വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നദൃശ്യമെടുത്തു, യുവാവ് പിടിയില്‍

കോട്ടയം - വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനുശേഷം നഗ്‌ന ദൃശ്യം കൈക്കലാക്കി  സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിറവം മലയില്‍ വീട്ടില്‍ അതുല്‍.എസ് (23) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വീട്ടമ്മയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചതിനു ശേഷം  ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും തുടര്‍ന്ന് ഇവരുടെ നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു.

ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ മറ്റു പെണ്‍കുട്ടികളെ തനിക്ക് എത്തിച്ചു നല്‍കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടമ്മ ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഇയാള്‍ വീട്ടമ്മയുടെ ചിത്രം ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും, തുടര്‍ന്ന് പലരുമായി സൗഹൃദം സ്ഥാപിച്ച് ഇവര്‍ക്ക് തന്റെ കൈവശം ഉണ്ടായിരുന്ന വീട്ടമ്മയുടെ നഗ്‌നദൃശ്യങ്ങള്‍ അയച്ചു നല്‍കുകയും ചെയ്തു. വീഡിയോ കോള്‍ ചെയ്യണമെങ്കില്‍ പണം മുന്‍കൂറായി നല്‍കണമെന്ന് ആവശ്യപ്പെട്ട് പണം കൈക്കലാക്കുകയുമായിരുന്നു. ഇതിനു ശേഷം വീട്ടമ്മയുടെ വാട്‌സ്ആപ്പ് നമ്പര്‍ ഇവര്‍ക്ക് അയച്ചു നല്‍കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയിലൂടെ ഇയാളെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. അതുലിനെതിരെ പിറവം സ്റ്റേഷനില്‍ സമാന രീതിയിലുള്ള കേസ് നിലവിലുളളതായി പോലീസ് പറയുന്നു.

 

Latest News