Sorry, you need to enable JavaScript to visit this website.

യു.എ.പി.എ കേസിൽ ഉമർ ഖാലിദിന്റെ ജാമ്യഹരജി നാലാഴ്ചത്തേക്ക് മാറ്റി

ന്യൂദൽഹി-  മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദ് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ച നാലാഴ്ചത്തേക്ക് മാറ്റി. 2020 ഫെബ്രുവരിയിലുണ്ടായ വടക്കുകിഴക്കൻ ദൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് തീവ്രവാദ വിരുദ്ധ നിയമം യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ഉമർ ഖാലിദ് ജാമ്യ ഹരജി സമർപ്പിച്ചത്. 
വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഇക്കാര്യത്തിൽ  രേഖകൾ പ്രധാനമാണെന്നും ആരോപണങ്ങളുമായി ബന്ധപ്പെട്ട് ലഭ്യമായ തെളിവുകൾ എന്താണെന്ന് ഫയൽ ചെയ്യണമെന്നും ഉമർ ഖാലിദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ബെഞ്ച് പറഞ്ഞു.
ഉമർ ഖാലിദിന്റെ ഹരജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ഓഗസ്റ്റ് 9ന് പിന്മാറിയിരുന്നു. 2022 ഒക്‌ടോബർ 18 ന് ദൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്‌ത ഖാലിദിന്റെ ഹരജി ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് വാദം കേട്ടിരുന്നത്.

ഖാലിദ് മറ്റ് കൂട്ടുപ്രതികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും  ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രഥമദൃഷ്ട്യാ കുറ്റാരോപിതനായ വ്യക്തിയുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം തീവ്രവാദ പ്രവർത്തനമായി കണക്കാക്കുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

53 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ഫെബ്രുവരി കലാപത്തിന്റെ സൂത്രധാരന്മാരാണെന്ന് ആരോപിച്ച് ഉമർ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങിയവർക്കെതിരെയാണ്  യുഎപിഎയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകളും ചുമത്തിയത്. 

പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. 2020 സെപ്റ്റംബറിൽ ദൽഹി പോലീസ് അറസ്റ്റ് ചെയ്ത ഉമർ ഖാലിദ്  അക്രമത്തിൽ പങ്കില്ലെന്നും കേസിലെ മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം തേടിയത്. ബാബരി മസ്ജിദ്, മുത്തലാഖ്, കശ്മീർ, മുസ്ലീങ്ങളെ അടിച്ചമർത്തൽ, സിഎഎ, എൻആർസി തുടങ്ങിയ തർക്ക വിഷയങ്ങൾ ഉമർ ഖാലിദ് ഉന്നയിച്ചുവെന്നും പ്രസംഗം “വളരെ കണക്കുകൂട്ടിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ദൽഹി പോലീസ് ഹൈക്കോടതിയിൽ എതിർത്തിരുന്നത്.

 

Latest News