മഞ്ചേരി- പതിനാലു വയസുകാരിയായ മകളെ പലതവണ ബലാത്സംഗം ചെയ്ത പിതാവിനെ മഞ്ചേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി 63 വര്‍ഷം കഠിന തടവിനും ഏഴു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി വീമ്പൂര്‍ സ്വദേശിയായ 48 കാരനെയാണ് ജഡ്ജി എ.എം അഷ്റഫ് ശിക്ഷിച്ചത്. ഗര്‍ഭിണിയായേക്കുമോയെന്ന ഭീതിയില്‍ കുട്ടി കരയുന്നത് അധ്യാപികയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അധ്യാപിക കുട്ടിയെ സ്‌കൂള്‍ കൗണ്‍സിലറുടെയടുത്ത് കൊണ്ടുപോയതോടെയാണ് പീഡന വിവരം പുറത്താകുന്നത്. സ്‌കൂള്‍ അധികൃതരാണ് വിവരം പോലീസില്‍ അറിയിക്കുന്നത്. 2022 ജൂണ്‍ 29ന് മഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ തന്നെ വിചാരണ നടത്തണമെന്ന പോലീസിന്റെ അപേക്ഷ പ്രകാരം പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. പോക്സോ ആക്ടിലെ 5(എല്‍), 5 (എന്‍), ഇന്ത്യന്‍ശിക്ഷാ നിയമം 375(3) എന്നീ മൂന്ന് വകുപ്പുകളിലും 20 വര്‍ഷം വീതം കഠിന തടവ്, 2 ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം മൂന്നു വകുപ്പുകളിലും മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നു വര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ പ്രതി 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും. പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവതക്ക് നല്‍കാനും കോടതി വിധിച്ചു. മാത്രമല്ല സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നു അതിജീവിതക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് നിര്‍ദേശവും നല്‍കി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.