കാസര്‍കോട് - ഒന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാവ് വയലിലെ ചെളിയില്‍ മുക്കി കൊന്നു. പിന്നീട് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിന് കൈമാറി. തലപ്പാടി മന്യ സ്വദേശിയും ഉപ്പള മുളിഞ്ചയില്‍ താമസക്കാരിയുമായ സുമംഗല ( 32 ) ആണ് കുഞ്ഞിനെ ചെളിയില്‍ മുക്കി കൊന്നത്.
ഉപ്പള പച്ചിലമ്പാറയില്‍ ഇളയമ്മയുടെ വീട്ടിലായിരുന്ന യുവതി കുഞ്ഞിനെയും എടുത്ത് ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള മുളിഞ്ചയില്‍ എത്തിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ധരിച്ചിരുന്ന നൈറ്റിക്കുള്ളില്‍ കുഞ്ഞിനെ ഒളിപ്പിച്ച ശേഷം മുളിഞ്ചയിലെ പരിചയമുള്ള വീട്ടിലെത്തി ഉച്ചക്ക് ഭക്ഷണം വാങ്ങി കഴിച്ചിരുന്നു. പിന്നീട് രണ്ടര മണിയോടെ വയല്‍ വരമ്പിലൂടെ നടന്നുപോയ സുമംഗല കുഞ്ഞിനെ ചെളിയില്‍ മുക്കുകയായിരുന്നു. ക്രൂരകൃത്യത്തിന് ശേഷം അസ്വാഭാവികത പ്രകടിപ്പിക്കുകയും ആത്മഹത്യ ചെയ്യാനും ശ്രമിച്ച യുവതിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിച്ചു.
മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ടി.പി രജീഷിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി മാതാവിനെ വീട്ടില്‍ എത്തിച്ച് വൈകുന്നേരം വരെ ചോദ്യം ചെയ്തു മൊഴിയെയെടുത്തു. കുഞ്ഞിന്റെ മുതദേഹം പോലീസ് മംഗല്‍പ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. കോടിബയല്‍ സ്വദേശിയായ ഭര്‍ത്താവ് സത്യനാരായണയുമായി രണ്ട് മാസമായി തെറ്റിപിരിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സുമംഗല കുഞ്ഞുമായി പച്ചിലംപാറയിലെ ഇളയമ്മയുടെ വീട്ടില്‍ എത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു യുവതിയെന്ന് പറയുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിഞ്ചുകുഞ്ഞിനെ ചെളിയില്‍ മുക്കിക്കൊല്ലാന്‍ കാരണമായത് ഭര്‍ത്താവ് സത്യനാരായണയുമായി നിലവില്‍ ഉണ്ടായിരുന്ന കലഹമാണെന്ന് സുമംഗല പോലീസിനോട് പറഞ്ഞു. കൂലിപ്പണിക്കാരനാണ് ഭര്‍ത്താവ്.
ഒന്നരവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ഭാര്യ ഭര്‍ത്താക്ക•ാര്‍ തമ്മില്‍ കുടുംബ പ്രശ്‌നം നിലനിന്നിരുന്നതായി ബന്ധുക്കളും അയല്‍വാസികളും പോലീസിനോട് പറഞ്ഞിട്ടുണ്ട്.
വീടിന് ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള വയലിലേക്ക് കുഞ്ഞിനേയും കൊണ്ടുപോയ യുവതി അവിടെവച്ച് ചെളിയില്‍ മുക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. യുവതിയെയും കുഞ്ഞിനേയും കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുന്നനിടെയാണ് യുവതിയെ വയലിന് സമീപം കണ്ടെത്തിയത്. കുഞ്ഞിനെ പറ്റി ചോദിച്ചപ്പോഴാണ് ചെളിയില്‍ ഉണ്ടെന്ന് പറഞ്ഞത്. അവര്‍ ഉടന്‍ പുറത്തെടുത്ത് മംഗല്‍പാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.






