Sorry, you need to enable JavaScript to visit this website.

സൗദി ഹെല്‍ത്ത് മിനിസ്ട്രി സ്ഥാപനങ്ങളില്‍ ഇനിമുതല്‍ ബൂപ കാര്‍ഡ് സ്വീകരിക്കില്ല

റിയാദ്- ബൂപ ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കരാര്‍ ആരോഗ്യ മന്ത്രാലയം റദ്ദാക്കി. ഇനിമുതല്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലും മെഡിക്കല്‍ സിറ്റികളിലും ബൂപ ഇന്‍ഷുറന്‍സ് കമ്പനി ഉപയോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി പ്രകാരമുള്ള ചികിത്സയും ആരോഗ്യ സേവനങ്ങളും ലഭിക്കില്ല. ബൂപ കമ്പനി ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള നിരവധി പേരുടെ ചികിത്സക്കുള്ള അപ്രൂവല്‍ നല്‍കുന്നതിന് കമ്പനി വിസമ്മതിച്ചതും ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് ചികിത്സ നല്‍കിയ വകയിലുള്ള കുടിശ്ശിക മാസങ്ങളായി നല്‍കാത്തതുമാണ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
ആശുപത്രികളില്‍ കിടത്തി ചികിത്സിക്കുന്ന രോഗികളുടെ ചികിത്സ തുടരുന്നതിന് അപ്രൂവല്‍ നല്‍കാത്തതും അപ്രൂവല്‍ നിരസിക്കുന്ന കേസുകളുടെ അനുപാതം ഉയര്‍ന്നതും ക്ലെയിം അനുസരിച്ച വിഹിതത്തില്‍നിന്ന് കട്ട് ചെയ്യുന്ന തുകയുടെ അനുപാതം വര്‍ധിച്ചതും ബൂപയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതിന് കാരണമാണ്. കമ്പനിയുടെ ഭാഗത്തുള്ള ഈ വീഴ്ചകളെ കുറിച്ച് ആരോഗ്യ മന്ത്രാലയം നേരത്തെ കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെ അറിയിച്ചിരുന്നു. വീഴ്ചകള്‍ തുടരുന്നപക്ഷം കരാര്‍ റദ്ദാക്കുമെന്ന കാര്യം കമ്പനിയെയും അറിയിച്ചിരുന്നു. ബൂപ ഇന്‍ഷുറന്‍സ് കമ്പനി പരിരക്ഷയുള്ളവര്‍ക്ക് ചികിത്സ നല്‍കിയ വകയില്‍ കമ്പനിയില്‍നിന്ന് കിട്ടാനുള്ള മുഴുവന്‍ കുടിശ്ശികയും ഈടാക്കുന്നതിന് നിയമാനുസൃത മാര്‍ഗത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

Latest News