർ മികച്ച പ്രതിഛായ നേടിയ വേളയാണിത്. എന്നാൽ ഇതിലേറെ തിളങ്ങി നിന്ന സമയത്താണ് വാജ്‌പേയി സർക്കാർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2004 ൽ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ യു.പി.എ സർക്കാർ അധികാരത്തിലേറുകയാണുണ്ടായത്.
പല സംസ്ഥാനങ്ങളിലും ഭരണ വിരുദ്ധ വികാരമുണ്ടെന്ന് കേന്ദ്രം ഭരിക്കുന്നവർ തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് അടുത്തിടെ പാചക വാതക സിലിണ്ടർ വില കുറച്ചതിൽ പ്രകടമായത്. കഴിഞ്ഞ മാസം 29 ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. പിന്നാലെ വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചു. 10 കിലോ സിലിണ്ടറിന് 158 രൂപയാണ് കുറച്ചത്. ദീപാവലി സീസണിൽ പെട്രോൾ-ഡീസൽ വിലയും കുറക്കാനുള്ള നീക്കത്തിലാണ് മോഡി സർക്കാർ. കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുന്നത് കേന്ദ്ര സർക്കാരിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിനോട് യോജിക്കാനാവില്ല. കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് 2500 രൂപയാണ് ഇതിലെ യാത്ര നിരക്ക്. 500 രൂപയിൽ താഴെ മുടക്കിയാൽ ഇതേ ദൂരം ബെർത്തിൽ കിടന്നുറങ്ങി സാധാരണ ട്രെയിനിൽ യാത്ര ചെയ്യാനാവും. ഇത്രയും കൂടിയ നിരക്ക് നൽകി യാത്ര ചെയ്യാൻ എത്ര ഇന്ത്യക്കാർക്ക് കഴിയും? ജനകോടികളിൽ സർക്കാർ വിരുദ്ധ വികാരമാണ് പെരുകുന്ന ആഡംബര തീവണ്ടികൾ സൃഷ്ടിക്കുകയെന്നത് തിരിച്ചറിയാതെ പോവുകയാണ്. മുതിർന്ന പൗരന്മാർക്ക് റെയിൽവേ നൽകിയിരുന്ന ഇളവ് മോഡി സർക്കാർ കോവിഡ് കാലത്ത് റദ്ദാക്കിയതാണ്. അത് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. 2200 കോടി രൂപയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ഓരോ വർഷവും നേടുന്നത്. ഇത്തരം ജനദ്രോഹങ്ങൾ തുടരുമ്പോൾ ഭരണ വിരുദ്ധ വികാരം രൂപപ്പെട്ടാലും അത്ഭുതമില്ല.






