ആന്ധ്രയില്‍ നിന്ന് പുറപ്പെട്ട ട്രെയ്ന്‍ ബോഗി യുപിയിലെത്തിയത് നാലു വര്‍ഷത്തിനു ശേഷം!

ഗൊരഖ്പൂര്‍- ആന്ധ്രാ പ്രദേശില്‍ നിന്ന് ചരക്കുമായി പുറപ്പെട്ട ചരക്കു വണ്ടിയിലെ ഒരു ബോഗി 1,326 കിലോമീറ്റര്‍ താണ്ടി ഉത്തര്‍ പ്രദേശിലെ ലക്ഷ്യസ്ഥാനത്തെത്തിയത് നാലു വര്‍ഷങ്ങള്‍ക്കു ശേഷം! വിശാഖപട്ടണത്തു നിന്ന് രാസവളവുമായി യുപിയിലെ ബസ്തിയിലേക്ക് ഈ ചരക്കു വണ്ടി പുറപ്പെട്ടത് 2014 നവംബര്‍ 10നായിരുന്നു. 42 മണിക്കൂറും 13 മിനിറ്റുമാണ് ഇത്രയും ദൂരം യാത്ര ചെയ്യാന്‍ എടുക്കുന്ന സമയം. എന്നാല്‍ റെയില്‍വെയുടെ കയ്യിലിരിപ്പു കൊണ്ട് നാലു വര്‍ഷത്തിനു ശേഷം ഈ ചരക്കു വണ്ടി ബുധനാഴ്ച വൈകുന്നേരം മൂന്നര മണിക്കാണ് യുപിയിലെ ബസ്തിയിലെത്തിയത്. ഇവിടുത്തെ വളം വ്യവസായി ആയ രാമചന്ദ്ര ഗുപ്തയാണ് വിശാഖപട്ടണത്തെ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡില്‍ നിന്നും ചരക്കുബോഗി ബുക്ക് ചെയ്തിരുന്നത്.

ചിലസമയങ്ങളില്‍ ബോഗിക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഇവ യാര്‍ഡിലേക്ക് തിരിച്ചയക്കാറുണ്ട്. ഈ കേസിലും ഇതു സംഭവിച്ചിട്ടുണ്ടാകാം എന്നാണ് നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ വിശദീകരണം. 14 ലക്ഷം രുപ വിലവരുന്ന രാസവളമായിരുന്നു ഈ ചരക്കു ബോഗിയിലുണ്ടായിരുന്നത്. ഇതു കമ്പനിക്കു വേണ്ടി തന്റെ പേരില്‍ ഓര്‍ഡര്‍ നല്‍കിയിരുന്നതായിരുന്നുവെന്നും കമ്പനിയും റെയില്‍വേയും തമ്മിലാണ് ഇടപാടെന്നുമാണ് ഗുപത പ്രതികരിച്ചത്. ബസ്തിയിലെ വിതരണക്കാര്‍ക്കു നല്‍കാനുള്ള ചരക്കായിരുന്നു ഇതെന്നും ഇതു വഹിച്ച ബോഗി എങ്ങനെയോ കാണാതാകുകയായിരുന്നുവെന്നും ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന്റെ ഗൊരഖ്പൂരിലെ അസിസ്റ്റന്റ് മാര്‍കറ്റിങ് മാനേജര്‍ ഡി.കെ സക്‌സേന പറഞ്ഞു. റെയില്‍വെയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചരക്ക് പരിശോധിച്ച ശേഷം സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News