Sorry, you need to enable JavaScript to visit this website.

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ഇന്ന്,  നിയമസഭ സമ്മേളനം പുനഃരാരംഭിക്കുന്നു 

 തിരുവനന്തപുരം-15-ാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന സമ്മേളനത്തിനാണ് തുടക്കമാകുന്നത്. പുതുപ്പള്ളിയിലെ ഉജ്ജ്വല വിജയത്തിന്റെ വര്‍ധിത വീര്യവുമായിട്ടാണ് പ്രതിപക്ഷം ഇന്ന് നിയമസഭയിലെത്തുന്നത്. പുതുപ്പള്ളിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ ഇന്നു രാവിലെ 10 മണിക്ക് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. പിതാവിന്റെ ചരമോപചാരത്തിനും അദ്ദേഹത്തിന്റെ മരണം മൂലം ഒഴിവുവന്ന മണ്ഡലത്തില്‍ വിജയിച്ച മകന്റെ സത്യപ്രതിജ്ഞയ്ക്കും സാക്ഷ്യം വഹിക്കുന്നുവെന്ന പ്രത്യേകതയും പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിനുണ്ട്.
ഈ മാസം 14 വരെ ചേരുന്ന നാല് ദിവസത്തെ നിയമസഭ സമ്മേളനത്തില്‍ പുതുപ്പള്ളിയില്‍ പിണറായി സര്‍ക്കാരിനെതിരായ ജനവിധിയെന്ന് ചൂണ്ടിക്കാട്ടി സഭയില്‍ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. കൂടാതെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സഭാംഗവും മുന്‍ മന്ത്രിയുമായ എസി മൊയ്തീന്‍ പ്രതിയാക്കപ്പെടുമെന്നു സൂചനയുള്ളതിനാല്‍ കരുവന്നൂര്‍ അഴിമതിയും പ്രതിപക്ഷം ഉന്നയിക്കും. 
ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതിനാല്‍ മുന്‍ മന്ത്രിയും സിപിഎം എംഎല്‍എയുമായ എ സി മൊയ്തീന്‍ ഇന്ന് നിയമസഭയില്‍ എത്തില്ല. കഴിഞ്ഞയാഴ്ച ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ നിയമസഭയിലെ ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയില്‍ പങ്കെടുക്കണമെന്ന കാരണം പറഞ്ഞാണു മൊയ്തീന്‍ ഒഴിഞ്ഞുമാറിയത്. സഭയില്‍ എല്ലാ അംഗങ്ങളുടെയും സാന്നിധ്യം ഉറപ്പുള്ളതിനാല്‍ ഗ്രൂപ്പ് ഫോട്ടോയെടുപ്പും നിശ്ചയിച്ചിട്ടുണ്ട്. 14 ബില്ലുകളാണ് നാലു ദിവസങ്ങളിലായി പാസ്സാക്കേണ്ടത്. 

Latest News