Sorry, you need to enable JavaScript to visit this website.

സോളാര്‍ പീഡനക്കേസിലെ സി ബി ഐ റിപ്പോട്ടിന്‍ന്മേല്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയം തള്ളി


തിരുവനന്തപുരം - സോളാര്‍ പീഡനക്കേസിലെ സി ബി ഐ റിപ്പോര്‍ട്ടിന്മേല്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയം ചര്‍ച്ചയ്ക്ക് ശേഷം നിയമസഭ തള്ളി. അടിയന്തിര പ്രമേയ ചര്‍ച്ചകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് ശേഷമാണ് പ്രമേയം സഭ തള്ളിയത്. ഷാഫി പറമ്പിലാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. പ്രതിപക്ഷ നിരയില്‍ നിന്നും സണ്ണി ജോസഫ്, എന്‍ ഷംസുദ്ദീന്‍, കെ കെ രമ എന്നിവര്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഭരണപക്ഷത്ത് നിന്ന് കെടി ജലീല്‍, പി ബാലചന്ദ്രന്‍, പി പി ചിത്തരഞ്ജന്‍, എം നൗഷാദ്, കെ വി സുമേഷ് എന്നിവരാണ് സംസാരിച്ചത്.

സോളാര്‍ ലൈംഗികാരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സി ബി ഐ റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്നായിരുന്നു ഷാഫി പറമ്പില്‍ അടിയന്തിര പ്രമേയ നേട്ടീസില്‍ ആവശ്യപ്പെട്ടത്. വിഷയവുമായി ബന്ധപ്പെട്ട സി ബി ഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ഇല്ലെന്നും ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ സാധിക്കില്ലെന്നും അതുകൊണ്ടു തന്നെ വിഷയത്തില്‍ ചര്‍ച്ച ആകാമെന്നും മുഖ്യമന്ത്രി നിലപാട് എടുക്കുകയായിരുന്നു. വിശ്വാസ്യത ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിക്ക് അവഹേളനം നേരിടേണ്ടി വന്നെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഷാഫി പറമ്പില്‍ പറഞ്ഞു. കത്തിന് പുറത്താണ് ആരോപണങ്ങളുടെ കൂമ്പാരങ്ങള്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും പങ്ക് ഇതിലുണ്ട്. ഇതിന്റെ ഭാഗമായ മാധ്യമങ്ങളും മാപ്പ് പറഞ്ഞിട്ടില്ല. തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ചവര്‍ മാപ്പ് പറയണം. ഒരു ഭരണാധികാരിയെയാണ് ഇത്തരത്തില്‍ അവഹേളിച്ചത് എന്നത് കേരളത്തിന് അപമാനമാണെന്നും രാഷ്ട്രീയ ദുരന്തമാണ് സോളാര്‍ കേസെന്നും  അടിയന്തരപ്രമേയം അവതരിപ്പിച്ചു കൊണ്ട് ഷാഫി പറമ്പില്‍ പറഞ്ഞു.

Latest News