ജി 20 ഉച്ചകോടി; ഇന്ത്യയെ അഭിനന്ദിച്ച് റഷ്യ

ന്യൂദല്‍ഹി- ജി 20 ഉച്ചകോടി യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്കു കേന്ദ്രീകരിക്കുന്നത് തടയാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞെന്നു റഷ്യ. ഇക്കാര്യത്തില്‍ ഇന്ത്യയുടെ സമീപനം പ്രശംസനീയമാണെന്നും ഉച്ചകോടിയിലെ  റഷ്യന്‍ പ്രതിനിധി പ്രതിരോധ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.

ഉച്ചകോടിയെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം ഇന്ത്യ ഫലപ്രദമായ ഇടപെടലിലൂടെ തടഞ്ഞുവെന്നും ഉച്ചകോടി വന്‍ വിജയമാണെന്നും അദ്ദേഹം വിശദമാക്കി. 

ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനമത്തെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങളത് പ്രതീക്ഷിച്ചില്ല എന്നായിരുന്നു ലാവ്‌റോവ് നല്‍കിയ മറുപടി. യുക്രെയ്‌നെയും റഷ്യയെയും പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ പ്രഖ്യാപനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നു വേര്‍തിരിക്കാനാവില്ലെങ്കിലും അതിലെ പ്രധാന ശ്രദ്ധ തെക്കന്‍ രാജ്യങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനാണെന്നും പടിഞ്ഞാറിന് ഇനിയുള്ളകാലം മേധാവിത്വം തുടരനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് പുതിയ ശക്തികേന്ദ്രങ്ങള്‍ ഉയരുകയാണ്. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ വര്‍ഷം ലക്ഷം കോടി ഡോളര്‍ നല്‍കുമെന്ന വാഗ്ദാനം പാലിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്നുമായി ഇപ്പോഴൊരു വെടിനിര്‍ത്തലുണ്ടാകുമെന്നു കരുതുന്നില്ലെന്നും പ്രതിരോധ മന്ത്രി വിശദമാക്കി. യുക്രെയ്ന്‍ തങ്ങള്‍ക്കു നേരേ ഭീഷണിമുഴക്കുകയാണെന്നും 18 മാസം മുന്‍പ് ഉണ്ടാക്കിയ ഉടമ്പടിയില്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ പ്രേരണയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി ഒപ്പിടാന്‍ മടിച്ചുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. തങ്ങള്‍ ഖേദം പ്രകടിപ്പിക്കുമെന്നാണ് അവര്‍ കരുതുന്നതെങ്കിലും അതു നടക്കില്ലെന്നും ലാവ്‌റോവ് പറഞ്ഞു.

Latest News