കുട്ടനാട്ടില്‍ സിപിഎം വിട്ടവര്‍ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം

ആലപ്പുഴ-കുട്ടനാട്ടില്‍ സിപിഐഎം വിട്ടവര്‍ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം. മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയാണ് പോസ്റ്റര്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനത്തിന് പിന്നാലെയാണ് വിമതര്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രചരിച്ചത്. കുട്ടനാട്ടില്‍ 222 പേരാണ് സിപിഐഎം വിട്ട് സിപിഐയില്‍ ചേര്‍ന്നത്.
എഎസ് അജിത്, എം ഡി ഉദയ്കുമാര്‍, വി കെ കുഞ്ഞുമോന്‍ എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍ പ്രചാരണം. കഴിഞ്ഞ ആറുമാസമായി ലെവി അടയ്ക്കാതെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തവരുള്‍പ്പെടെ നിരവധി പേര്‍ ഒരാഴ്ച മുന്‍പാണ് സിപിഐയില്‍ അംഗത്വത്തിന് അപേക്ഷിച്ചത്. ഇതില്‍  222 പേര്‍ക്കാണ് സിപിഐ അംഗത്വം നല്‍കിയത്.
സിപിഐഎം വിട്ടവരില്‍ മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങള്‍, ഏഴ് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, പത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന മൂന്ന് പേരെയാണ് പാര്‍ട്ടി പുറത്താക്കിയത്. ഇന്ന് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള ആലപ്പുഴ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇവരെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം വന്നത്. ഇതിനുപിന്നാലെ നൂറോളം പോസ്റ്ററുകള്‍ വിവിധയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടു. വര്‍ഗവഞ്ചകരാണെന്നും തൊഴിലാളി പ്രസ്ഥാനത്തെ വഞ്ചിച്ചെന്നുമാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.

Latest News