Sorry, you need to enable JavaScript to visit this website.

സൗദി കിരീടാവകാശിയെ സ്വീകരിക്കാൻ മസ്‌കത്തിൽ ഒരുക്കങ്ങൾ

ജിദ്ദ - കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ സ്വീകരിക്കാൻ മസ്‌കത്തിൽ ഒരുക്കങ്ങൾ തകൃതി. ന്യൂദൽഹിയിൽ ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശനം പൂർത്തിയാക്കി ഒമാൻ സന്ദർശിക്കുമെന്നാണ് കരുതുന്നത്. സൗദി കിരീടാവകാശിയും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈഥം ബിൻ താരിഖും വിശദമായ ചർച്ച നടത്തും. മേഖലാ, ആഗോള തലത്തിലെ പുതിയ സംഭവവികാസങ്ങളും സൗദി അറേബ്യയും ഒമാനും തമ്മിലുള്ള ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്യും.
സൗദി, ഒമാൻ ബന്ധം മാതൃകാപരമായ അയൽപക്കബന്ധമായി മാറിയതായി ഒമാൻ വിദേശ മന്ത്രി ബദ്ർ ബിൻ ഹമദ് അൽബൂസഈദി പറഞ്ഞു. ഉഭയകക്ഷി വ്യാപാരം 123 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലം സൗദി, ഒമാൻ വ്യാപാരം 700 കോടി ഡോളറിലെത്തി. സൗദി, ഒമാൻ ഏകോപന സമിതി നിലവിൽവന്ന ശേഷം രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിൽ ഇരു രാജ്യങ്ങളും ഏറെ മുന്നോട്ടുപോയിട്ടുണ്ട്.
ഒമാൻ ഭരണാധികാരിയായി സുൽത്താൻ ഹൈഥം ബിൻ താരിഖ് അധികാരമേറ്റ ശേഷം ആദ്യമായി സന്ദർശിച്ച വിദേശ രാജ്യം സൗദി അറേബ്യയായിരുന്നു.
അന്ന് ഒമാൻ സുൽത്താന്റെയും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും സാന്നിധ്യത്തിൽ സൗദി, ഒമാൻ ഏകോപന സമിതി സ്ഥാപന കരാറിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിൽ വ്യത്യസ്ത മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഏകോപന സമിതി പ്രവർത്തിക്കുന്നു. ഏകോപന സമിതി നിലവിൽവന്ന ശേഷം ഇരു രാജ്യങ്ങളും നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഉഭയകക്ഷി വാണിജ്യ വിനിമയം ശക്തമാക്കാൻ സൗദി, ഒമാൻ ബിസിനസ് കൗൺസിലും പ്രവർത്തിക്കുന്നു.
സൗദി, ഒമാൻ അതിർത്തിയിലെ റുബ്ഉൽഖാലി അതിർത്തി പോസ്റ്റ് വഴി കഴിഞ്ഞ വർഷം 84.3 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടന്നു. കഴിഞ്ഞ കൊല്ലം ഉഭയകക്ഷി വ്യാപാരം 270 കോടി ഒമാനി റിയാൽ (700 കോടി ഡോളർ) ആയി ഉയർന്നു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഉഭയകക്ഷി വ്യാപാരം 123 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ കൊല്ലം ഒമാൻ സൗദിയിലേക്ക് 240 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ കയറ്റി അയച്ചു. സൗദി അറേബ്യ ഒമാനിലേക്ക് 480 കോടി ഡോളറിന്റെ പെട്രോളിതര ഉൽപന്നങ്ങളും കയറ്റി അയച്ചു.
ഒമാനിൽ നിന്ന് സൗദിയിലേക്കുള്ള കയറ്റുമതിയുടെ 72 ശതമാനവും സമുദ്ര മാർഗമായിരുന്നു. കയറ്റുമതിയുടെ 27.6 ശതമാനം കര മാർഗവും 0.4 ശതമാനം വിമാന മാർഗവുമായിരുന്നു. സൗദിയിൽ നിന്ന് ഒമാനിലേക്കുള്ള കയറ്റുമതിയുടെ 77 ശതമാനം കപ്പൽ മാർഗവും 22.5 ശതമാനം കര മാർഗവും അര ശതമാനം വിമാന മാർഗവുമായിരുന്നു.
ഒമാൻ വിദേശ മന്ത്രാലയവും ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും പരസ്പരം ഏകോപനം നടത്തി റിയാദ് ഒമാൻ എംബസിയിൽ ആദ്യമായി നിക്ഷേപ, സാമ്പത്തിക അറ്റാഷെയെ നിയമിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ നിക്ഷേപകരുടെ നീക്കങ്ങൾ ശക്തമാക്കാനും ആശയവിനിമയം എളുപ്പമാക്കാനും പരിചയസമ്പത്ത് കൈമാറ്റത്തിനും നിക്ഷേപങ്ങൾ ആകർഷിക്കാനും സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നിക്ഷേപ, സാമ്പത്തിക അറ്റാഷെ പ്രവർത്തിക്കുന്നുതായും ബദ്ർ ബിൻ ഹമദ് അൽബൂസഈദി പറഞ്ഞു.

Latest News