കേരളത്തില്‍ അഞ്ചു ദിവസം ശക്തമായ മഴ 

കൊച്ചി-രണ്ട് ചക്രവാതച്ചുഴികള്‍ ഒന്നിച്ച് നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മഴ ശക്തമാകുമെന്ന് സൂചന. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്ക് പടിഞ്ഞാറന്‍ മദ്ധ്യപ്രദേശിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാദ്ധ്യതയുമുണ്ട്. മ്യാന്മാര്‍ തീരത്തിന് സമീപം മദ്ധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 72 മണിക്കൂറിനുള്ളില്‍ ചക്രവാതചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുണ്ട്. ഇക്കാരണങ്ങളാലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടി മിന്നല്‍ ജാഗ്രതാ നിര്‍ദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. 
 

Latest News