Sorry, you need to enable JavaScript to visit this website.

VIDEO: പുതിയ സാമ്പത്തിക ഇടനാഴി വാണിജ്യ വിനിമയം വര്‍ധിപ്പിക്കും- കിരീടാവകാശി

ജിദ്ദ - ലോകത്ത് ഊര്‍ജ സുരക്ഷ ഉറപ്പുവരുത്താനും വാണിജ്യ വിനിമയം വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും സഹായിക്കുംവിധം ഇന്ത്യക്കും മിഡില്‍ ഈസ്റ്റിനും യൂറോപ്പിനുമിടയില്‍ പുതിയ സാമ്പത്തിക ഇടനാഴി സ്ഥാപിക്കാന്‍ ധാരണാപത്രം ഒപ്പുവെച്ചതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ജി-20 ഉച്ചകോടിയില്‍ വെളിപ്പെടുത്തി. സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി വൈദ്യുതിയും ഹൈഡ്രജനും കയറ്റുമതി ചെയ്യാനുള്ള പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കും. പുതിയ സാമ്പത്തിക ഇടനാഴി ഇന്ത്യക്കും മിഡില്‍ ഈസ്റ്റിനും യൂറോപ്പിനുമിയില്‍ വാണിജ്യ വിനിമയം വര്‍ധിപ്പിക്കും. റെയില്‍വെ അടങ്ങിയ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാനും പദ്ധതിയില്‍ ഭാഗഭാക്കാകുന്ന രാജ്യങ്ങളുടെ ദീര്‍ഘകാല നേട്ടത്തിനും സാമ്പത്തിക ഇടനാഴി പദ്ധതി സഹായിക്കും. സാമ്പത്തിക പരസ്പരാശ്രിതത്വം ശക്തിപ്പെടുത്തുന്നതിലൂടെ നമ്മുടെ രാജ്യങ്ങളുടെ പൊതുതാല്‍പര്യങ്ങള്‍ കൈവരിക്കാന്‍ പദ്ധതി സഹായിക്കുമെന്ന് കിരീടാവകാശി പറഞ്ഞു.  

അതേസമയം, ഏഷ്യ, യൂറോപ്പ് വന്‍കരകളെ ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ തന്ത്രപരവും ഭൂമിശാസ്ത്രപരവുമായ സ്ഥാനം പ്രയോജനപ്പെടുത്തി ഭൂഖണ്ഡാന്തര ഹരിത ട്രാന്‍സിറ്റ് ഇടനാഴികള്‍ സ്ഥാപിക്കാന്‍ സഹായിക്കുന്ന പ്രോട്ടോകോള്‍ തയാറാക്കാന്‍ സൗദി അറേബ്യയും അമേരിക്കയും ധാരണാപത്രം ഒപ്പുവെച്ചു. കേബിളുകളും പൈപ്പ്‌ലൈനുകളും വഴി പുനരുപയോഗിക്കാവുന്ന വൈദ്യുതിയും ശുദ്ധമായ ഹൈഡ്രജനും നീക്കം ചെയ്യാനും റെയില്‍വെ ലൈനുകളുടെ നിര്‍മാണത്തിനും ഹരിത ട്രാന്‍സിറ്റ് ഇടനാഴി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഊര്‍ജ സുരക്ഷ വര്‍ധിപ്പിക്കാനും ക്ലീന്‍ എനര്‍ജി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനും, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വഴി ഡിജിറ്റല്‍ ഡാറ്റകളെ ബന്ധിപ്പിക്കുന്നതിലൂടെയും നീക്കം ചെയ്യുന്നതിലൂടെയും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കും വാണിജ്യ വിനിമയം വര്‍ധിപ്പിക്കാനും തുറമുഖങ്ങളെയും റെയില്‍പാതകളെയും ബന്ധിപ്പിക്കുന്നതിലൂടെ ചരക്ക് നീക്കം വര്‍ധിപ്പിക്കാനും പദ്ധതിയിലൂടെ ഉന്നമിടുന്നു. ഹരിത ട്രാന്‍സിറ്റ് ഇടനാഴികളുമായി ബന്ധപ്പെട്ട രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഈ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ ആവശ്യമായ ചര്‍ച്ചകളെ പിന്തുണക്കാനും സുഗമമാക്കാനും അമേരിക്ക വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യ പറഞ്ഞു.

കിരീടാവകാശിയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ സൗദി അറേബ്യ നിക്ഷേപ ഫോറം സംഘടിപ്പിക്കുമെന്ന് നിക്ഷേപ മന്ത്രാലയം പറഞ്ഞു. കെമിക്കല്‍സ്, ഊര്‍ജം, വ്യവസായം, ടെക്‌നോളജി അടക്കമുള്ള മേഖലകളിലെ പദ്ധതികള്‍ക്ക് ഫോറത്തില്‍ ഊന്നല്‍ നല്‍കും. സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രത്യേകം കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തും.
സൗദി എണ്ണ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ചൈനക്കു ശേഷം സൗദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയായിരുന്നു ഇന്ത്യ. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇറ്റലിയിലും ജപ്പാനിലും ബ്രസീലിലും ഫ്രാന്‍സിലും സംഘടിപ്പിച്ച ഇന്‍വെസ്റ്റ്‌മെന്റ് ഫോറങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഇന്ത്യയിലും സമാന ഫോറം സംഘടിപ്പിക്കുന്നതെന്ന് സൗദി നിക്ഷേപ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 

 

Latest News