പോലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിനായി തിരച്ചില്‍ തുടരുന്നു

പൊന്നാനി ചമ്രവട്ടം പാലത്തില്‍നിന്ന് പോലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിനായി തിരച്ചില്‍ പുരോഗമിക്കുന്നു.

തിരൂര്‍- പോലീസിനെ കണ്ട് ഭയന്ന് മണല്‍ കടത്തു ലോറിയുടെ ഡ്രൈവറും ക്ലീനറും ചമ്രവട്ടം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി. ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. കാണാതായ യുവാവിന് വേണ്ടി നിറഞ്ഞൊഴുകുന്ന പുഴയില്‍ ഇന്നലെ രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തിരൂര്‍ കാവിലക്കാട് ഭാഗത്തു നിന്നു മണല്‍ കയറ്റി കൊണ്ടുപോവുകയായിരുന്ന ലോറി ജീവനക്കാരാണ് പൊന്നാനി ചമ്രവട്ടം പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്തു ചാടിയത്. ഇന്നലെ പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. ലോറി ജീവനക്കാരനായ തവനൂര്‍ അതളൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറിനെ (20) ആണ് കാണാതായത്. കൂടെയുണ്ടായിരുന്ന ചമ്രവട്ടം അത്താണിപ്പടി സ്വദേശി ഉമര്‍ഷാദ് (24) നീന്തി രക്ഷപ്പെട്ടു. കാവിലക്കാട് ഭാഗത്തു നിന്നു മണലുമായി ലോറിയില്‍ വരികയായിരുന്നു ഇരുവരും. ചമ്രവട്ടം പാലത്തിനടുത്തുള്ള ബസ്‌സ്റ്റോപ്പില്‍ പോലീസ് കൈകാട്ടിയതോടെ ലോറി സ്പീഡില്‍ ഓടിച്ചു പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നെത്തി. പോലീസുകാര്‍ ജീപ്പില്‍നിന്ന് ഇറങ്ങുമ്പോഴേക്കും ഇരുവരും പാലത്തിന്റെ ജലം സംഭരിച്ച്  നിര്‍ത്തുന്ന വടക്ക് ഭാഗത്തേക്ക് ചാടി. ഒഴുക്കില്‍പ്പെട്ട് കാണാതായ മന്‍സൂറാണ് ആദ്യം പുഴയിലേക്ക് എടുത്തു ചാടിയത്. തുടര്‍ന്ന് ഉമര്‍ഷാദും ചാടി. വെള്ളത്തിന്റെ കുത്തൊഴുക്ക് വര്‍ധിച്ചതിനാലും ഷട്ടറുകള്‍ തുറന്നതിനാലും ഇരുവരും പാലത്തിന്റെ തെക്കു ഭാഗത്തേക്ക് ഒഴുകിപ്പോയി. പാലത്തിനടിയിലെ കല്ലില്‍ പിടിച്ചു നിന്ന ഉമര്‍ഷാദ് പിന്നീട് തൊട്ടടുത്ത തുരുത്തിലേക്ക് നീന്തിക്കയറുകയായിരുന്നു. മന്‍സൂറും കല്ലില്‍ പിടിച്ചു നിന്നെന്ന് രക്ഷപ്പെട്ട ഉമര്‍ഷാദ് പറഞ്ഞു. പിന്നീട് കാണാതാവുകയായിരുന്നു.
യുവാക്കള്‍ പുഴയില്‍ ചാടിയത് കണ്ടിട്ടും പോലീസ് രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ ലോറിയുമായി പോയെന്ന് ആരോപിച്ച് നാട്ടുകാര്‍ ഏറെ നേരം പോലീസുമായി വാക്കുതര്‍ക്കമുണ്ടായി. രോഷാകുലരായ നാട്ടുകാര്‍ സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു. നാലു മണിക്കൂറിന് ശേഷം പത്തു മണിയോടെയാണ് ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചത്. നാവിക സേനയും തിരച്ചിലിനെത്തി.

 

Latest News