Sorry, you need to enable JavaScript to visit this website.

സോളാറിൽ സഭയിൽ അടിയന്തര ചർച്ച

തിരുവനന്തപുരം - സോളാർ പീഡനക്കേസിലെ സി.ബി.ഐ റിപ്പോർട്ടിൽ അടിയന്തര പ്രമേയ നോട്ടീസിൽ നിയമസഭയിൽ ഇന്ന് ചർച്ച നടക്കും. പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ നല്കിയ നോട്ടീസിൽ ചർച്ച ആവാമെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതോടെയാണ് അടിയന്തര പ്രമേയ ചർച്ചയ്ക്ക് കളമൊരുങ്ങിയത്. സോളാർ ലൈംഗികാരോപണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപോർട്ടിൽ ചർച്ച വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരിക്കും പ്രതിപക്ഷത്തിന്റെ നോട്ടീസിൽ ചർച്ച നടക്കുക. 
 സോളാർ വിഷയവുമായി ബന്ധപ്പെട്ട സി.ബി.ഐയുടെ ഔദ്യോഗിക റിപോർട്ട് സർക്കാരിന്റെ കൈവശം ഇല്ലെന്ന് ഷാഫി പറമ്പിലിന്റെ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി  പറഞ്ഞു. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ മറുപടി പറയാൻ സാധിക്കില്ല. എങ്കിലും വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 അതിജീവിതയുടെ ആവശ്യപ്രകാരം സോളാർ കേസിൽ സി.ബി.ഐയെ അന്വേഷണം ഏൽപ്പിച്ചത് സർക്കാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സോളാർ പീഡനക്കേസിന്റെ മറവിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ ക്രൂരമായി വേട്ടയാടിയതിന് ശേഷമാണ് കേസിൽ അദ്ദേഹത്തെ കുടുക്കാൻ ഗൂഢാലോചന നടന്നതായി സി.ബി.ഐ റിപോർട്ട് പുറത്തുവന്നത്. അതിജീവിതയുടെ പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ മറ്റു ചില രാഷ്ട്രീയ താൽപര്യങ്ങൾക്ക് അടിമപ്പെട്ടവർ പിന്നീട് എഴുതിച്ചേർത്ത് മുതലെടുപ്പിന് ശ്രമിക്കുകയാണുണ്ടായതെന്നാണ് പുറത്തുവന്ന സത്യം. ഈ സി.ബി.ഐ റിപോർട്ട് ഉമ്മൻചാണ്ടിക്ക് അറിയുമായിരുന്നെങ്കിലും അദ്ദേഹം അത് പോലും പുറത്ത് പറഞ്ഞില്ലെന്നും വാർത്തകളുണ്ട്. എന്തായാലും രാഷ്ട്രീയകേരളം ഏറെ ചർച്ച ചെയ്ത വിവാദ വിഷയം അദ്ദേഹത്തിന്റെ മരണാനന്തരമാണ് സഭയിൽ അടിയന്തര പ്രമേയമായി ചർച്ചയ്ക്കു വരുന്നത്. ഉമ്മൻചാണ്ടി പ്രതിനിധാനം ചെയ്ത പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ തൊട്ടു പിന്നാലെയാണ് ഈ വിഷയം ചർച്ചയാവുന്നതെന്ന പ്രത്യേകതയും ഇന്നത്തെ സഭാ സമ്മേളനത്തിനുണ്ട്.
 

Latest News