വടക്കൻ മണ്ണിലെ രാഷ്ട്രീയത്തിൽ തിളങ്ങിയ അതികായനാണ് വിടവാങ്ങിയത്. കാസർകോടിന് വേണ്ടി ആരുടെ മുമ്പിലും പതറാതെ വാദിച്ച കരുത്തനായ ജനനായകൻ- ചെർക്കളം അബ്ദുല്ല. ഒരു കാലഘട്ടത്തിന്റെ സൂര്യനാണ് മാഞ്ഞുപോയത്. കഠിനാധ്വാനം കൊണ്ടും രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ടും ഉന്നത പദവിയിലേക്ക് ഉയർന്നു വന്ന നേതാവ്. വിശേഷണങ്ങൾക്കും അപ്പുറം കർമ്മ രംഗത്ത് മുദ്രകൾ ചാർത്തി എതിരാളികളെ പോലും സ്‌നേഹിച്ച വികസന പ്രേമി. രാഷ്ട്രീയത്തിൽ ഉന്നത പദവികൾ ഓരോന്നും ചവിട്ടിക്കയറാൻ അദ്ദേഹത്തിന് കഴിഞ്ഞത് സ്വപ്രയത്നം ഒന്നു കൊണ്ടു മാത്രമായിരുന്നു. പ്രതിസന്ധികളിലും പതറാത്ത നിലപാടുകൾ സ്വീകരിക്കാൻ കാണിച്ച ആർജവമാണ് ആ നാലക്ഷരം. മുസ്ലിംലീഗ് രാഷ്ട്രീയത്തെ അരനൂറ്റാണ്ടുകാലം നേരായ ദിശയിൽ നയിച്ച തികഞ്ഞ മതേതരവാദിയും പുരോഗമന ചിന്താഗതിക്കാരനുമായ ചെർക്കളത്തിന്റെ ശബ്ദം നിലച്ചുപോകുന്നതോടെ താങ്ങും തണലും നഷ്ടം വന്ന് പകച്ചുനിൽക്കുകയാണ് വടക്കൻ കേരളത്തിലെ ഹരിത രാഷ്ട്രീയം.
ലീഗിനൊരു 'കമാണ്ടർ' ഇല്ലാതാവുകയാണ്. ഇനി ആ പൗരുഷം ഓർമ്മകളിൽ മാത്രമാകും. രാഷ്ട്രീയത്തിൽ വ്യത്യസ്തമായ മുഖമായിരുന്ന അദ്ദേഹം എടുക്കുന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന വ്യക്തിത്വമായിരുന്നു. അവിഭക്ത കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് ജോയിന്റ സെക്രട്ടറിയായാണ് പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. കന്നടയാണ് പഠിച്ചതെങ്കിലും മലയാളത്തിലും കന്നടയിലും ഇംഗ്ലീഷിലുമൊക്കെ മനോഹരമായി എഴുതാനും വായിക്കാനും ചെർക്കളത്തിന് സാധിച്ചിരുന്നു. അരനൂറ്റാണ്ടിലേറെയായി മുസ്‌ലിം ലീഗ് നേതൃനിരയിൽ പ്രവർത്തിക്കുന്ന അദ്ദേഹം 1987 മുതൽ തുടർച്ചയായി നാലു തവണയും മഞ്ചേശ്വരത്ത് നിന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2001 ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ തദ്ദേശ ഭരണ മന്ത്രിയായി. അക്കാലത്താണ് കേരളത്തിൽ ദാരിദ്ര്യ നിർമാർജന രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടായ കുടുംബശ്രീ പദ്ധതി നിലവിൽ വന്നത്. ഏറ്റവും കൂടുതൽ ഫണ്ട് നൽകിയും ഉദ്യോഗസ്ഥതലത്തിൽ പുനർവ്യന്യാസവും പെർഫോമൻസ് ഓഡിറ്റ് സംവിധാനവും നടപ്പാക്കിയും തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കി. കൊച്ചിയിലെ മൂന്നു ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഗോ ശ്രീ പാലങ്ങൾ നിർമിച്ച് കൊച്ചിയുടെ സമഗ്രവികസനത്തിന് നാന്ദികുറിച്ചു. വികസന അതോറിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കി.
കാസർകോട് ജില്ലയുടെ പ്രഥമ ജില്ലാ കൗൺസിൽ അംഗമായിരുന്നു. 1972 മുതൽ 1984 വരെ മുസ്ലിംലീഗ് അവിഭക്ത കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി, 1984 ൽ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി, 1988 മുതൽ ആറു വർഷം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. 2002 മുതൽ ജില്ലാ പ്രസിഡന്റായിരുന്നു. കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, എം.ഇ.എസ് ആജീവനാന്ത അംഗം, സി.എച്ച് മുഹമ്മദ് കോയ സെന്റർ ഫോർ ഡവലപ്പ്മെന്റ് എജുക്കേഷൻ സയൻസ് ആൻഡ് ഡെക്‌നോളജി ചെയർമാൻ, കാസർകോട് മുസ്‌ലിം എജുക്കേഷനൽ ട്രസ്റ്റ് ട്രസ്റ്റി, ടി. ഉബൈദ് മെമ്മോറിയൽ ഫോറം ജനറൽ സെക്രട്ടറി, ചെർക്കളം മുസ്‌ലിം ചാരിറ്റബിൽ സെന്റർ ചെയർമാൻ, ചെർക്കള മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മഞ്ചേശ്വരം ഓർഫനേജ് ചെയർമാൻ തുടങ്ങിയ സമസ്ത മേഖലകളിലും ചെർക്കളം നിറഞ്ഞുനിന്നു.
യു.ഡി.എഫ് ജില്ലാ ചെയർമാനും എസ്.ടി.യു സംസ്ഥാന പ്രസിഡന്റുമായിരുന്നു. സി. കെ.പി ചെറിയ മമ്മു, ഒ.കെ മുഹമ്മദ് കുഞ്ഞി, ഇ. അഹ്മദ് എന്നിവർക്കൊപ്പമായിരുന്നു ചെർക്കളത്തിന്റെ രാഷ്ട്രീയ പ്രവർത്തനം. ഇവർക്കൊപ്പം ഉന്നത സ്ഥാനത്തിരിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പൊതുസമൂഹത്തോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്ന ആശയബോധം അദ്ദേഹത്തിനുണ്ടായതും ഈ കാലഘട്ടത്തിൽ തന്നെയാണ്. എല്ലാ അർഥത്തിലും അവഗണിക്കപ്പെട്ട മണ്ഡലമായിരുന്നു മഞ്ചേശ്വരം. ആ മണ്ഡലത്തിൽനിന്നു തുടർച്ചയായി നാലു തവണ എം.എൽ.എയായിരിക്കാനുള്ള ഭാഗ്യവും ചെർക്കളത്തിന് ലഭിച്ചു. ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. ഐക്യകേരള രൂപീകരണത്തിന് ശേഷം മഞ്ചേശ്വരത്തുണ്ടായ ഐക്യകണ്‌ഠേനയുള്ള വിജയം പിന്നീട് ഒരു മണ്ഡലത്തിലും ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ഒരു മണ്ഡലത്തിലാണ് ചെർക്കളം തുടർച്ചയായി നാലു തവണ വിജയിച്ചത്. മൂന്നു പതിറ്റാണ്ടിനുള്ളിൽ നാലു തവണ എം.എൽ.എയായും ഒരു തവണ മന്ത്രിയായും തുടരാൻ കഴിഞ്ഞത് മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് ഈ മണ്ണിൽ ജനങ്ങൾക്കുള്ള അംഗീകാരം തന്നെയായിരുന്നു.
വിട്ടുവീഴ്ചയില്ലാത്ത ശൈലിക്കുടമയായിരുന്നു ചെർക്കളം. സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകളിൽ ഉദ്യോഗസ്ഥരുടെ ഭരണമാണ് സാധാരണ എല്ലാ രാഷ്ട്രീയ പാർട്ടികളും ഭരിക്കുമ്പോൾ പ്രകടമാകുന്നത്. ഇതൊരു നടപ്പുശീലമാണ്. ആ ശീലത്തെ സ്വന്തം ഇച്ഛാശക്തി കൊണ്ട് മറികടക്കാൻ ചെർക്കളത്തിന് കഴിഞ്ഞു എന്നത് വലിയ സവിശേഷതയാണ്. സാമ്പ്രദായിക ശൈലികൾ തച്ചുടച്ചു കൊണ്ടാണ് വകുപ്പുകളെ അദ്ദേഹം ജനകീയമാക്കിയത്. മന്ത്രിയായിരുന്നപ്പോൾ ഉദ്യോഗസ്ഥർക്കു നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനും നടപ്പിൽ വരുത്താനും ചെർക്കളം ബദ്ധശ്രദ്ധ പുലർത്തിയിരുന്നു. മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് പൊതുസമൂഹത്തിനിടയിൽ സ്വീകാര്യത ഉണ്ടാക്കിയെടുക്കാൻ ചെർക്കളം നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. സി.എച്ച് മുഹമ്മദ് കോയയുടെയും മറ്റും ഒപ്പം പ്രവർത്തനം നടത്താൻ കഴിഞ്ഞത് വലിയ അനുഭവ സമ്പത്ത് തന്നെയായിരുന്നു.
ഗ്രാമീണ ജനതയുടെയും നഗരപ്രാന്ത പ്രദേശങ്ങളിൽ നിന്നുള്ളവരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹാരമുണ്ടാക്കാൻ ചെർക്കളം നടത്തിയ പ്രവർത്തനം വിലമതിക്കാനാവാത്തതാണ്. ചെർക്കളം മഞ്ചേശ്വരത്തെ പ്രതിനിധീകരിക്കാൻ തുടങ്ങിയ ശേഷമാണ് മണ്ഡലത്തിനുള്ള പ്രാതിനിധ്യം കാര്യമായി ലഭിച്ചുതുടങ്ങിയത്. വളരെ പിന്നോക്കം നിൽക്കുകയായിരുന്ന മഞ്ചേശ്വരം മണ്ഡലത്തെ പതുക്കെ ഉയർത്തിക്കൊണ്ടുവരാൻ ചെർക്കളത്തിന് കഴിഞ്ഞു. ചരിത്രത്തോട് ചേർത്തുവെക്കാവുന്ന ഒരുപാട് നല്ല ഓർമകൾ ബാക്കി വെച്ചാണ് ചെർക്കളം വിടവാങ്ങിയിരിക്കുന്നത്. കാലഘട്ടത്തിന്റെ ഒരു അറ്റത്തുനിന്നുള്ള വെളിച്ചമായും ശബ്ദമായും മാറാൻ ചെർക്കളത്തിനു കഴിഞ്ഞു. നാടിന്റെ ആജ്ഞാശക്തിയായി മണ്ഡലത്തിന്റെ സാന്നിധ്യം നിലനിർത്താൻ ചെർക്കളത്തിന്റെ പ്രയത്‌നത്തിലൂടെ കഴിഞ്ഞു.






