തുറൈഫ്- പത്ത് വർഷം മുമ്പ് തുറൈഫ് ജനറൽ ആശുപത്രിയിലാണ് സുൽത്താൻ അൽ നസാൽ അവളെ കണ്ടുമുട്ടുന്നത്. റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന ഫിലിപ്പിനോ സുന്ദരി ജാനിസ് ഒറ്റ നോട്ടത്തിൽ തന്നെ ഹൃദയം കവരുകയായിരുന്നുവെന്ന് സുൽത്താൻ പറയുന്നു. തുടർന്ന് ഫിലിപ്പൈൻസിലേക്ക് യാത്ര തിരിച്ച സൗദി യുവാവ് ജാനിസിന്റെ മാതാപിതാക്കളെ സന്ദർശിക്കുകയും മകളെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. ഇസ്‌ലാം മത വിശ്വാസം സ്വീകരിക്കണമെന്ന ഒറ്റ നിബന്ധന മാത്രമാണ് താൻ മുന്നോട്ടുവെച്ചതെന്നും സുൽത്താൻ എം.ബി.സി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. യാതൊരു വൈമനസ്യവും കൂടാതെ ഉപാധി അംഗീകരിച്ചതോടെ ഇരുവരും ഒന്നായി മാറി. പത്ത് വർഷത്തെ മാതൃകാ യോഗ്യമായ ദാമ്പത്യത്തിൽ രണ്ട് പെണ്ണും ആണുമായി മൂന്ന് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. ഭർത്താവിനോടൊപ്പം വില്ലയിൽ താമസിക്കുകയാണെങ്കിലും വടക്കൻ അതിർത്തി പ്രവിശ്യയിലെ ജീവിത രീതികളും ആചാരങ്ങളും ഭാര്യ (ഉമ്മു ഫഹദ്) നന്നായി ഉൾക്കൊണ്ടിട്ടുണ്ടെന്ന് സുൽത്താൻ പറയുന്നു. കൂടാതെ, ആട് മാടുകളെ മേയ്ക്കുന്നതിനും കറക്കുന്നതിനും ഇവർക്ക് വശമുണ്ട്. ഭർത്താവിന്റെ മാതാപിതാക്കൾ ഒരു മകളോടെന്ന വിധം വാത്സല്യമാണ് തന്നോട് കാണിച്ചതെന്ന് ഉമ്മു ഫഹദ് പറഞ്ഞു. സൗദി പൗരത്വം ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഇരുവരും എം.ബി.സി ന്യൂസിനോട് വെളിപ്പെടുത്തി.