ഇടുക്കി- പാലക്കാടിനെ പിന്തള്ളി സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി വീണ്ടും ഇടുക്കി. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായ 12,718.5095 ഹെക്ടർ സ്ഥലം ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെയാണ് സംസ്ഥാനത്തെ വലിപ്പം കൂടിയ ജില്ല എന്ന സ്ഥാനം ഇടുക്കിക്ക് തിരികെ ലഭിച്ചത്.
ഭരണ സൗകര്യത്തിനായാണ് ഈ മാറ്റം.
കുട്ടമ്പുഴ വില്ലേജിലെ ഒന്ന് മുതൽ 20 വരെയുള്ള സർവേ നമ്പറുകളിലുള്ള സ്ഥലം ഇനി ഇടമലക്കുടിയുടെ ഭാഗമാകും. പുതിയ മാറ്റം സംബന്ധിച്ച സർക്കാർ വിജ്ഞാപനം സെപ്റ്റംബർ 5ന് പുറപ്പെടുവിച്ചു. വെള്ളിയാഴ്ചത്തെ സർക്കാർ ഗസറ്റിലും ഇത് പ്രസിദ്ധീകരിച്ചു.
ഇതോടെ ഇടുക്കിയുടെ വിസ്തീർണം 4,48,504.64 ഹെക്ടറിൽ നിന്ന് 4,61,223.1495 ആയി. ഒന്നാം സ്ഥാനത്തായിരുന്ന പാലക്കാടിന്റെ വിസ്തീർണം 4,48,200 ഹെക്ടറാണ്.
ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലും എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലുമായി നിന്ന ഒട്ടേറെ ആദിവാസി കുടുംബങ്ങൾക്ക് പുതിയ മാറ്റത്തോടെ പട്ടയം ലഭിക്കുന്നതടക്കമുള്ള റവന്യൂ ആവശ്യങ്ങൾക്ക് ഇനി കുട്ടമ്പുഴയിലേക്കു വരേണ്ടിവരില്ല. അവർ ഇനി ഇടമലക്കുടി വില്ലേജിന്റെ ഭാഗമാകും.
ദേവികുളം സബ് കലക്ടറുടെ കീഴിലാണ് ഇടമലക്കുടി. ഒരു പഞ്ചായത്തിന് ഒരു വില്ലേജ് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ക്രമീകരണമെന്ന് റവന്യൂ അധികൃതർ പറയുന്നു. ഇടുക്കിയുടെ വിസ്തീർണം കൂടുന്നതനുസരിച്ച് ജനസംഖ്യയിലും വർധനയുണ്ടാകും. ഏകദേശം 2500 പേർ ജില്ലയിൽ കൂടും. കുട്ടമ്പുഴ വില്ലേജ് നേരത്തെ തന്നെ ദേവികുളം നിയമസഭാ മണ്ഡലത്തിലായതിനാൽ അത്തരം കാര്യങ്ങളിലൊന്നും മാറ്റം വരില്ല.
1997ന് മുമ്പ് ഇടുക്കി തന്നെയായിരുന്നു വലിപ്പത്തിൽ വമ്പൻ. 1997 ജനുവരി ഒന്നിനു ദേവികുളം താലൂക്കിൽ നിന്ന് കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലേക്ക് ചേർത്തു. ഇതോടെ ഇടുക്കിയുടെ വലിപ്പം കുറഞ്ഞ് രണ്ടാം സ്ഥാനത്തായി. അതുവരെ രണ്ടാമതായിരുന്ന പാലക്കാട് അന്ന് ഒന്നാമതുമെത്തുകയായിരുന്നു.