Sorry, you need to enable JavaScript to visit this website.

ജാമ്യമെടുക്കാതെ പിഴയടക്കാതെ ഗ്രോവാസു, ഒടുവിൽ ജാമ്യം

കുന്നമംഗലം- മാവോയിസ്റ്റുകളെ കേരള പോലീസ് വെടിവെച്ചു കൊന്നതിന് എതിരെ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന കേസിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാസുവിനെ വെറുതെവിട്ടത്. കഴിഞ്ഞ ഒന്നരമാസമായി ഗ്രോ വാസു ജയിലിലാണ്.

2016 നവംബറിൽ നിലമ്പൂർ കരുളായി വനത്തിൽ 2 മാവോവാദികളെ വെടിവെച്ചു കൊന്ന ശേഷം ഇരുവരുടെയും മൃതദേഹമെത്തിച്ച കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കുമുന്നിൽ തടിച്ചുകൂടി മാർഗതടസ്സമുണ്ടാക്കി എന്നാണ് ഗ്രോ വാസുവിനെതിരായ കേസ്. 7 വർഷത്തിനു ശേഷം ജൂലൈ 29നാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തിനു കുന്നമംഗലം ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചെങ്കിലും പിഴയടയ്ക്കാനോ രേഖകളിൽ ഒപ്പുവയ്ക്കാനോ തയാറായില്ല. തുടർന്നാണ് ജയിലിലേക്ക് അയച്ചത്. 

ഗ്രോ വാസുവിന് എതിരായ കേസ് കോടതി തള്ളി. ഐപിസി 283, 143, 147 വകുപ്പുകൾ പ്രകാരം കേസ് നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി. വിഡിയോ കോൺഫറൻസ് വഴിയാണു കോടതി വിധി പറഞ്ഞത്. 20 പേരാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 17 പേരെയും കോടതി നടപടികളുമായി സഹകരിച്ചതിനാൽ നേരത്തേ വിട്ടയച്ചിരുന്നു. രണ്ടു പേരെ 200 രൂപ പിഴയടപ്പിച്ചും കോടതി വിട്ടയച്ചു.
 

Latest News