Sorry, you need to enable JavaScript to visit this website.

'ആറുമാസം ബന്ധുവീട്ടിൽ പാർപ്പിച്ചു'; സോളാറിൽ ഗണേഷ്‌കുമാറിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരി

തിരുവനന്തപുരം - സോളാർ സി.ബി.ഐ റിപോർട്ട് വിവാദങ്ങൾക്ക് പിന്നാലെ കേരള കോൺഗ്രസ് ബി നേതാവും മുൻ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാർ എം.എൽ.എക്കെതിരെ ഗുരുതര ആരോപണവുമായി സോളാർ ലൈംഗികാരോപണക്കേസിലെ പരാതിക്കാരി. സോളാർ തട്ടിപ്പു കേസിൽ ജയിൽമോചിതയായ തന്നെ കെ.ബി ഗണേഷ്‌കുമാർ ആറുമാസം അദ്ദേഹത്തിന്റെ ബന്ധുവീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചുവെന്ന് യുവതിയുടെ ആരോപിച്ചു.
  2014 ഫെബ്രുവരിയിലാണ് പരാതി നൽകിയ ഞാൻ ജയിലിൽ നിന്നിറങ്ങിയത്. അവിടെ നിന്ന് ഗണേഷ്‌കുമാറിന്റെ ബന്ധുവീട്ടിലേക്കാണ് എന്നെ ആദ്യം കൊണ്ടുപോയത്. ആറു മാസത്തോളം ആ വീട്ടിൽ തന്നെ തടവിൽ താമസിപ്പിച്ചത് എന്തിനായിരുന്നുവെന്ന് ഗണേഷ്‌കുമാർ തന്നെ ഉത്തരം പറയട്ടെയെന്നും പരാതിക്കാരിയായ യുവതി ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. എന്തിനാണ് ആ വീട്ടിൽ താമസിപ്പിച്ചതെന്നതിന്റെ പിന്നാമ്പുറ കഥകൾ പുറത്തുപറഞ്ഞാൽ അവരുടെ മുഖം മോശമാകുമെന്നും യുവതി ആരോപിച്ചു. പരാതിക്കാരി ആദ്യമായിട്ടാണ് ഗണേഷിനെതിരെ ഇത്തരമൊരു ആരോപണമുന്നയിക്കുന്നത്.
 തിങ്കളാഴ്ച നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ അംഗങ്ങൾ ഗണേഷ്‌കുമാറിന്റെ പേര് പരാമർശിച്ചിരുന്നു. ഇതിന് ഗണേഷ് നൽകിയ മറുപടിയെ തള്ളുന്നത് കൂടിയാണ് യുവതിയുടെ പരാമർശം. 
 സോളാർ വിഷയത്തിൽ തനിക്ക് വളഞ്ഞ വഴിയിലൂടെ ഒന്നും ചെയ്യേണ്ട കാര്യമില്ലെന്നും ഉണ്ടെങ്കിൽ നേരിട്ടുതന്നെ ചെയ്യുമെന്നാണ് ഗണേഷ്‌കുമാർ സഭയിൽ പറഞ്ഞത്. ഞാൻ തുറന്ന പുസ്തകമാണെന്നും സത്യമാണ് തന്റെ ദൈവമെന്നും പറഞ്ഞ ഗണേഷ്‌കുമാർ സോളാറിൽ പരാതിക്കാരിയുടെ ആരോപണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടി അതിൽ കുറ്റക്കാരനല്ലെന്നാണ് താൻ പറഞ്ഞതെന്നും സഭയിൽ പറയുകയുണ്ടായി.
 എന്റെ അച്ഛൻ ബാലകൃഷ്ണപ്പിള്ള പറഞ്ഞത് ഉമ്മൻ ചാണ്ടിയെ പറ്റി ഇല്ലാത്തതാണ് പരാതിക്കാരി എഴുതിയതെന്നാണ്. ഇത് സി.ബി.ഐയോട് താനും പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് സോളാർ കേസിൽ പങ്കില്ലെന്നു തെളിയാൻ കാരണം പിണറായി വിജയനാണ്. പിണറായി കേസ് സി.ബി.ഐക്ക് വിട്ടതിനാലാണ് ഈ കേസിൽ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത്. അതിന് പിണറായി വിജയനോട് കോൺഗ്രസ് നന്ദി പറയണമെന്നും ഗണേഷ്‌കുമാർ സഭയിൽ ആവശ്യപ്പെട്ടിരുന്നു. 

Latest News