ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അവശേഷിക്കുന്നത് മൂന്ന് ദിവസം

കൊച്ചി-ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ദീര്‍ഘകാലമായി തിരുത്താനായി കാത്തിരിക്കുന്നവര്‍ തീര്‍ച്ചയായും പരിഗണിക്കേണ്ട മാസമാണ് സെപ്റ്റംബര്‍. കാരണം ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഈ മാസം മുതല്‍ പണം നല്‍കേണ്ടി വരും. ജൂണ്‍ 14 വരെ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം എന്നതിന്റെ കാലാവധി യു.ഐ.ഡി.എ.ഐ സെപ്തംബര്‍ 14വരെ നീട്ടിയിരുന്നു. പത്ത് വര്‍ഷം മുന്‍പ് ആധാര്‍ സ്വന്തമാക്കിയ ശേഷം വിവരങ്ങള്‍ പുതുക്കാത്തവര്‍ക്കാണ് ഇതിന് അവസരം.
ആധാറും പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ പല തവണ കാലാവധി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ആ സമയങ്ങളിലൊന്നും തന്നെ ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയാക്കാത്തവര്‍ക്ക് പിന്നീട് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കാരണം പാന്‍ കാര്‍ഡ് ലിങ്കിംഗിനായി ഇടയ്ക്കിടയ്ക്ക് സമയപരിധി നീട്ടി നല്‍കുന്ന പതിവ് ജൂണ്‍ 30-ഓടെ പിന്‍വലിച്ചിരുന്നു. പിന്നാലെ പലരുടെയും പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായി. സേവനം തുടരാനായി പിഴടച്ചവരും കുറവല്ല. ഇതിന് സമാനമായി ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിനുള്ള സൗജന്യവും എപ്പോള്‍ വേണമെങ്കിലും പിന്‍വലിച്ചേക്കാം.  സെപ്റ്റംബര്‍ 14-ന് മുന്‍പ് സൗജന്യ സേവനം വിനിയോഗിക്കുന്നതായിരിക്കും ഉചിതം. സേവനം ഉപയോഗിക്കാനായി യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. 

Latest News