Sorry, you need to enable JavaScript to visit this website.

സോളാര്‍ പരാതിക്കാരി വന്നത് പിണറായി പറഞ്ഞിട്ടെന്ന് പി.സി ജോർജ്, പര്‍ദ്ദ ധരിച്ചാണ് വന്നതെന്നും ജോര്‍ജ്

കോട്ടയം - സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിയെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്നും തന്നെയടക്കം ഇക്കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമുണ്ടായെന്നും ഗവൺമെന്റ് മുൻ ചീഫ് വിപ്പ് പി.സി ജോർജ് പറഞ്ഞു. പരാതിക്കാരി വീട്ടിലെത്തി തന്നോട് സാക്ഷി പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉമ്മൻചാണ്ടിക്കെതിരെയുള്ള മൊഴി എഴുതിത്തന്നുവെന്നും പിണറായി വിജയൻ പറഞ്ഞിട്ടാണ് പരാതിക്കാരി എത്തിയതെന്നും പി.സി ജോർജ് വെളിപ്പെടുത്തി.
  അന്ന് താൻ രാഷ്ട്രീയ വൈരാഗ്യത്തോടെ ഉമ്മൻചാണ്ടിക്കെതിരെ സംസാരിച്ചെങ്കിലും സി.ബി.ഐക്കു മുന്നിൽ സത്യം മാത്രമാണ് പറഞ്ഞതെന്നും പി.സി ജോർജ് പറഞ്ഞു. ദല്ലാൾ നന്ദകുമാർ വഴി പരാതിക്കാരിയെ പിണറായി വിജയൻ കണ്ടു. ശേഷം പരാതി എഴുതി കൊടുക്കുകയും ആ പരാതി സി.ബി.ഐയ്ക്ക് പിണറായി കൊടക്കുകയുമാണുണ്ടായത്. ഇതിനു പിന്നാലെ പരാതിക്കാരി എന്നെ വീട്ടിൽ വന്നു കാണുകയും, മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും പരാതി മുഖ്യമന്ത്രി സി.ബി.ഐയ്ക്ക് കൊടുത്തിട്ടുണ്ടെന്നും പറഞ്ഞു. 
  പർദ്ദയൊക്കെ ധരിച്ച് ആരും കാണാതെയാണ് അവർ വന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ചു, ഉമ്മൻചാണ്ടിയെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞിരിക്കുകയാണ്; സാറൊന്ന് സഹായിക്കണമെന്ന് പറഞ്ഞു. എങ്ങനെയെന്ന് ചോദിച്ചപ്പോൾ, ഇതുപോലെ മൊഴി നൽകിയാ മതിയെന്ന് പറഞ്ഞ് എഴുതിത്തന്നു. അത് ഞാൻ വാങ്ങി വെച്ചെങ്കിലും ഞാനൊന്നും മിണ്ടിയില്ല, കാരണം അവരോടെനിക്ക് പിണങ്ങാനാവില്ല. അവർ ക്രൂശിക്കപ്പെട്ടൊരു സ്ത്രീയാണ്, അതാണ് എനിക്ക് അവരോട് സഹതാപമുണ്ടാക്കിയത്. പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥർ വന്നുവെങ്കിലും പരാതി കളവാണെന്ന് ഞാൻ പറഞ്ഞു. ഞാൻ ഉമ്മൻചാണ്ടിക്കെതിരെ പറഞ്ഞത് രാഷ്ട്രീയവൈരാഗ്യത്തിന്റെ ഭാഗമായി ചെയ്തതാണെന്നും പറഞ്ഞു. ഒപ്പം ആ സ്ത്രീ എഴുതിത്തന്ന കടലാസെടുത്ത് സി.ബി.ഐ ഉദ്യോഗസ്ഥർക്ക് കൊടുക്കുകയുമായിരുന്നു. അതുവായിച്ചപ്പോൾ ഞാൻ പറഞ്ഞത് സത്യമാണെന്ന് അവർക്ക് മനസിലായെന്നും പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
 

Latest News