കയ്യും മുഖവും അനക്കാനാവാതെ ലോക്കാക്കും; ബാഗിലെ പണം മോഷ്ടിക്കും: സംഘത്തിലെ യുവതി അറസ്റ്റില്‍

പള്ളിക്കര- എറണാകുളം റൂട്ടില്‍ ഓടുന്ന ബസ്സിനുള്ളില്‍  യാത്രക്കാരിയുടെ ബാഗില്‍ നിന്നും പണം മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി പിടിയില്‍. ചെന്നൈ എം. ജി. ആര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന പ്രിയ (23) ആണ് അറസ്റ്റിലായത്. 

പണയ സ്വര്‍ണം തിരിച്ചെടുക്കുവാന്‍ സ്വരുക്കൂട്ടിയ 17000 രൂപയാണ് അത്താണി സ്വദേശിനിയായ വീട്ടമ്മയുടെ ബാഗില്‍ നിന്നും മോഷണം ചെയ്തത്. മറ്റൊരു സ്ത്രീയുടെ ബാഗില്‍ നിന്ന് 7000 രൂപയും മോഷ്ടിച്ചു. പണം അടങ്ങിയ ബാഗ് കൈവശമുള്ളവരെ രണ്ടോ മൂന്നോ പേരുള്ള സംഘം ചേര്‍ന്ന് കൈയും മുഖവും അനക്കാന്‍ പറ്റാത്ത വിധത്തില്‍ പ്രത്യേക രീതിയില്‍ ലോക്ക് ചെയ്ത ശേഷമാണ് ഇവര്‍ ബാഗ് തുറന്ന് മോഷണം നടത്തുന്നത്. 

പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ പരാതിക്കാരി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ബസ് കാക്കനാട് ഐ. എം. ജി ജംഗ്ഷന് അടുത്ത് നിര്‍ത്തുകയായിരുന്നു. അതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രിയയെ ബസ് യാത്രക്കാര്‍ തടഞ്ഞു വെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രിയയുടെ പക്കല്‍ നിന്ന് 7000 രൂപ കണ്ടെടുത്തു. ബഹളത്തിനിടയില്‍ ബാക്കിയുള്ള മോഷ്ടാക്കള്‍ പണവുമായി കടന്നു കളയുകയായിരുന്നു. 

ഉല്‍സവ സ്ഥലങ്ങളിലും ബസ്സുകളിലും സ്വര്‍ണ്ണവും പണവും മോഷ്ടിച്ച് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടിക്കപ്പെട്ട് ജയിലുകളില്‍ കഴിഞ്ഞിട്ടുള്ള ഇവരുടെ പക്കല്‍ തിരിച്ചറില്‍ രേഖകളോ മോബൈല്‍ ഫോണോ ഉണ്ടാകാറില്ല. ശരിയായ വിലാസവും പറയാറില്ല. അതു കൊണ്ട് ഓരോ കേസുകളിലും ഓരോ പേരുകളാണ് ഇവര്‍ പറയുന്നത്. സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.

Latest News