ന്യൂദല്‍ഹി- ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രത്തലവന്മാരുടെ വിമാനങ്ങള്‍ പാര്‍ക് ചെയ്യാനായി ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്ന് എല്ലാ സ്വകാര്യ വിമാനങ്ങളേയും കേന്ദ്ര സര്‍ക്കാര്‍ ഒഴിപ്പിച്ചു, ഒരെണ്ണമൊഴിച്ച്. രാഷ്ട്രത്തലവന്മാരുടെ വിമാനങ്ങള്‍ക്കൊപ്പം അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരേയൊരു വിമാനം മലയാളി വ്യവസായി എം.എ യൂസഫലിയുടേതാണ്.
വ്യോമയാന വിദഗ്ധന്‍ ജേക്കബ് ഫിലിപ്പ് എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ഈ വിവരമുള്ളത്.
കുറിപ്പ് വായിക്കാം..
ജി20 യില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെത്തിയിട്ടുള്ള രാഷ്ട്രനേതാക്കന്‍മാരില്‍ ഒന്‍പതുപേരുടെ വിമാനങ്ങളാണ് ഇപ്പോള്‍ ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ പാര്‍ക്കു ചെയ്തിട്ടുള്ളതായി ഫ്‌ളൈറ്റ്ട്രാക്കിങ് സൈറ്റുകളില്‍ കാണാവുന്നത്. (ട്രാന്‍സ്‌പോണ്ടറുകള്‍ ഓണായി ഇറങ്ങുന്ന വിമാനങ്ങള്‍ മാത്രമാണ് ഈ ലിസ്റ്റില്‍ ഇടംപിടിക്കുക എന്നതിനാല്‍ അമേരിക്കയുടെ എയര്‍ഫോഴ്‌സ് വണ്‍ പോലെയുള്ള കുറേ വിമാനങ്ങള്‍ അദൃശ്യമാണ്, സൈറ്റുകളില്‍).
ഇവയാണ്, ഇന്നലെ ഇറങ്ങിയ, ദൃശ്യമായ ആ ഒന്‍പതു വിമാനങ്ങള്‍
-ബ്രസീലിന്റെ എഫ്എബി2901, എയര്‍ബസ് എ330243
-ചൈനയുടെ ബി2480 ബോയിങ് 74789എല്‍
-ഇന്തൊനീഷ്യയുടെ പികെജിഐജി, ബോയിങ് 7773യു3(ഇആര്‍)
-കാനഡയുടെ 15001 എയര്‍ബസ് സിസി150 പോളാരിസ്
-ഓസ്‌ട്രേലിയയുടെ എ39007 എയര്‍ബസ് കെസി30എ
-യുകെയുടെ ജിജിബിഎന്‍ഐ എയര്‍ബസ് എ321253എന്‍എക്‌സ്
-ഇറ്റലിയുടെ എംഎം62209 എയര്‍ബസ് എ319115(സിജെ)
-അര്‍ജന്റീനയുടെ എആര്‍ജി01 ബോയിങ് 757256
-തുര്‍ക്കിയുടെ 210118 എയര്‍ബസ് എ400എം അറ്റ്‌ലസ്.
30 കിലോമീറ്റര്‍ അകലെ വ്യോമസേനയുടെ ഹിന്ദോണ്‍ വിമാനത്താവളം ഉണ്ടെങ്കിലും അവിടെ ഒരു രാഷ്ട്രത്തലവന്റെയും വിമാനം പാര്‍ക്കു ചെയ്തിട്ടില്ലെന്നാണ് സൂചനകളെല്ലാം.
(വ്യോമസേനയുടെ പാലം വിമാനത്താവളത്തിലാണ് ചില വിമാനങ്ങള്‍ ഇറങ്ങിയതെന്നും അവ പിന്നീട് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ പാര്‍ക്കു ചെയ്യുകയായിരുന്നുവെന്നും ചില മാധ്യമങ്ങള്‍ എഴുതിയത്, പാലം വിമാനത്താവളത്തിന്റെ പുതിയ പേരാണ് ഇന്ദിരാഗാന്ധി വിമാനത്താവളം എന്ന് മനസിലാക്കാതെയാവണം).
നേരത്തേ തന്നെ പാര്‍ക്കുചെയ്തു കിടന്നിരുന്ന എല്ലാ പ്രൈവറ്റ്‌ജെറ്റുകളെയും ഒഴിപ്പിച്ച് വിവിധരാജ്യങ്ങളുടെ തലവന്‍മാരുടെയും അവര്‍ക്ക് അകമ്പടി വന്നവരുടെയും വിമാനങ്ങള്‍ക്കല്ലാതെ ഒരു സ്വകാര്യവിമാനത്തിനും (ഷെഡ്യൂള്‍ഡ് പാസഞ്ചര്‍ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ക്കൊഴിച്ച്) പാര്‍ക്കുചെയ്യാന്‍ അനുമതി കൊടുക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍, ജി20 ദിനങ്ങളില്‍ തന്നെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങാനും പാര്‍ക്കു ചെയ്യാനും അനുവദിച്ച ഒരേയൊരു സ്വകാര്യജെറ്റ് വിമാനത്തെക്കുറിച്ചുകൂടി പറയാതിരിക്കുന്നതെങ്ങിനെ.
യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത ഗള്‍ഫ്‌സ്ട്രീം 550, എ6വൈഎംഎ,
നമ്മുടെ എംഎ യൂസഫലിയുടെ സ്വന്തം പ്രൈവറ്റ്‌ജെറ്റ്.
അബുദാബിയില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് 2.24 ന് ടേക്കോഫു ചെയ്ത എ6വൈഎംഎ ദല്‍ഹിയിലിറങ്ങിയത് വൈകിട്ട് 6.59ന്.






