Sorry, you need to enable JavaScript to visit this website.

ജസ്റ്റീസ് ലോയയുടെ ദുരൂഹമരണം: പുനഃപരിശോധന ഹരജി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂദൽഹി-  ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സുഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി തള്ളിയ സുപ്രിംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷൻ നൽകിയ പുനഃപരിശോധനാ ഹരജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാൻവിൽകാർ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സ്വതന്ത്രമായ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന ഇതേ ബെഞ്ചിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അസോസിയേഷൻ ഹരജി നൽകിയിരിക്കുന്നത്. ലോയേഴ്‌സ് അസോസിയേഷനു വേണ്ടി മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവേ ഹാജരാകും. 
ഏപ്രിൽ 19ലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ ഹരജി നൽകിയിരിക്കുന്നത്. ജസ്റ്റീസ് ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. സുപ്രീംകോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കണം. ജസ്റ്റിസ് ലോയ കേസിൽ സുപ്രീംകോടതി നടത്തിയ നരീക്ഷണങ്ങൾ മാറാതിരുന്നാൽ ഭാവിയിൽ സുപ്രീംകോടതിയുടെ പ്രതിച്ഛായക്കു തന്നെ മങ്ങലേൽക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണവും ജുഡീഷ്യൽ സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറയ്ക്കാനുള്ള ശ്രമങ്ങളും ഈ കേസിന്റെ വാദത്തിനിടെ വെളിപ്പെട്ടുവെന്നുമുള്ള കോടതിയുടെ പരാമർശങ്ങൾ നീക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ജസ്റ്റീസ് ലോയയുടെ മരണം സംബന്ധിച്ചു സ്വതന്ത്ര അന്വേഷണം നടന്ന് അദ്ദേഹത്തിന്റേത് സ്വാഭാവിക മരണമാണെന്നു  കണ്ടെത്തിയാൽ ഈ വിഷയം സംബന്ധിച്ചുള്ള എല്ലാ ദുരൂഹതകളും അതോടെ അവസാനിക്കും. അതോടൊപ്പം തന്നെ വെല്ലുവിളികളുടെ കാലത്ത് ജനങ്ങൾ ജുഡീഷ്യറിക്കൊപ്പം നിൽക്കുമെന്ന ശക്തമായ സന്ദേശവും അത് രാജ്യത്തിന് നൽകും. മറിച്ച്, ജസ്റ്റിസ് ലോയയുടെ മരണത്തിൽ അസ്വഭാവികത ഉണ്ടെന്നാണു കണ്ടെത്തുന്നതെങ്കിൽ അത് കോടതിയുടെ സ്വാതന്ത്ര്യത്തിനും നിക്ഷ്പക്ഷതയ്ക്കും തിളക്കം കൂട്ടുമെന്നും ഹരജിയിൽ പറയുന്നു. വിഷയത്തെ വിവാദമാക്കാനോ സുപ്രീംകോടതിയുടെ സ്വാതന്ത്ര്യത്തെയൊ വിശ്വാസ്യതയേയൊ ചോദ്യം ചെയ്യാനല്ല പുതിയ പരാതി എന്നും പുനപരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിൽ ലോയേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്.
സഹപ്രവർത്തകന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ  നാഗ്പൂരിൽ എത്തിയ ലോയ, 2014 ഡിസംബർ ഒന്നിനാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് ലോയ മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.  എന്നാൽ, ബിജെപി അധ്യക്ഷനായ അമിത്ഷാ പ്രതിയായിരുന്ന സുഹ്‌റാബുദീൻ ഷെയ്ക്ക് വ്യാജ ഏറ്റമുട്ടൽ കേസിൽ വാദം കേട്ടിരുന്ന പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് പ്രത്യേക സംഘം സ്വതന്ത്ര അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച വിവിധ ഹരജികൾ തള്ളിക്കൊണ്ടാണ് ഏപ്രിൽ 19ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് ലോയയുടേത് സാധാരണ മരണമാണെന്നായിരുന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നത്. വീണ്ടും ഒരന്വേഷണം നടത്താൻ മാത്രം സംശയകരമായി ഒന്നുമില്ലെന്നും കോടതി  വ്യക്തമാക്കിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് തെഹ്‌സീൻ പൂനേവാല, ബാന്ധുരാജ് ലോണേ എന്നിവരടക്കമുള്ളവർ നൽകിയ വ്യത്യസ്ത ഹരജികൾ തള്ളികൊണ്ടാണ് സുപ്രീംകോടതി വിധിപുറപ്പെടുവിച്ചത്.
 

Latest News