Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിജയിക്കാമെന്നതിന്റെ തെളിവാണ് എം.എ യൂസഫലി-സൗദി മന്ത്രി

ന്യൂദൽഹി -സൗദിയിൽ എങ്ങനെ വിജയിക്കാനാകും എന്നതിന്റെ ഉദാഹരണം ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ.യൂസഫലിയാണെന്ന് സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫലിഹ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ദൽഹിയിൽ സംഘടിപ്പിച്ച ഇന്ത്യ-സൗദി ബിസിനസ് ഫോറത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 

സൗദിയിൽ ഇന്ത്യക്കാർക്ക് എങ്ങനെ വിജയിക്കാനാകുമെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.  ''സൗദികൾക്ക് പോലും യൂസഫലി ഒരു മാതൃകയാണ്. അദ്ദേഹം ഒരു പോസിറ്റീവ് മാതൃകയാണ്. ഞാൻ സൗദി അരാംകോ ചെയർമാൻ ആയിരുന്നപ്പോൾ, അരാംകോയിൽ ലുലു മാർക്കറ്റ് തുറക്കുന്നതിനെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. ഇപ്പോൾ അരാംകോ ക്യാംപസിൽ 8 ലുലു മാർക്കറ്റുകളുണ്ട്. സൗദിയിൽ 100 ഹൈപ്പർ മാർക്കറ്റുകളിലേക്കുള്ള ലക്ഷ്യത്തിലേക്കാണ് ലുലു ഗ്രൂപ്പ് എന്നും മന്ത്രി പറഞ്ഞു. 
കിരീടാവകാശിയുടെ സന്ദർശനത്തോടനുബന്ധിച്ച് ന്യൂദൽഹിയിൽ ചേർന്ന സൗദി, ഇന്ത്യ നിക്ഷേപ ഫോറത്തിൽ ഇരു രാജ്യങ്ങളിലെയും സർക്കാർ, സ്വകാര്യ മേഖലകൾ തമ്മിൽ ഊർജം, പുരുപയോഗ ഊർജം, നിക്ഷേപം, പെട്രോകെമിക്കൽസ്, വ്യവസായം അടക്കമുള്ള മേഖലകളിൽ 53 കരാറുകൾ ഒപ്പുവെച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിൽ 47 കരാറുകളും സർക്കാർ വകുപ്പുകളും സ്വകാര്യ മേഖലകളും തമ്മിൽ ആറു കരാറുകളുമാണ് നിക്ഷേപ ഫോറത്തിനിടെ ഒപ്പുവെച്ചതെന്ന് സൗദി നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വ്യവസായികളും മുതിർന്ന ഉദ്യോഗസ്ഥരും അടക്കം ഫോറത്തിൽ ആയിരത്തിലേറെ പേർ പങ്കെടുത്തിരുന്നു.
 

Latest News