മുങ്ങിത്താഴുന്ന ജീവിതങ്ങൾ, ബോധവൽക്കരണം അനിവാര്യം

നീന്തൽ എന്നത്  ഒരു കായികയിനം എന്നതിൽ കവിഞ്ഞ്  മനുഷ്യന്റെ  ജീവൻ രക്ഷിക്കാനുള്ള ഒരു സുരക്ഷ പരിശീലനം എന്ന നിലക്ക് സർക്കാരും സന്നദ്ധ സംഘടനകളും പരിഗണിക്കുകയും നീന്തൽ പഠിക്കാൻ  കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്താൽ ഇടക്കൊക്കെയുള്ള മുങ്ങിമരണങ്ങളുടെ ദാരുണ വാർത്തകൾ ആവർത്തിക്കപ്പെടുന്നത്  കുറയ്ക്കാൻ  കഴിയും.

 

ഒരു പിതാവിന്റെ മൂന്ന് പെൺമക്കളാണ് ഈയിടെ മണ്ണാർക്കാടിനടുത്ത് കോട്ടോപ്പാടത്ത് മുങ്ങിമരിച്ചത്.   ഓർക്കുമ്പോൾ ആരുടെയും മനസ്സിൽ നീറ്റൽ അനുഭവപ്പെടുന്ന ദാരുണ സംഭവം.
ഒരേ വീട്ടിലെ ഒന്നിലധികം മക്കൾ ഒരേ സമയം മുങ്ങി മരിക്കുന്നത് കേരളത്തിന്റെ പല ഭാഗങ്ങളിലും പല തവണ ആവർത്തിക്കപ്പെട്ടിട്ടുണ്ട്.  കേരളത്തിൽ  പുഴകളും പാടങ്ങളും തോടുകളും കുളങ്ങളും ഏറെയുണ്ട്.  ഇതിലൊക്കെ മഴക്കാലത്ത് വെള്ളം നിറഞ്ഞു നിൽക്കാറുണ്ടെങ്കിലും നീന്തൽ പഠിക്കാതെയാണ് ഇളംതലമുറയിൽ വലിയൊരു വിഭാഗം വളർന്നുവരുന്നത്.  
 ഹയർ സെക്കണ്ടറി കോഴ്‌സിന് ചേരുമ്പോൾ നീന്തൽ അറിയുന്നവർക്ക് സാക്ഷ്യപത്രം സമർപ്പിച്ചാൽ  സർക്കാർ  രണ്ട് ബോണസ് പോയന്റ്  നൽകി  നീന്തൽ പഠിക്കാൻ പ്രോത്സാഹനം നൽകുന്നുണ്ട്.   പക്ഷേ, ഇങ്ങനെ ബോണസ് പോയന്റ്  കിട്ടിയവരിൽ തന്നെ എത്രത്തോളം പേർ വെള്ളത്തിൽ അകപ്പെട്ടാൽ നീന്തി കരപറ്റുമെന്ന് പറയാൻ കഴിയില്ല.  തുടക്കത്തിൽ ബോണസ് പോയന്റിനുള്ള സർട്ടിഫിക്കറ്റ്   നൽകിയിരുന്നത്  നീന്താനുള്ള കഴിവ് പരിശോധിക്കാതെ രക്ഷിതാവിന്റെയും വാർഡ് മെംബറുടെയും സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു.  ഇപ്പോൾ നീന്താനുള്ള പ്രാവീണ്യം നേരിട്ട് കണ്ട് സ്‌പോർട്‌സ് കൗൺസിൽ അധികൃതർ നൽകുന്ന സർട്ടിഫിക്കറ്റാണ് മാനദണ്ഡമാക്കുന്നത് എന്നാണറിവ്. 

നീന്തൽ അറിയുന്നവർക്ക് ഗ്രെയ്‌സ് മാർക്ക് കൊടുക്കാത്ത കാലത്ത്, അതായത് എന്റെയൊക്കെ സ്‌കൂൾ പഠനകാലത്ത് ഞങ്ങളുടെ ഗ്രാമത്തിലൊക്കെ  നീന്തൽ അറിയാത്ത ആൺകുട്ടികളും പെൺകുട്ടികളും വിരളമായിരുന്നു.   
ഞങ്ങളുടെ ചെറുമുക്ക് ഗ്രാമം തൊണ്ണൂറ് ശതമാനവും വെഞ്ചാലിപ്പാടം എന്നറിയപ്പെടുന്ന പുഞ്ചപ്പാടത്താൽ ചുറ്റപ്പെട്ടാണ് കിടക്കുന്നത്.  ജൂൺ മാസം മുതൽ ഏതാണ്ട് നാല് മാസമെങ്കിലും പാടത്ത് വെള്ളം നിറഞ്ഞു നിൽക്കുന്നുണ്ടാകും.  ഞങ്ങളുടെ ഗ്രാമത്തിന് പുറമെ  തിരൂരങ്ങാടി, ചെമ്മാട്, കൊടിഞ്ഞി, കുണ്ടൂർ, കക്കാട് തുടങ്ങിയ പ്രദേശങ്ങൾക്ക് കൂടി അതിര് തീർക്കുന്നുണ്ട് മേൽപറഞ്ഞ വെഞ്ചാലിപ്പാടം.  പണ്ടൊക്കെ ഏറ്റവും ചുരുങ്ങിയത് പാടത്തിനോടടുത്ത് താമസിക്കുന്ന വീടുകളിലെ കുട്ടികളിലധികവും വളരെ ചെറിയ പ്രായത്തിൽ തന്നെ നീന്തൽ പഠിക്കാറുണ്ടായിരുന്നു. എന്നിരുന്നാലും ഈ പാടശേഖരത്തിലും പലപ്പോഴും മുങ്ങിമരണങ്ങൾ ഉണ്ടായിട്ടുണ്ട്. 

ഞാൻ നാലോ അഞ്ചോ വയസ്സുള്ളപ്പോൾ നീന്തൽ പഠിച്ചിട്ടുണ്ട്.  എന്റെ മൂത്ത പെങ്ങളാണ് എന്നെ നീന്തൽ പഠിപ്പിച്ചത്. 
പെങ്ങൾക്ക് അന്ന് പത്ത് വയസ്സിൽ താഴെയാണ് പ്രായം.  വെള്ളത്തിൽ പെങ്ങളുടെ കൈകളിൽ കിടന്ന് കൈകാലിട്ടടിച്ച് നീന്താൻ പഠിച്ചത്  ഇപ്പോഴും ഓർക്കുന്നു.  എന്റെ താഴെയുള്ള പെങ്ങളെ നീന്തൽ പഠിപ്പിച്ചത് ഞാനാണ്.  ഇങ്ങനെ മുതിർന്ന കുട്ടികൾ അവരുടെ  താഴെയുള്ള കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നത് അന്നൊക്കെ പതിവുള്ള കാര്യമായിരുന്നു.   പാടത്തും തോട്ടിലും കുഴികളിലുമൊക്കെ വെള്ളമുണ്ടെങ്കിൽ കുളി അവിടെ മാത്രമായിരുന്ന കാലമായിരുന്നു അത്.   ജീവിതത്തിൽ തിരക്കുകൾ കൂടിയപ്പോൾ കുളി കുളിമുറിയിൽ മാത്രം ഒതുങ്ങിയപ്പോഴാണ് നീന്തൽ പഠിക്കുന്നതും പഠിപ്പിക്കുന്നതും ഇല്ലാതായതെന്നാണ് തോന്നുന്നത്.

ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഞാനുമായി ബന്ധപ്പെട്ട  മൂന്ന് വീടുകളിൽ  എത്ര പേർക്ക് നീന്തൽ അറിയുമെന്ന്   അന്വേഷിക്കാൻ പറഞ്ഞു. മൂന്ന് വീടുകളിലുമായി  ആകെയുള്ള പതിനേഴ് പേരിൽ ആറ് പേർക്ക് മാത്രമേ നീന്തൽ അറിയൂ എന്നാണ് അറിയാൻ കഴിഞ്ഞത്.  നാല് മാസം വെള്ളം നിൽക്കുന്ന വെഞ്ചാലിപ്പാടത്ത് നിന്ന് ഏതാണ്ട്  നാന്നൂറ് മീറ്റർ അകലത്തിൽ മാത്രമാണ് ഇവരൊക്കെ ജീവിക്കുന്നത് എന്ന് കൂടി മനസ്സിലാക്കുമ്പോൾ നീന്തൽ പഠിക്കുന്ന കാര്യത്തെക്കുറിച്ച്  സമീപകാലങ്ങളിൽ അധികമാളുകളും  ചിന്തിക്കാറുണ്ടായിരുന്നില്ല എന്ന  യാഥാർത്ഥ്യം കൂടി ഉൾക്കൊള്ളേണ്ടതുണ്ട്. 

എന്തായാലും നീന്തൽ പഠിക്കാനും പഠിപ്പിക്കാനും വീടിനടുത്ത് ജലാശയങ്ങൾ ഉണ്ടായിട്ട് പോലും അതേ ജലാശയങ്ങളിൽ നീന്തൽ അറിയാത്തതുകൊണ്ട് മാത്രം കുട്ടികളും കൗമാരക്കാരും മുങ്ങിമരിക്കേണ്ടി വരുന്നു എന്നത്  അത്യന്തം ഖേദകരമാണ്. 

മഴക്കാലത്തെ വെള്ളപ്പൊക്ക ഭീഷണി കേരളത്തിലെ മിക്ക ജില്ലകളിലെ ജനങ്ങളെയും അലോസരപ്പെടുത്തുന്ന കാര്യമാണ്.  ആർക്ക,് എപ്പോൾ, എങ്ങോട്ട് നീന്തേണ്ടിവരുമെന്നത് പ്രവചിക്കാൻ കഴിയില്ലെങ്കിലും നീന്താൻ പഠിക്കേണ്ടത്  അനിവാര്യമാണെന്നതാണ്  വസ്തുത.  

പ്രകൃത്യായുള്ള ജലാശയങ്ങളല്ലാതെ പ്രാദേശിക ഭരണകൂടങ്ങൾ നിർമിച്ചുണ്ടാക്കുന്ന നീന്തൽ കുളങ്ങൾ വളരെ കുറവാണ് നമ്മുടെ കേരളത്തിൽ.  പ്‌ളസ് വൺ അഡ്മിഷനുള്ള ബോണസ് പോയന്റ് ലഭിക്കാനുള്ള സർട്ടിഫിക്കറ്റ് ലഭിക്കാൻ നീന്തിക്കാണിച്ച് കൊടുക്കാൻ പരിമിതമായ കുളങ്ങളിൽ കുട്ടികളുടെ  തിക്കും തിരക്കുമായിരുന്നു.  അഡ്മിഷന്റെ സമയത്ത് നീന്തൽ പരിശോധനക്ക് വിദ്യാർത്ഥികളെ  കൂട്ടത്തോടെ വിളിക്കാതെ പഠനകാലത്ത് തന്നെ ഈ പരിശോധന നടത്തണമെന്ന ആവശ്യം വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നയിച്ചിരുന്നു. 

ഏതായാലും നീന്തൽ എന്നത്  ഒരു കായികയിനം എന്നതിൽ കവിഞ്ഞ്  മനുഷ്യന്റെ  ജീവൻ രക്ഷിക്കാനുള്ള ഒരു സുരക്ഷ പരിശീലനം എന്ന നിലക്ക് സർക്കാരും സന്നദ്ധ സംഘടനകളും പരിഗണിക്കുകയും നീന്തൽ പഠിക്കാൻ  കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്താൽ ഇടക്കൊക്കെയുള്ള മുങ്ങിമരണങ്ങളുടെ ദാരുണ വാർത്തകൾ ആവർത്തിക്കപ്പെടുന്നത്  കുറയ്ക്കാൻ  കഴിയും.
 

Latest News