ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ ജനപ്രീതി കുറയുന്നു

ലണ്ടന്‍- ജി20 ഉച്ചകോടിയ്‌ക്കെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കുറിച്ചായിരുന്നു ഇന്ത്യയിലെ പത്രങ്ങളില്‍ തലവാചകങ്ങള്‍. ഇന്ത്യന്‍ വേരുകളില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജി20 തിരക്കിനിടയിലും പത്‌നിസമേതനായി ദല്‍ങിയിലെ ക്ഷേത്രം സന്ദര്‍ശിച്ചതെല്ലാം വാര്‍ത്തയായി. എന്നാല്‍ യു.കെയിലെ കാര്യങ്ങള്‍ അത്ര പന്തിയല്ല. ഭരണത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേകളില്‍ പ്രധാനമന്ത്രി റിഷി സുനകിന്റെ ജനപ്രീതി കുറയുകയാണ്. 2022 ഒക്ടോബറില്‍ സുനാക് പ്രധാനമന്ത്രിയാകുമ്പോള്‍, ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറെക്കാള്‍ ജനപ്രീതിയില്‍ അല്‍പം മുന്‍പിലായിരുന്നു റിഷി. അന്ന് മൈനസ് 19 പോയിന്റായിരുന്നു റിഷിക്ക് ലഭിച്ചത്.
പ്രധാനമന്ത്രി പദത്തിലേറി പതിനൊന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍, ജനപ്രീതി മൈനസ് 41 ലേക്ക് താഴ്ന്നിരിക്കുകയാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ സുനാകിനു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ സ്‌കോര്‍ ആണിത്. ബോറിസ് ജോണ്‍സണ്‍ അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന ജനപ്രീതിയേക്കാള്‍ കുറവാണ് ഇപ്പോള്‍ സുനാകിനു ഉള്ളതെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ പറയുന്നു. ഇപ്പോള്‍ അഭിപ്രായ സര്‍വേ നടത്തിയ യു ഗവ്, ജോണ്‍സണ്‍ അധികാരമൊഴിഞ്ഞപ്പോള്‍ നടത്തിയ സര്‍വേയില്‍ ബോറിസ് ജോണ്‍സന് ലഭിച്ചത് മൈനസ് 40 പോയിന്റ് ആണ്.
വോട്ടര്‍മാരെയും കണ്‍സര്‍വേറ്റീവ് അംഗങ്ങളെയും അവഗണിച്ചാല്‍ ഇതായിരിക്കും സംഭവിക്കുക എന്നാണ് ബോറിസ് ജോണ്‍സന്റെ അടുത്ത അനുയായി ആയ ലോര്‍ഡ് ക്രഡസ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പോട്ട് വെച്ച പ്രകടന പത്രികയെ അവഗണിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് ബോറിസ് ജോണ്‍സനെ അധികാരത്തില്‍ നിന്നും മാറ്റിയതെന്നും മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ഇതിനെ അട്ടിമറി എന്ന് വിളിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 

Latest News