കോഴിക്കോട്- കോഴിക്കോട് കാർ യാത്രക്കാരിയെ എസ്.ഐയും സംഘവും മർദ്ദിച്ചതായി പരാതി. കോഴിക്കോട് അത്തോളി സ്വദേശിനി അഫ്‌ന അബ്ദുൾ നാഫിക്കാണ് മർദ്ദനമേറ്റത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം.
ഇന്ന്(ഞായർ) പുലർച്ചയോടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ പോലീസുകാർ, യുവതി കുടുംബവുമായി സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. നടക്കാവ് എസ്.ഐ വിനോദിനെതിരെ കാക്കൂർ പോലീസിൽ യുവതി പരാതി നൽകി. മുക്കത്ത് നിന്ന് അത്തോളിയിലേക്ക് വരുന്നതിനിടെയാണ് സംഭവം.
പോലീസ് അടിവയറ്റിൽ തൊഴിക്കുകയും വലതു കൈയ്യിൽ കടിക്കുകയും ചെയ്തു. കാറിന് സൈഡ് കൊടുക്കാത്തതിനാൽ അക്രമിസംഘം കാറിൽ നിന്ന് വലിച്ച് പുറത്തേക്കിട്ടു. കാറിലെത്തിയ സംഘം വിളിച്ചതു പ്രകാരമാണ് എസ്.ഐ ബൈക്കിലെത്തി മർദ്ദിച്ചതെന്ന് അഫ്‌ന പറഞ്ഞു.