Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് നിപ്പ തന്നെ, ചികിത്സയിലുള്ള 9 വയസുകാരനും നിപ്പ

കോഴിക്കോട്- കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച രണ്ടു പേർക്ക് നിപ്പയാണെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലെ പരിശോധനയിലാണ് നിപ്പ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഒൻപത് വയസുകാരനും മറ്റൊരാള്‍ക്കും നിപ്പ സ്ഥിരീകരിച്ചു. 148 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി നിപ്പ സ്ഥിരീകരിച്ചിരുന്നുവെങ്കിലും അന്തിമ ഫലം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

തിങ്കളാഴ്ച കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിൽ മരിച്ച ആയഞ്ചേരി സ്വദേശിയായ 40 കാരന്റെ മരണത്തെ തുടർന്ന് പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സ്രവ പരിശോധനയിലാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. 30ന് നിപ്പ ലക്ഷണങ്ങളോടെ മരണപ്പെട്ട മരുതോങ്കര സ്വദേശിയുമായി ഇദ്ദേഹത്തിന് സമ്പർക്കമുണ്ടായിരുന്നെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. അതോടെയാണ് രണ്ട് മരണങ്ങളും നിപ്പ ബാധിച്ചാണെന്ന് സ്ഥിരീകരിക്കുന്നത്.
ആയഞ്ചേരി സ്വദേശിയ്ക്ക് കഴിഞ്ഞ ആറിനാണ് പനി ബാധിക്കുന്നത്. വെള്ളിയാഴ്ച ആയഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അടുത്ത ദിവസം വില്ല്യാപ്പള്ളി ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. തുടർന്ന് വടകര ജില്ലാ ആശുപത്രിയിലും സ്വകാര്യ ക്ലിനിക്കിലും ചികിത്സ തേടി. സ്ഥിതി വഷളായതോടെ വടകര സഹകരണ ആശുപത്രിയിലും പിന്നീട് ഇബ്റ ആശുപത്രിയിലും തിങ്കളാഴ്ചയോടെ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട്ടെ അശ്വിനി ലാബിൽ നിന്ന് രക്ത പരിശോധനയും നടത്തിയിരുന്നു. ഇയാളുടെ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കും.
30ന് മരണപ്പെട്ട 45കാരനായ മരുതോങ്കര സ്വദേശിയുടെ മരണം നിപ്പയായിരുന്നെന്ന് ആദ്യം കണ്ടെത്തിരുന്നില്ല. അതിനാൽ സ്രവ പരിശോധന നടത്തിയിരുന്നില്ല. പക്ഷേ ഇയാളുടെ അടുത്ത ബന്ധുക്കൾക്ക് നിപ്പ ലക്ഷണങ്ങൾ കണ്ടതോടെയാണ് സംശയം ഉയർന്നത്. 22 മുതൽ ഇയാൾ ചികിത്സ തേടിയ കുറ്റ്യാടിയിലെ ആശുപത്രിയിൽ വച്ചാണ് ആയഞ്ചേരി സ്വദേശിയുമായി സമ്പർക്കം ഉണ്ടായതായി കണ്ടെത്തിയത്. ഇയാളുടെ ബന്ധുക്കളായ നാല് പേരാണ് നിപ്പ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഭാര്യ, ഒമ്പത് വയസുള്ള കുട്ടി , പത്തുമാസം പ്രായമുള്ള കുട്ടി, 22 കാരനായ ബന്ധു എന്നിവരാണ് ചികിത്സയിലുള്ളത്. ഒമ്പത് വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്.
നിലവിൽ 75 പേരുടെ പ്രാഥമിക സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരും ആശുപത്രി ജീവനക്കാരുമടക്കമാണിത്. സമ്പർക്കപ്പട്ടികയിൽ ചികിത്സ ഏറ്റവും അത്യാവശ്യമുള്ളവരെ മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. ലക്ഷണങ്ങളില്ലാത്തവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാനാണ് നിർദേശിച്ചിരിക്കുന്നത്.

ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലംഗ കേന്ദ്ര ആരോഗ്യസംഘം കോഴിക്കോട് എത്തും. കുറ്റ്യാടി റസ്റ്റ് ഹൗസിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി .എ. മുഹമ്മദ് റിയാസ്, നാദാപുരം, കുറ്റ്യാടി എം.എൽ.എമാർ, സമീപപ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ സംഘം ഇത് സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്തു

Latest News