കാസര്‍കോട് - കുഞ്ഞിന്റെ ചോറൂണിന് ക്ഷേത്രത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. പിഞ്ചുകുഞ്ഞ് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ചായ്യോത്ത് അരയാക്കടവ് റോഡില്‍ പെന്‍ഷന്‍മുക്കിലാണ് അപകടം. അപകടത്തില്‍ ചെമ്മട്ടംവയലിലെ കുഞ്ഞമ്പുനായര്‍(82), ഭാര്യ ഭാര്‍ഗ്ഗവി(62), മകന്‍ പ്രശാന്ത്(42), ഭാര്യ മേഘ(30)സ്‌കൂട്ടര്‍ യാത്രക്കാരായ സുധീഷ്(22) ഗോകുല്‍(20) എന്നിവര്‍ക്കാണ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ സഞ്ചരിച്ച സ്‌ക്വാഡ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട് തകരാര്‍ നന്നാക്കുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ഉടനെ തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗുരുതരമായി പരിക്കേറ്റ ഭാര്‍ഗവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. പ്രശാന്തിന്റെ കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായി തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. പയ്യന്നൂരിലേക്ക് പോയ സുധീഷും ഗോകുലും സഞ്ചരിച്ച സ്‌കൂട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തി നന്നാക്കുന്നതിനിടയിലാണ് കാര്‍ സ്‌കൂട്ടറിലിടിച്ചത്.






